ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന് എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ നടപടിയുണ്ടാകും. ജാമ്യം കിട്ടിയതിനെ തുടർന്ന് എം എൽ എ ഓഫീസിൽ ലഡു വിതരണം ചെയ്തതിനെയും അദ്ദേഹം പരിഹസിച്ചു. അന്തിമ വിധി കഴിഞ്ഞിട്ട് മതി ലഡ്ഡു വിതരണം എന്നദ്ദേഹം ഓർമ്മിപ്പിച്ചു .
മല്ലികാർജ്ജുൻ ഖാർഗെ ഈ മാസം 26 ന് (അടുത്ത ബുധനാഴ്ച) രാവിലെ പത്തരയ്ക്ക് കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേൽക്കും. അന്ന് വൈകിട്ട് നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചയാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി. തുടർന്ന് പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളും നടക്കും.
ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ജാമ്യം കിട്ടിയതിനാലാണ് വീട്ടിലെത്തിയത്. ഉപാധികൾ പ്രകാരം നാളെ തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. പാര്‍ട്ടിക്ക് വിശദീകരണം നല്കി,കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ഫോണിൽ സംസാരിച്ചു. ഫോണില്‍ കിട്ടിയില്ല എന്നതിനർത്ഥം ഒളിവിലായിരുന്നു എന്നല്ല, കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കീലുമായി സംസാരിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തക്ക് പരോക്ഷ വിമര്‍ശനവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേര്‍ന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സമസ്തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖര്‍ പങ്കെടുത്ത സി ഐ സിയുടെ സനദ് ദാന സമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞത് .
സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.
ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലറായി ഡോ. രാജശ്രീ എം എസിനെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി.നിയമനം റദ്ദാക്കി.നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഡോ. രാജശ്രീ പറഞ്ഞു.
ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ താടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
ദില്ലിയിൽ നേപ്പാൾ സ്വദേശിയാണെന്ന വ്യാജ പാസ്പോർട്ടുമായി ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരപ്രവർത്തനം നടത്തിയ യുവതിയാണെന്ന് റിപ്പോർട്ടുകൾ . മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ പിടികൂടിയത് ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിൽ നിന്നായിരുന്നു. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ചൈന സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.