ടുഗെതര്‍നെസ്സ്
ബെല്‍ അമി | അദ്ധ്യായം 23 | രാജന്‍ തുവ്വാര

ജനീവയിലെ അത്ര പ്രശസ്തമല്ലാത്ത ഒരു ആര്‍ട്ട് സ്‌കൂളില്‍ ഡെമോണ്‍സ്‌ട്രേറ്ററായി ചാരുമതിക്ക് ജോലി ലഭിക്കുമെന്ന് ജൂഡിത്തിന്റെ മമ്മ അവളെ അറിയിച്ചു. വിസ ഫോര്‍മാലിറ്റിക്ക് പത്തു ദിവസമെങ്കിലും വേണം. അതിനുമുന്‍പ് ഒരു തവണ ചാരുമതി ബംഗളൂരിലെ സ്വിസ് കോണ്‍സുലേറ്റില്‍ പോയി അവിടത്തെ ഒരു ഉദ്യോഗസ്ഥയുമായി അഭിമുഖം നടത്തി. ചാരുമതിയുടെ തൊഴില്‍പരവും വ്യക്തിപരവുമായ റിപ്പോര്‍ട്ട് അവര്‍ നല്കിക്കഴിഞ്ഞാല്‍ അതും പാസ്‌പോര്‍ട്ടിലെ വിവരങ്ങളും ചേര്‍ത്താണ് അവര്‍ വിസ അനുവദിക്കുക.
ചാരുമതിക്ക് വിസ അനുവദിച്ചുകൊണ്ട് അറിയിപ്പ് വന്നപ്പോള്‍ ഞാന്‍ ആ വിവരം മധുമതിയെ അറിയിച്ചു. പിറ്റേന്ന് ഉച്ചക്ക് അവള്‍ ബാംഗ്‌ളൂരിലെത്തി. ചാരുമതിയുടെ യാത്രക്കാവശ്യമായ പണം അവള്‍ കൊണ്ടുവന്നിരുന്നു.
‘ഈ ചെലവ് മുഴുവനും ഞാന്‍ വഹിക്കണമെന്ന് മമ്മ എന്നോട് പറഞ്ഞിട്ടുണ്ട്…’
ജൂഡിത്ത് മധുമതിയോട് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സൂചനനല്‍കി.
‘വി ആര്‍ സപ്പോസ്ഡ് ടു ലിവ് ടുഗതര്‍.’
മധുമതിയുടെ മുഖത്ത് അസ്വാഭാവികമായ ഒരു വാര്‍ത്ത കേട്ടതുപോലെ അന്ധാളിപ്പ് പ്രത്യക്ഷപ്പെട്ടു.
ജൂഡിത്ത് മധുമതിയുടെ ചുമലില്‍ കൈ വെച്ചു. മധുമതിയുടെ കവിളില്‍ ചുംബിച്ചുകൊണ്ട് അവള്‍ തേങ്ങല്‍ നുരയുന്ന സ്വരത്തില്‍ പറഞ്ഞു:
‘അവളില്ലാതെ എനിക്കിനി ജീവിക്കാനാവില്ല. ശരീരംകൊണ്ടുള്ള അനിവാര്യതയല്ലിത്. മരണം പോലെ സത്യസന്ധമായ പ്രണയമാണ് ‘മാ’
അവള്‍ ഒരിക്കല്‍ കൂടി മധുമതിയുടെ കവിളില്‍ ചുംബിച്ചു
‘നിങ്ങള്‍ എനിക്ക് എന്റെ മമ്മയെപ്പോലെയാണ്. എപ്പോള്‍ വേണമെങ്കിലും ആന്റിക്ക് ജെനീവക്ക് വരാം. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ ബെല്‍ അമിയിലേക്ക് വരാമല്ലോ.’
മധുമതി അതിനോട് പ്രതികരിക്കുവാന്‍ വിമുഖത കാണിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ അവളെ ആശ്വസിപ്പിക്കാനോ സാന്ത്വനിപ്പിക്കാനോ പോയില്ല. എന്റെ എഴുത്തുമുറിയില്‍ നിന്ന് ഞാന്‍ കുറേനേരത്തേക്ക് പുറത്തുവന്നില്ല.
പോര്‍ട്ടലിന്റെ ജോലികള്‍ മൂന്നു ദിവസമായി കുടിശ്ശികയിലാണ്. അതിന്റെ ജോലികള്‍ ഇന്ന് രാത്രിയോടെ ചെയ്തുതീര്‍ക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇറ്റാലിയന്‍ നിയൊ റിയലിസ്റ്റ് സംവിധായകരായ വിറ്റോറിയോ ഡിസീക്ക,റോബര്‍ട്ടോ റോസെല്ലിനി എന്നിവരുടെ ചിത്രങ്ങളിലെ സെമിയോട്ടിക്‌സ് പഠനവിധേയമാക്കുന്ന ഒരു നെടുങ്കന്‍ ലേഖനം എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ മണിക്ക് ടണ്ഠന്‍ അയച്ചു തന്നിരുന്നു. അത് പരിശോധിക്കുന്ന സമയത്താണ് മധുമതി എന്റെ മുറിയിലേക്ക് കടന്നുവന്നത്. എന്തോ ഗൗരവതരമായ കാര്യം പറയാനാണ് വന്നിരിക്കുന്നതെന്ന് അവളുടെ മുഖംകണ്ടപ്പോള്‍ എനിക്ക് തോന്നി.
അവള്‍ ഒന്നും മിണ്ടാതെ അനിശ്ചിതമായി നിന്നപ്പോള്‍ ഞാന്‍ ഇടപെട്ടു.
‘നീയെന്താ പറയാന്‍ വന്നത്?’
എന്റെ ചോദ്യത്തിന് മറുപടി തരാതെ അവള്‍ പുറത്തേക്ക് നോക്കി ക്കൊണ്ട് നിന്നു.
‘പറയാന്‍ ഉള്ളത് തുറന്നു പറ. മനസ്സില്‍ വെച്ച് പെരുപ്പിച്ച് ബ്ലഡ്പ്രഷര്‍ കൂട്ടുന്നതെന്തിനാണ്?’
‘എന്നോട് എല്ലാം മറച്ചുവെച്ചുവല്ലേ?’
അവളുടെയുള്ളിലെ പ്രതിഷേധവും പരിഭവവും മറ നീക്കി.
‘ആര്?’
‘നീ തന്നെ.’
എന്റെ കണ്ണുകളിലെ രോഷം അവള്‍ കണ്ടുവെന്ന് അവള്‍ക്കുണ്ടായ ഭാവമാറ്റത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.
‘നീ പഴയ കാര്യങ്ങള്‍ വേഗം മറക്കാന്‍ കഴിവുള്ളവളാണ്.’
അവള്‍ പുറത്തെ തൊടിയിലേക്ക് നോക്കിക്കൊണ്ടുനിന്നു.
‘നിന്റെ ബന്ധങ്ങളെക്കുറിച്ച് നിനക്കോര്‍മ്മ ഉണ്ടായിരിക്കട്ടെ.’
അവള്‍ നിയന്ത്രണം വിട്ടുപോകുമോ എന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു:
‘ഇവിടെ നടന്ന പല സംഭവങ്ങളും ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ല. നിന്റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചതടക്കം.’
ഞാന്‍ അവളുടെ മുഖത്ത് നോക്കാതെ തുടര്‍ന്നു.
‘നിന്നെയോര്‍ത്ത് മാത്രമാണ് ഞാന്‍ അവളുടെ ഓരോ കാര്യങ്ങളിലും ഇടപെട്ടത്. അവള്‍ക്കിവിടെ താമസിക്കുവാനും ചിത്രമെഴുതാനുമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് ചാരുമതിനിന്റെ മകളാ യതുകൊണ്ടാണ്. നീ ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിച്ചവളാണെന്ന സത്യം മറക്കരുത്.
ഞാന്‍ അവളെ നോക്കി. അവളുടെ മുഖത്തെ ചേതന ഒഴുകിപ്പോയതുപോലെ എനിക്ക് തോന്നി.
അമ്മക്ക് സ്വാതന്ത്ര്യമാകാം, മകള്‍ സ്വാതന്ത്ര്യമെടുത്താല്‍ അത് മാതൃനിഷേധം. അവള്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. അവര്‍ക്കിഷ്ടമുള്ള ഒരു മനുഷ്യനൊപ്പം, കൂട്ടുകാരിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചു. അവര്‍ എവിടെയെങ്കിലും പോയി ജീവിക്കട്ടെ.’
എന്റെ വാക്കുകള്‍ നോവിക്കുന്ന ശരങ്ങളായെന്ന് അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ സൂചിപ്പിച്ചു.
‘എല്ലാവര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്ന ജീവിതം കിട്ടട്ടെ എന്നാഗ്രഹിച്ചാല്‍ ഈ മനഃക്ലേശം അവസാനിക്കും.’
അവള്‍ അതിനൊന്നിനും മറുപടിപറഞ്ഞില്ല. എന്റെ സംസാരം ഗിരിപ്രഭാഷണം പോലെ ഏകപക്ഷീയമായിപ്പോകുന്നതായി എനിക്ക് തോന്നി.
‘പ്രതികരണമില്ലാത്ത സംഭാഷണത്തിന് എനിക്ക് താല്പര്യമില്ല.’
അത് അവളുടെ മനസ്സില്‍ കൊണ്ടുകാണണം. എന്റെ തൊട്ടപ്പുറത്തുള്ള കസേരയിലിരുന്ന് അവള്‍ മേശപ്പുറത്തേക്ക് മുഖം കമഴ്ത്തി.
ഞാന്‍ വീണ്ടും മോണിറ്ററിലേക്ക് തിരിഞ്ഞു. സ്വന്തം മകളുടെ കാര്യം വരുമ്പോള്‍ മിക്ക അമ്മമാര്‍ക്കും ബൊഹീമിയന്‍ രീതികള്‍ അംഗീകരിക്കാനാവില്ല. മധുമതിയെപ്പോലെ ഉത്പതിഷ്ണുവായ ഒരു ജീനിയസ് ഇവ്വിധം മാറുന്നുവെന്നത് അത്ഭുതം തന്നെ. തന്റെ കൗമാരവും യൗവ്വനവും സ്വന്തം ഇഷ്ടത്തിനപ്പുറത്തേക്ക് പോകരുതെന്ന് ശാഠ്യം പിടിച്ചിരുന്നവളാണ് മധുമതി.
അല്പം കഴിഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റ് എന്റെ പിന്നില്‍ വന്നു നിന്നു. ഞാന്‍ മോണിറ്ററില്‍ നിന്ന് മുഖംതിരിച്ച് തന്നെ സാന്ത്വനിപ്പിക്കുമെന്ന് അവള്‍ ആഗ്രഹിക്കുന്നതുപോലെ എനിക്ക് തോന്നി.
ഞാന്‍ എഴുന്നേറ്റുനിന്നുകൊണ്ട് അവളെ നോക്കി.
‘വിജയ് എനിക്ക് ജീവിതത്തില്‍ ആകെയുള്ള ഒരു ആശ്വാസമാണവള്‍. അവള്‍ കൂടി പോയാല്‍…’
‘അവളെന്നും നിന്റെ കൂടെയുണ്ടാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇല്ല. അത് നിനക്ക് ബോധ്യമുണ്ട്. എനിക്ക് അങ്ങനെ ആശ്വസിക്കാന്‍ ഒരു പേര് പോലുമില്ല.’
അവളുടെ സഹതാപാര്‍ദ്രമായ കണ്ണുകള്‍ എന്നെ നോക്കി.
