Screenshot 20250705 135848 2

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദില്ലിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടർന്നു എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്.

 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കായി ആത്മാർത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി ശ്രമം തുടരുകയാണ് ജാമ്യാപേക്ഷ നൽകിയത് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് അതുകൊണ്ടാണ് തള്ളിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ല കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവെച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണ്ണമാക്കാനും മാത്രമാണ് ഉപകരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. കേന്ദ്രം കനിഞ്ഞാൽ മാത്രമേ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഘഢ് സർക്കാർ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും സഭയുടെ ആശങ്ക പരിഹരിക്കപ്പെടുന്നില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് അങ്കമാലിയില്‍ പ്രതിഷേധ സംഗമം നടക്കും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിലും ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും.

 

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും സൂചനയുണ്ട്.

 

മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ ജില്ലാകളക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യസന്ധമല്ലെന്നും സർക്കാരിന് ഇഷ്ടപെട്ട റിപ്പോർട്ടെഴുതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിലെ അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ല. സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും എടുക്കില്ലെന്നും അപകടത്തെ തേച്ച്മായ്ച്ച് കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ദാരുണമായ സംഭവങ്ങളുണ്ടാകുമ്പോൾ സർക്കാർ പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്ന പ്രാകൃത രീതിയാണ് അവലംബിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

 

 

വിവാദ ഫോൺ സംഭാഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ. എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് വിവാദമായിരുന്നത്. പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്നും ഇരുവർക്കുo ഇടയിലെ പ്രശ്നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചു എന്നും ജലീല്‍ പുറഞ്ഞു.

 

പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ലെന്നും, ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രമെന്ന സുരേന്ദ്രന്റെ പരാമർശം അപലപനീയമാണെന്ന് മന്ത്രി ശിവൻകുട്ടി. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക്, പ്രാതിനിധ്യം ഉറപ്പാക്കാൻ സംവരണം അത്യന്താപേക്ഷിതമാണ് അതിനെ “നാമധാരി” എന്ന് പറഞ്ഞ് തരംതാഴ്ത്തുന്നത് അവരുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.

 

പത്തനംതിട്ട സിപിഎമ്മിലെ സൈബർ പോര് രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ സനൽ കുമാറിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ് വന്നു. കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി എന്നാണ് സനലിൻ്റെ നിലപാട് എന്നാണ് വിമർശനം. ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെയാണ് വീണ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും തുടർച്ചയായി പോസ്റ്റുകൾ വരുന്നത്.

 

യുഡിഎഫിലേക്ക് പോകുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധം എന്ന് സുരേഷ് കുറുപ്പ് 1972 മുതൽ ഇന്നുവരെയും സിപിഎം അനുഭാവിയാണ് സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ല പാർട്ടി രാഷ്ട്രീയ ജീവിതത്തിന്‍റെ പ്രതിരൂപവും പതാകയും ആണ് രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല തെരഞ്ഞെടുപ്പുകളോ സ്ഥാനലബ്ധികളോ പ്രധാനം അല്ല സ്വന്തം രാഷ്ട്രീയമാണ് മുഖ്യമെന്ന്

അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

 

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്പെൻഡ് ചെയ്തു.മരണത്തിന് പിന്നാലെ പ്രഥാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെനറ് പിരിച്ചുവിട്ട് സ്കൂളിൻ്റെ ഭരണം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരതീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

 

 

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്. മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

റാപ്പർ വേടനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

 

തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയും ഐടി വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കൊച്ചി സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . എന്നാൽ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. ആദ്യ ഘട്ടത്തിൽ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നൽകി. വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി.

 

 

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ.

 

 

മലേഗാവ് സ്ഫോടന കേസില്‍ ഏഴു പ്രതികളെയും വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ള ഏഴ് പ്രതികളെയാണ് വെറുതെവിട്ടത്. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

 

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വീട്ടിലേക്കു പടർന്നു. മമ്പുറം മഖാമിന് മുൻവശം എ പി അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് അപകടം. വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രി 12.30 ഓടെയായിരുന്നു അപകടം. തീ വളരെ വേഗം വീടിന്‍റെ ജനലുകളിലേക്കും മുറിലേക്കും പടരുകയായിരുന്നു.വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായം ഒഴിവായി.

 

യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ൽ നിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്.

 

കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്ന് വിവരം. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 25% അധിക തീരുവ ചുമത്തിയ നടപടി പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി. മോദിയുടെ വിദേശ നയം രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, അമേരിക്കയുടെ നീക്കം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിക്കില്ലെന്ന് മുതിർന്ന നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

 

തനിക്കു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ആരോപണത്തെ നിയമപരമായി നേരിടാനാണ് തന്‍റെ തീരുമാനമെന്നും സൈബര്‍ ക്രൈം എന്ന രീതിയിലാണ് തന്‍റെ അഭിഭാഷകന്‍ കേസ് നീക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. തന്‍റെ പുതിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന സമയത്തുതന്നെ ഈ ആരോപണം വന്നതില്‍ സംശയമുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

 

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ഒഡീഷയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരത്തിലേറെ പേരെ മാറ്റിപ്പറപ്പിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളം പൊക്കം ബാധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

കുവൈത്തിൽ വാടക വീടുകളിൽ മദ്യനിർമ്മാണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിട ഉടമകളുടെ പേരും വിവരങ്ങളും, അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടറും മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *