മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. പിന്നാലെ അദ്ദേഹം കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിങ്ങൾ പ്രതിഷേധിച്ചോളു ഒരു കുഴപ്പവുമില്ല എന്നദ്ദേഹം പറഞ്ഞു. തുടർന്ന് പോലീസുകാർ പ്രതിഷേധിച്ചവരെ പിടികൂടിയെങ്കിലും എംഎൽഎയുടെ നിർദ്ദേശപ്രകാരം വിട്ടയച്ചു. സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോണ്‍ഗ്രസ് പുനഃസംഘടനയെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി . 47 അംഗ സ്റ്റിംയറിംഗ് കമ്മിറ്റിയില്‍ നിന്നാകും സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുക. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
അദാനി പിണങ്ങുമെന്ന് കരുതിയാണോ സർക്കാർ ചർച്ചക്ക് മുതിരാത്തതെന്ന് വി ഡി സതീശൻ .വിഴിഞ്ഞത്ത് ഒത്തുതീർപ്പ് ചർച്ചയില്ലാതെ മുന്നോട്ട് പോയാൽ സമരത്തിന്റെ രൂപം മാറുമെന്നും സതീശൻ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെന്നാരോപിച്ച് പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷം നടന്നിരുന്നു.
സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ എല്ലാ രാഷ്ട്രീയ പ്രമുഖർക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. അതിനാൽ ബാക്കി 14 പേർക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനെതിരേ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാൻ അടക്കം മൂന്ന് പേരെ ശിക്ഷിച്ച് റാംപൂർ കോടതി. മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്. 2019ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ശിക്ഷ. അപ്പീൽ നൽകാൻ ഒരു മാസം സമയം അനുവദിച്ചു.