ഡല്‍ഹിയില്‍ നേപ്പാള്‍ സ്വദേശിനിയായ ബുദ്ധസന്യാസിനി ചമഞ്ഞ ചൈനീസ് യുവതി വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റിലായി. ചാരവനിതയാണെന്നാണു റിപ്പോര്‍ട്ട്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ നടത്തുന്ന ജഡ്ജിയോടു മിണ്ടരുതെന്നു പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭര്‍ത്താവിനെതിരായ ആരോപണത്തിനു ജഡ്ജിയെ സംശയിക്കാനാവില്ല. ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
ഡോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഉത്തരവ്. നിയമനത്തിനെതിരേ സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചുമതലയേല്‍ക്കും. അന്നു വൈകിട്ട് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടര്‍ന്ന് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നു സംവിധായികയ്ക്കെതിരേ ആരോപണവുമായി യുവാവ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് പരാതിയുമായി രംഗത്തുവന്നത്. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കടലില്‍ നിര്‍ത്താതെ പോയ ബോട്ടിലെ മത്സ്യത്തൊഴിലാളിക്കു നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികള്‍ നിര്‍ത്തിയില്ല. തുടര്‍ന്നാണു നാവികസേനാംഗങ്ങള്‍ വെടിവച്ചത്. മയിലാടുതുറയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു.
തിരുവനന്തപുരത്ത് ഗുണ്ടാ കുടിപ്പക കൊലപാതകം. തമിഴ്നാട്ടിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വലിയതുറ പൊലീസാണ് പ്രതികളെ പിടികൂടിയത്.
കേരള സര്‍വകലാശാലാ സെനറ്റില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം