ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിൽ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പായിരുന്നു അത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി.ഡി.എന്‍.എ) നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വളരെ പിന്നീട്, 2025 മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan