ബോളിവുഡിന്റെ കയ്യടി നേടാന്‍ വീണ്ടും പൃഥ്വിരാജ്. കാജോളും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘സര്‍സമീനി’ന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്ത് വിട്ടു. പൃഥ്വിയുടേയും കാജോളിന്റേയും ക്യാരക്ടറുകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. ഒപ്പം ചിത്രത്തില്‍ വില്ലനായി എത്തുന്ന ഇബ്രാഹിം അലി ഖാന്റെ ലുക്കും വീഡിയോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം നാദാനിയാന്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് അനൗണ്‍സ് വീഡിയോ നല്‍കുന്ന സൂചന. കാജോള്‍ പൃഥ്വിരാജിന്റെ നായികയായിട്ടാകാം അഭിനയിക്കുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്. ‘ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല’ എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ജൂലൈ 25 നാണ് സിനിമ തിയറ്ററിലേക്ക് എത്തുക.