നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചു. ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾ ഫുട്‌ബോൾ കളിക്കുശേഷം മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദുകൃഷ്‌ണൻ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് വിവരം.

നിലമ്പൂരിൽ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്.

മലപ്പുറം വഴിക്കടവിൽ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് കെ അലവിക്കാണ് അന്വേഷണ ചുമതല. അതോടൊപ്പം മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നു. ഷോക്കേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിൽ ഷോക്കേറ്റ് പൊള്ളിയ പാടുകളുണ്ട് നേരിട്ട് കമ്പി വയറിൽ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു. സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

നിലമ്പൂർ അപകടം ബോധപൂർവം ചെയ്തതാണോ എന്ന് സം‌ശയിക്കുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എകെ ശശീന്ദ്രൻ ആരോപിച്ചു. സംഭവം നിലമ്പൂരിൽ അറിയുന്നതിന് മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും വനംമന്ത്രി ചോദിച്ചു.

വനം മന്ത്രി എകെ ശശീന്ദ്രൻ ഉന്നയിച്ച ഗൂഢാലോചന ആരോപണത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കിട്ടിയല്ലോ, ഇനി പ്രതിയുടെ ഫോൺ കോളടക്കം പരിശോധിച്ച് ഗൂഢാലോചനയിൽ വ്യക്തത വരുത്തണമെന്നും ഒന്നും കിട്ടാതിരിക്കുമ്പോൾ വീണുകിട്ടിയ അവസരം പോലെ ഈ സംഭവത്തെ ഉപയോഗിക്കുകയാണ് പ്രതിപക്ഷം അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കേസ്സിലെ പ്രതി ബിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരിലുണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം സംഭവങ്ങളിൽ നിഷ്‌ക്രിയമായി ഇരിക്കുന്ന വനം മന്ത്രി ഗൂഢാലോചന ആലോചിക്കുകയാണ് വൃത്തികെട്ട ആരോപണമാണിതെന്നും അതിനു കുടപിടിക്കുകയാണ് എം വി ഗോവിന്ദനെന്നും, വനം മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വഴിക്കടവില്‍ കാട്ടുപന്നിക്കുവെച്ച വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ റിമാന്‍ഡ് ചെയ്തത്.

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് ആവില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ് ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നതു കണ്ടപ്പോള്‍ ലജ്ജയും അപമാനവുമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിൻ്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാർ ചില വ്യക്തികളാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല കുറ്റം ചെയ്തവർ ശിക്ഷിക്കപെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

മലപ്പുറത്തെ സംഭവത്തെ തെരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി മനുഷ്യ സംഘർഷമല്ല നടന്നതെന്നും പി വി അൻവർ. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്നും സർക്കാർ സ്പോൺസേർഡ‍് കൊലപാതകമെന്ന ആര്യാടൻ ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്നും ഷൗക്കത്ത് മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.

ഭാരതാംബ വിവാദത്തിൽ ഗവർണ്ണറോടുള്ള സമീപനത്തിൽ സിപിഎമ്മിനും സിപിഐക്കുമിടയിലെ ഭിന്നത കൂടുതൽ ശക്തമായതായി റിപ്പോർട്. ദേശീയ പതാകഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടതിലാണ് സിപിഎമ്മിന് അതൃപ്തി.ഭാരത് മാതാ വിളിയിൽ സംവാദം വേണമെങ്കിൽ പിന്നീട് ആകാമെന്നും ഇപ്പോൾ അതിനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

 

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ വിവാദം തള്ളി ഗവർണ്ണർ. ഭാരതമാതാവ് എല്ലാറ്റിലും മുകളിലാണെന്നും ചർച്ചവേണ്ടെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.സിപിഐയുടെ പ്രതിഷേധത്തെ കുത്തിയാണ് ഭാരത് മാതാവിനെ ഇതുവരെ ഓർക്കാത്തവർ ഇപ്പോൾ ജയ് വിളിക്കുന്നതെന്നും ഗവര്‍ണറുടെ പരിഹാസം.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് മേധാവികളുമായി നാളെ രാവിലെ ചർച്ച നടത്തും. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെയാണ് യോഗം.

സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ മദ്യവ്യാപനം മുഖ്യ കർമ പദ്ധതിയാക്കി ഐടി മേഖലയിൽ പോലും മദ്യവിൽപനയ്ക്കുള്ള അവസരമൊരുക്കുന്നു മദ്യ, മയക്കുമരുന്ന് സംഘങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു കൂടാതെ പിഎസ്‌സിയെ സർക്കാർ നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകള്‍ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.

ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

പൂജപ്പുരയില്‍ വനിത ശിശു വകുപ്പ് കോംപ്ലക്‌സിനകത്ത് നിര്‍മ്മിച്ച പുതിയ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

വയനാട് തൊണ്ടർനാട് ചീപ്പാട് ബിവറേജസിലെ മോഷണ കേസിൽ വഴിത്തിരിവ്. മോഷണം നടന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ കടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ജനുവരിയിൽ ഉണ്ടായ സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ ബെവ്കോ സസ്പെൻഡ് ചെയ്തു. നാല് മദ്യക്കുപ്പികളാണ് മോഷണം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ 80 മദ്യക്കുപ്പികൾ മോഷണം പോയെന്ന് രേഖകൾ ഉണ്ടാക്കി ഉദ്യോഗസ്ഥർ കുപ്പികൾ കടത്തുകയായിരുന്നു.

രാജ്യത്ത് 6000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 378 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 6133 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു, ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്.

ഇടുക്കിയിൽ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പമുണ്ടായിരുന്ന നായയെയും മയക്കുവെടിവെച്ച് പുറത്തെത്തിച്ചു. ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ ആണ് വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടിയത്. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

കിറ്റക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്ന് മന്ത്രി പരിഹസിച്ചു. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്നാണെന്ന് ഓർക്കണമെന്നും മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വ്യവസായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും കിറ്റക്സ് എംഡി സാബു ജേക്കബ്. സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.

സമീപകാലത്ത് നടന്ന മുഴുവന്‍ ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും പുറത്ത് വിടണമെന്ന് രാഹുല്‍ ഗാന്ധി. എന്നാൽ ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്‍റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു. അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷായുടെ താക്കീത്. എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ നീങ്ങിയാൽ അതിനെ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കുമെന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

 

തമിഴ്നാട്ടിൽ അടുത്ത വർഷം ബിജെപി -എഐഎഡിഎംകെ സർക്കാർ വരുമെന്ന് അമിത് ഷാ പറഞ്ഞു.താൻ താമസിക്കുന്നത് ദില്ലിയിൽ എങ്കിലും ചെവി തമിഴ്നാട്ടിലാണ്.അമിത് ഷായ്ക്ക് തന്നെ തോൽപിക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞത് ശരിയാണ്.തമിഴ്നാട്ടിലെ ജനങ്ങൾ ആണ്‌ സ്റ്റാലിനെ തോൽപിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തീവ്ര മെയ്തെയ് സംഘടനയായ ആരാംബായ് തെങ്കോൽ നേതാവിനെ അറസ്റ്റ് ചെയ്ത് സിബിഐ. ആരംബായ് തെങ്കോൽ നേതാവ് കനൻ സിങാണ് അറസ്റ്റിലായത്. മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായ കനൻ സിങിനെ അറസ്റ്റ് ചെയ്തതായി സിബിഐ സ്ഥിരീകരിച്ചു.

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവച്ച് ഫെഡറൽ കോടതി. വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു.

 

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി നിർത്തിവച്ച് ഫെഡറൽ കോടതി. വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്.

 

കര്‍ണാടകയിലെ മുന്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *