നവകേരള സദസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റിൻ്റെ ഹർജി. ഹർജി പരിഗണിച്ച എറണാകുളം സിജെഎം കോടതി, സ്വമേഥയാ കേസെടുക്കണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന് നിർദേശിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിലാണ് നിർദേശം.
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്സ് സംയുക്ത സമിതി തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.സംഭവസമയത്ത് താൻ ബ്ലഡ് ബാങ്കിൽ ആയിരുന്നുവെന്നും അമ്മയെ കാണാനില്ലെന്ന് മകൾ പറഞ്ഞുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോര്‍ജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്നാണ്. ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടമാണിത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണം. ആരോഗ്യമന്ത്രി രാജിവെച്ചു ഇറങ്ങിപ്പോകണമെന്നും വിഡി സതീശൻ പറഞ്ഞു.
നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്. ആരോടാണ് പരാതി പറയണ്ടതെന്നും മക്കളെ പഠിപ്പിച്ചത് ബിന്ദുവാണെന്നും വിശ്രുതൻ. രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ജീവനോടെ കിട്ടിയേനെ എന്നും അദ്ദേഹം പറഞ്ഞു .
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് മന്ത്രി വീണ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി വിഎൻ വാസവൻ. പുതിയ കെട്ടിടത്തിൻ്റെ പണി അവസാന ഘട്ടത്തിലാണ്. ഓപറേഷൻ തിയറ്റർ സമുച്ചയം പൂർത്തിയാക്കാൻ ഉണ്ട്. അത് തീർന്ന മുറക്ക് അങ്ങോട്ട് മാറ്റാൻ ആണ് തീരുമാനിച്ചത്. അപകടം സംഭവിച്ച സമുച്ചയത്തിലെ മുഴുവൻ ആളുകളെയും പുതിയ ബ്ലോക്കിലേക്ക് മാറ്റാൻ തീരുമാനിച്ചു. അടച്ച കെട്ടിടം ആണെന്നാണ് ആശുപത്രിക്കാർ ധരിപ്പിച്ചതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ മരിച്ച ബിന്ദുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവിടെ നിന്ന് മാറ്റുന്നത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ബന്ധുക്കളെ അടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം. മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎ സർക്കാരിൻ്റെയും പൊലീസിൻ്റെയും നടപടിയെ ശക്തമായി വിമർശിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം ആംബുലൻസ് മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിൻ്റെ മൃതദേഹവുമായി പോയി.
കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ആയിരക്കണക്കിന് ആളുകൾ എത്തുന്ന മെഡിക്കൽ കോളേജിലാണ് അപകടം നടന്നിരിക്കുന്നത്. നിർഭാഗ്യകരമായ സംഭവമെന്നും വേണുഗോപാൽ പ്രതികരിച്ചു.
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളിൽ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി. 2016 മുതൽ കേന്ദ്ര ഫണ്ട് ബാധ്യത ആയിരിക്കുകയാണ്. 2021 മുതൽ കേന്ദ്ര ഫണ്ട് ലഭിക്കാൻ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. 6 കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തിൽ കിട്ടാൻ ഉള്ളതെന്നും ദില്ലിയിലെത്തിയ ചിഞ്ചുറാണി വ്യക്തമാക്കി.
ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ, ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലാതെയുള്ള പണപ്പിരിവുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും ബോർഡ് അറിയിച്ചു.
കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ജന പ്രതിനിധികളുമായും, കര്‍മ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. വൈദ്യുതി ടവര്‍ നിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും, ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നല്‍കാനാണ് തീരുമാനം.
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂലൈ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം ജില്ലയിലെ മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെയുള്ള ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വെടിക്കുന്ന് പ്രദേശം സംരക്ഷിക്കുന്നതിനായി 9.8 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു.പുലിമുട്ടുകൾ സ്ഥാപിക്കുന്നതിലൂടെ, വെടിക്കുന്ന് പ്രദേശം അഭിമുഖീകരിക്കുന്ന കഠിനമായ കടലാക്രമണത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
രാജ്ഭവനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിപിയെ ഗവർണർ അതൃപ്തി അറിയിച്ചെന്ന വാർത്ത വന്നത് രാജ്ഭവനിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നാണ്. ഇത് ശരിയോ എന്ന് പരിശോധിക്കണം . കോട്ടയത്തെ അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഗവർണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെയാണ്. അത്കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. എത്ര ഉന്നതൻ ആയാലും നടപടി ക്രമം പാലിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സംഭവം. നാട്ടുകൽ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കൽ വീട്ടിൽ ഷിഹാബുദ്ദീനെയാണ് നാല് വർഷം കഠിന തടവും ഒപ്പം 25000 രൂപ പിഴയടക്കാനുമാണ് . മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.2016 ലാണ് സംഭവം നടന്നത്.
വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ കോഴിക്കോട് പിടിയിൽ. ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് (27) ആണ് കോഴിക്കോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഡിസ്കൗണ്ട് റേറ്റിൽ ഷെയർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ആർഎസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോഗം. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മറാത്തി സംസാരിക്കാത്തതിൻ്റെ പേരിൽ ഒരു ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ ന്യായീകരണവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) പ്രവർത്തകൻ. തന്റെ മാതൃഭാഷയ്ക്ക് വേണ്ടി വേണ്ടി ജയിലിൽ പോകാനും താൻ തയ്യാറാണെന്നായിരുന്നു ഇയാളുടെ പ്രതികരണം. അതേസമയം, ബാബുലാൽ ഖിംജി ചൗധരി എന്ന 48കാരനായ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ തൊഴിലാളി യൂണിയനുകൾ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
ഉത്തരേന്ത്യയിൽ ദുരിത പെയ്ത്ത് തുടരുന്നു. ഹിമാചൽ പ്രദേശിൽ ഇതുവരെ മരിച്ചത് 51 പേരാണ്. 22 പേരെ കാണാതായി. 12 ജില്ലകളിലാണ് മഴക്കെടുതി കനത്ത നാശം വിതച്ചത്. മണ്ഡിയിൽ മാത്രം മരിച്ചത് 12 പേരാണ്. ഇരുന്നൂറിലധികം വീടുകൾ തകർന്നു. നൂറിലധികം പേർ പരിക്കേറ്റു ചികിത്സയിലാണ്. 283 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക വിവരം.
കര്‍ണാടകയിലെ ബെളഗാവിയിലെ കോണ്‍ഗ്രസ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകന്റെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ പൊതുവേദിയിൽ വെച്ച് അടിക്കാനോങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ അഡീഷണൽ എസ്പി നാരായണ ബരാമണി രാജിവെ വെച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് പ്രകോപിതനായത്.നന്ദിഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് ഐപിഎസ് ഓഫീസര്‍ രാജിവെച്ച സംഭവത്തിലാണ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചത്.
ഭോപ്പാലിൽ എട്ട് കിലോമീറ്റർ ദൂരം 40 മണിക്കൂറോളം നീണ്ട ഗതാഗത കുരുക്കിനെക്കുറിച്ച് കോടതിയിൽ വാദം കേൾക്കുന്നതിനിടെ നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകന് നോട്ടീസ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. അഭിഭാഷകൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും എൻഎച്ച്എഐയുടെ നിലപാടല്ലെന്നുമാണ് വിമർശനം കടുത്തതോടെയുള്ള വിശദീകരണം.
13 വർഷത്തെ സർവീസിന് ശേഷം ഐപിഎസ് ഓഫീസർ സിദ്ധാർത്ഥ് കൗശൽ രാജിവച്ചു. ആന്ധ്ര പ്രദേശിൽ ക്രമസമാധാന ചുമതലയിൽ ഇരിക്കെയാണ് സ്വയം വിരമിച്ചത്. വ്യക്തിപരമായ തീരുമാനം എന്നാണ് രാജിയെ കുറിച്ചുള്ള സിദ്ധാർത്ഥ് കൗശലിന്റെ വിശദീകരണം.
ഇന്ത്യൻ കരസേനയ്ക്ക് കരുത്തായി അമേരിക്കയുടെ സ്വന്തം അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകൾ എത്തുന്നു. കരസേനയ്ക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം എത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറ് അപ്പാച്ചെ എ എച്ച് – 64 ഇ യുദ്ധ ഹെലികോപ്റ്ററുകളാണ് ഉടൻ തന്നെ ഇന്ത്യൻ കരസേനയുടെ പ്രഹര ശേഷി വർധിപ്പിക്കാൻ എത്തുക.
പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് അമേരിക്കയിൽ. പ്രതിരോധ മേഖലയിൽ അമേരിക്കയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു വാഷിങ്ടണിലെത്തി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.
യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഘാന പ്രസിഡന്റ് ജോൺ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകിയും രാജ്യം മോദിയെ ആദരിച്ചു. ഇതോടെ പ്രധാനമന്ത്രിക്ക് ലഭിച്ച അന്താരാഷ്ട്ര അവാർഡുകളുടെ എണ്ണം 24 എണ്ണമായി.
ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കർബർഗിനെ ട്രംപ് ഓഫീസിഷ നിന്നും പുറത്ത് പോകാൻ നിർദ്ദേശിച്ചതെന്നാണ് വാർത്തകൾ.