‘എനിക്കതില്‍ ഒട്ടും വിഷമമില്ല. ഇനി കുടുംബം കുട്ടികള്‍ എന്നിവയില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നില്ല. ഏതെങ്കിലും ജെറിയാട്രിയില്‍ കിടന്ന് ഞാന്‍ അവസാനിക്കും.’
അതുകേട്ടതോടെ അവളുടെ മുഖം കൂടുതല്‍ മ്ലാനാവൃതമായി. നിശ്ശബ്ദയായി അവള്‍ എന്നെനോക്കിക്കൊണ്ടിരുന്നു.
‘വിജയ് ഒരു കാര്യം ചോദിച്ചാല്‍ നീ എന്നോട് വിരോധം പറയുമോ?’
ഈറനണിഞ്ഞ ശബ്ദത്തില്‍ അവള്‍ ചോദിച്ചു.
‘വിരോധമുണ്ടെങ്കില്‍ വിരോധം പറയും.’
അവളുടെ മുഖം വീണ്ടും മ്ലാനമായി.
‘മുഖം കറുപ്പിക്കാതെ നീ കാര്യം പറ.’
കുറച്ചുനേരം നിശ്ശബ്ദയായിരുന്നശേഷം ഓരോ വാക്കും സൂക്ഷിച്ചെടുത്ത് നിരത്തുന്നമട്ടില്‍ അവള്‍ പറഞ്ഞു:
‘എനിക്ക് മുന്‍പെങ്ങുമില്ലാത്ത ഭയം തോന്നുന്നു.’
അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ സൂചനകള്‍.
‘അങ്ങിനെ ഭയക്കാനുള്ള കാരണം?
‘അറിയില്ല. ഈയിടെയായി പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലേക്ക് കടന്നു വരുന്നു. സ്വപ്നങ്ങളില്‍ ഇപ്പോള്‍ കൂടുതലും എന്റെ അച്ഛനും അമ്മയും പ്രത്യക്ഷപ്പെടുന്നു. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ…’
അവളുടെ കണ്ണുകളുടെ തിളക്കം മാഞ്ഞിരിക്കുന്നു. കണ്ണടക്കുള്ളില്‍ നിര്‍ജീവമായ കണ്ണിണകള്‍.
ചിത്രമെഴുത്തിലേക്ക് മടങ്ങിപ്പോയാല്‍ മനസ്സിന്റെ നിയന്ത്രണം അവള്‍ക്ക് തിരിച്ചു ലഭിച്ചേക്കാമെന്ന് എനിക്ക് തോന്നി. എത്രയോ കാലമായി അവള്‍ പെയിന്റിങ്ങില്‍ നിന്ന് മാറി നില്‍ക്കുന്നു.
അവള്‍ എന്നെ നോക്കുന്നത് ഞാന്‍ എന്തെങ്കിലും പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയോടെയാണെന്ന് എനിക്ക് തോന്നി.
‘നിനക്കെന്തുകൊണ്ട് ചിത്രമെഴുത്തിലേക്ക് മടങ്ങിക്കൂടാ?’
അവളതിന് മറുപടി പറഞ്ഞില്ല.
‘നീ കുറച്ചു ദിവസംകൂടി ലീവെടുത്ത് ഇവിടെ താമസിച്ചുകൊണ്ട് വിശ്രമമില്ലാതെ വര്‍ക്ക് ചെയ്യ്. എന്നിട്ട് ഇവിടെ ബാംഗ്ലൂരില്‍ നമുക്കൊരു എക്‌സിബിഷന്‍ നടത്താം. അതിനുമുന്‍പ് നിന്റെ ഒരിന്റര്‍വ്യൂ വിനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യാം.. തിരിച്ചു വരവ് സൂചിപ്പിക്കുന്ന അഭിമുഖം…
മധുമതിയുടെ പ്രതികരണത്തിന് കാതോര്‍ക്കാതെ ഞാന്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് എന്റെ കണ്ണുകള്‍ തിരിച്ചു വെച്ചു.

(തുടരും)
Copy Right Reserved

ബെല്‍ അമി | അദ്ധ്യായം 24

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *