yt cover 18

https://dailynewslive.in/ വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ഇന്നലെ നൂറ് ദിവസം പിന്നിട്ടിരുന്നു. സര്‍ക്കാറിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് നൂറു പന്തങ്ങള്‍ കൊളുത്തി ആശാവര്‍ക്കര്‍മാര്‍ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. അതേസമയം ആശമാരുടെ ധര്‍മ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടേയും 9 വര്‍ഷമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം വികസനമാണെന്നും വെള്ളിയാഴ്ച സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

https://dailynewslive.in/ അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത – കഴിഞ്ഞ നാലു വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ദേശീയപാതകളിലെ തകര്‍ച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പാതാ അതോറിറ്റിയുമായി ആലോചിച്ച് നിര്‍മ്മാണത്തില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിര്‍മ്മാണച്ചുമതല കേന്ദ്രത്തിനാണെന്നാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളുടെ പ്രതിരോധം. വാര്‍ഷിക നാളിലെ റോഡ് തകര്‍ച്ച പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

https://dailynewslive.in/ ദേശീയ പാതയിലെ തകര്‍ച്ചക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിര്‍മ്മാണമാണ് തകര്‍ച്ചക്കുള്ള കാരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മലപ്പുറത്ത് ദേശീയ പാത തകര്‍ന്ന സംഭവത്തിലാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

https://dailynewslive.in/ സ്വര്‍ണമാല കാണാതായ സംഭവത്തില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്റ്റേഷനില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സിഎം ഓഫീസില്‍ വന്നപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസില്‍ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

https://dailynewslive.in/ പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ മോഷണകുറ്റം ആരോപിച്ച് അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കൂടുതല്‍ നടപടികള്‍. ബിന്ദുവിനെ കസ്റ്റഡിയില്‍ അപമാനിച്ച സംഭവത്തില്‍ പേരൂര്‍ക്കട പോലിസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്യും. കന്റോമെന്റ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്.

https://dailynewslive.in/ വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ട് പോലത്തെ നടപടിക്രമങ്ങളാണെന്നും ഇന്ത്യയിലും ഇതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അതിന് പാരവെച്ചത് കേരളത്തിലെ ബിജെപി നേതൃത്വമാണെന്ന് പരോക്ഷമായി പറയുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകത്തില്‍ വികസന പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതില്‍ ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും.

https://dailynewslive.in/ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്. ആകെ 3800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

https://dailynewslive.in/ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

https://dailynewslive.in/ ആലപ്പുഴ പൂച്ചാക്കലില്‍ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. സൂര്യ അനില്‍കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ രണ്ട് പേരും പുലര്‍ച്ചെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിന്റെ തൂങ്ങിമരിച്ചതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഡി ഐ ജി അജിത ബീഗത്തിന്റേതാണ് നിര്‍ദ്ദേശം. പത്തനംതിട്ട അഡീഷണല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല.

https://dailynewslive.in/ അശോക സര്‍വകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റിനെതിരായ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. രണ്ടംഗബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസ് കോടീശ്വര്‍ സിങിന്റെയും ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

https://dailynewslive.in/ എറണാകുളം മൂഴിക്കുളത്ത് 3 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി. തിങ്കളാഴ്ച വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്.

https://dailynewslive.in/ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരായ മംഗലാപുരം സ്വദേശി ഇംറാന്‍ (30) ആണ് പിടിയിലായത്. കോഴിക്കോട് കുന്നമംഗലം പൊലീസാണ് കര്‍ണാടകയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിക്കട്ടെയെന്ന് കോടതി പറഞ്ഞു. ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം.

https://dailynewslive.in/ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.

https://dailynewslive.in/ ഹോട്ടലില്‍ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കല്യാണത്തിന് വസ്ത്രം എടുത്തശേഷം ഭക്ഷണം കഴിക്കാനെത്തിയ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്കും പരിക്കുണ്ട്.കട്ടപ്പന പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് ചൊവ്വാഴ്ച പെയ്ത അതിതീവ്ര മഴയില്‍ കോഴിക്കോടും കണ്ണൂരും കാസര്‍കോടും പാലക്കാടും കൊച്ചിയിലും വ്യാപക നാശം. ശക്തമായ മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. കണ്ണൂരില്‍ തിങ്കളാഴ്ച വൈകീട്ട് മുതല്‍ അതിശക്തമായ മഴയാണ്. കനത്ത മഴയില്‍ കാസര്‍കോഡ് നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ കാലവര്‍ഷം കേരള തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

https://dailynewslive.in/ കര്‍ണാടകയില്‍ സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവില്‍ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

https://dailynewslive.in/ ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പൂനെയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു. പാര്‍ക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ക്ക് മുകളിലേക്കാണ് ബോര്‍ഡ് വീണത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മുംബൈയില്‍ ചൊവ്വാഴ്ച ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാള്‍ജാമ്യവുമാണ് ജാമ്യ വ്യവസ്ഥകള്‍. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി തരുണ്‍ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. മാര്‍ച്ച് 3-നാണ് രന്യയെ ബെംഗളുരു വിമാനത്താവളത്തില്‍ വച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്യുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ സൈന്യത്തെ വീണ്ടും പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സര്‍ജനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നുമായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാന്‍ നടത്തിയെന്നും പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

https://dailynewslive.in/ ജമ്മു കശ്മീരിലും അതിര്‍ത്തി പ്രദേശങ്ങളിലും പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളിലും അതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികളിലും നിലപാട് ലോകത്തോട് നിലപാട് വ്യക്തമാക്കാന്‍ ഇന്ത്യ. എംപിമാരുടെ പ്രതിനിധിസംഘങ്ങള്‍ ഘട്ടം ഘട്ടമായി ഇന്ന് യാത്ര തിരിക്കുമ്പോള്‍ നിര്‍ണായക തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. ചൈനയും പാകിസ്ഥാനുമൊഴികെ യുഎന്നിലെ എല്ലാ രക്ഷാ സമിതി അംഗങ്ങളെയും കാണാനാണ് തീരുമാനം. ഒമാന്‍ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങള്‍ക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.

https://dailynewslive.in/ ഉത്തര്‍പ്രദേശില്‍ ആശ വര്‍ക്കര്‍ കൊല്ലപ്പെട്ട നിലയില്‍. 40 കാരിയായ രാജ്കുമാരിയെന്ന യുവതിയെയാണ് ആലാപൂരിലെ ഒരു പാടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതശരീരം അര്‍ധനഗ്നമായാണ് കിടന്നിരുന്നത് എന്നും രാജ്കുമാരി പീഡനത്തിനിരയായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറിന് സ്ഥാനക്കയറ്റം. അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനക്കയറ്റം. പാകിസ്ഥാന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍. അട്ടിമറി ഒഴിവാക്കാനുള്ള നീക്കമെന്നാണ് സൂചന.

https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത നടപടികളുമായി ചൈന. യാത്ര, ഭക്ഷണം, ഓഫീസ് എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. മദ്യപാനം, സിഗരറ്റ് വലിക്കല്‍ എന്നിവ നിയന്ത്രിച്ച് ചെലവുകള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന റെന്റല്‍ പ്ലാറ്റ്ഫോമായ എയര്‍ ബിഎന്‍ബിയില്‍ നിന്ന് 66000 വാടകവീടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സ്പെയിന്‍ സര്‍ക്കാര്‍. വിനോദ സഞ്ചാര താമസ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി. സ്പെയിനിലെ അമിത വിനോദ സഞ്ചാരത്തിനെതിരെ വേനല്‍ക്കാലം എത്തിയതോടെ പ്രതിഷേധം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പൗരന്മാര്‍ക്ക് താമസ സൗകര്യം ലഭിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമായാണ് തീരുമാനത്തെ സാമൂഹ്യ അവകാശ ഉപഭോക്തൃ കാര്യ മന്ത്രിയായ പാബ്ലോ ബസ്റ്റിന്ഡെയ് വിലയിരുന്നത്. വാടക കുത്തനെ കൂടുന്നതിനാല്‍ പ്രമുഖ നഗരങ്ങളില്‍ പ്രദേശവാസികള്‍ക്ക് താമസിക്കാനാവാത്ത സാഹചര്യമായിരുന്നു സംജാതമായിരുന്നത്.

https://dailynewslive.in/ കൂടുതല്‍ സഹായം എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനകം ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയ ഇന്നലെ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ മാനുഷിക സഹായങ്ങള്‍ നിഷേധിക്കുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണം. മാനുഷിക സഹായങ്ങള്‍ നിഷേധിക്കുന്നത് തുടര്‍ന്നാല്‍ സംയുക്ത നടപടിയിലേക്ക് കടക്കുമെന്നും ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ച് ബ്രിട്ടന്‍. ഗാസയിലെ ആക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാന്‍സും കാനഡയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാര്‍ലമെന്റില്‍ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മരവിപ്പിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ താറുമാറായ ഗാസയില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

https://dailynewslive.in/ ഐപിഎല്‍ പതിനെട്ടാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 17.1 ഓവറില്‍ 6 വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി വിജയലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവന്‍ഷിയും നായകന്‍ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകള്‍ നേരിട്ട് 57 റണ്‍സ് നേടിയ 14കാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ചെന്നൈയുടെ റണ്ണൊഴുക്ക് തടയുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആകാശ് മധ്വാളാണ് കളിയിലെ താരം.

https://dailynewslive.in/ ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും രാജ്യത്തെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു. ഐഫോണുകളുടെ പ്രധാന നിര്‍മാതാക്കളായ തായ്വാനീസ് കമ്പനി ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇന്ത്യയില്‍ 1.5 ബില്യന്‍ ഡോളര്‍ (ഏകദേശം 12,860 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോക്‌സ്‌കോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ കമ്പനിയാണ് ഹോന്‍ ഹായ്. സിംഗപ്പൂരിലെ സബ്‌സിഡിയറി കമ്പനി വഴിയാണ് നിക്ഷേപമെന്ന് ഓഹരി വിപണിയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു. യു.എസില്‍ ആപ്പിളിന് നിര്‍മാണ യൂണിറ്റുകള്‍ ഇല്ല. എന്നാല്‍ അടുത്ത നാല് വര്‍ഷം കൊണ്ട് യു.എസില്‍ 500 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും കൂടുതല്‍ പേരെ ജോലിക്ക് എടുക്കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് യു.എസ് ഇനിയും തീരുവ ചുമത്താനുള്ള സാധ്യതയുള്ളതിനാല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ഹോന്‍ ഹായ്യുടെ തീരുമാനം. ആകെയുള്ളതില്‍ 70-80 ശതമാനം ഐഫോണുകളും നിലവില്‍ തമിഴ്‌നാട്ടിലാണ് നിര്‍മിക്കുന്നത്.

https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. ധ്യാനിന്റെ കരിയറിലെ വേറിട്ട ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീര്‍, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

https://dailynewslive.in/ ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’ തിയറ്ററുകളിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രം. മെയ് 23 വെള്ളിയാഴ്ച ആഗോള റിലീസായി നരിവേട്ട തിയറ്ററുകളില്‍ എത്തും. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും പുറത്ത് ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ നടന്‍ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടൊവിനോ തോമസ്, ചേരന്‍ എന്നിവര്‍ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്.

https://dailynewslive.in/ ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. തിരഞ്ഞെടുത്ത ഹോണ്ടയുടെ ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ് നടത്താനാവുക. 5.12 ലക്ഷം രൂപ(എക്‌സ് ഷോറൂം) മുതല്‍ വിലയുള്ള റിബല്‍ 500 ഗുരുഗ്രാം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജൂണ്‍ മുതല്‍ തന്നെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. പരമ്പരാഗത ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്നും കടമെടുത്തിട്ടുള്ള രൂപകല്‍പനയാണ് ഹോണ്ട റിബല്‍ 500ന്. സ്റ്റാന്‍ഡേഡ് മോഡല്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറമാണ് വാഹനത്തിന്. 471 സിസി ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, 8 വാല്‍വ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്ത്. 45എച്ച്പി കരുത്തും പരമാവധി 43.3എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹോണ്ട റിബെല്‍ 500ന്റെ വില 5.12 ലക്ഷം രൂപ(ഗുരുഗ്രാം, എക്‌സ് ഷോറൂം) മുതലാണ് ആരംഭിക്കുന്നത്.

https://dailynewslive.in/ തനിക്കല്ലാതെ, അതേ ദൃഷ്ടിദോഷമുള്ള, അതേ മനഃദൈര്‍ഘ്യമുള്ള മറ്റൊരാള്‍ക്കുമാത്രം പാകമാവുന്ന കാഴ്ചകള്‍… തനിച്ചായിപ്പോയ ആരോ, ഏതോ നിശ്ശബ്ദതയില്‍ ആണ്ടുപോയ ആരോ സുബീഷിന്റെ കവിതകളില്‍ അവനവനെ വായിക്കും. ഏകാന്തതയുടെ റിപ്പബ്ലിക്കിനോടാണ് സുബീഷ് തെക്കൂട്ടിന് മമത. കവിതയിലുടനീളം തനിച്ചുനിന്നുള്ള എതിരിടലിന്റെ, പോരാട്ടമെന്നു തോന്നിക്കുന്ന കീഴടങ്ങലുകളുടെ, അപ്പോള്‍പ്പോലുമുള്ള നിസ്സംഗതകളുടെ വൈകാരികമായ ആവിഷ്‌കാരമാണ് ഈ മനുഷ്യന് കവിത. ‘നദി കെ കിനാരെ’ എന്നതുപോലെ കവിതയുടെ അരികുചാരി ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഇയാള്‍ ഇഷ്ടപ്പെടുന്നു. സുബീഷ് തെക്കൂട്ടിന്റെ പുതിയ കവിതാസമാഹാരം. ‘വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്.’. മാതൃഭൂമി. വില 127 രൂപ.

https://dailynewslive.in/ അല്‍ഷിമേഴ്‌സ് സാധ്യത കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പാനീയങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാമെന്ന് നാഡീ ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഡബ്ല്യു.ബി. ലവ് പറയുന്നു. ഇടയ്ക്കിടെ കഴിക്കുന്നത് പോലും ദീര്‍ഘകാല ദോഷത്തിന് കാരണമാകും. ഇത് ഓര്‍മ്മക്കുറവിനെക്കുറിച്ച് മാത്രമല്ല മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഡയറ്റ് ഡോഡ പൊതുവെ ആരോഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേര്‍ത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് ഉള്‍പ്പെടെയുള്ള പക്ഷാഘാതവും ഡിമെന്‍ഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അസ്പാര്‍ട്ടേം, സുക്രലോസ് തുടങ്ങിയ കൃത്രിമ മധുരപലഹാരങ്ങള്‍ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമതയെ മാറ്റുകയും ചെയ്യും. കാലക്രമേണ, ഇത് തലച്ചോറില്‍ വീക്കം ഉണ്ടാക്കുന്നു. ഒരു കപ്പ് കപ്പിയില്‍ 60 ഗ്രാം വരെ പഞ്ചസാര അടങ്ങിയിരിക്കാം. ഇത് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ദൈനംദിന പരിധിയുടെ ഇരട്ടിയിലധികം വരും. ഒരു കപ്പ് ചൂടുള്ള കട്ടന്‍ കാപ്പിയില്‍ ഒരു നുള്ള് കറുവപ്പട്ടയോ മഞ്ഞളോ ചേര്‍ത്ത് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മധുരത്തിന്, ഒരു ചെറിയ സ്പൂണ്‍ അസംസ്‌കൃത തേനോ ശര്‍ക്കരയോ ഉപയോഗിക്കാം. തുളസി ചായ പതിവായി കുടിക്കുന്നത് ഹൃദയ താളം, ഉറക്കചക്രം, ഓര്‍മ്മശക്തി എന്നിവ നിയന്ത്രിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള നാഡീ സംബന്ധമായ തകരാറുകള്‍ മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. പാട കളഞ്ഞ പാല്‍ കൊഴുപ്പ് കുറഞ്ഞതും ഹൃദയാരോഗ്യത്തിന് നല്ലതുമായ കണക്കാക്കപ്പെടുന്നു. പാലില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്നത് കൊഴുപ്പില്‍ ലയിക്കുന്നതും തലച്ചോറിന്റെ സംരക്ഷണത്തിന് അത്യാവശ്യവുമായ എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളെ ഇല്ലാതാക്കുന്നു. കൂടാതെ, ചില പഠനങ്ങള്‍ കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തെ ഇന്‍സുലിന്‍ പോലുള്ള വളര്‍ച്ചാ ഘടകം വര്‍ദ്ധനയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

പട്ടാളത്തില്‍ കേണല്‍ ആയി വിരമിച്ച അയാള്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അന്ത്യത്തില്‍ ആശ്രമജീവിതം സ്വീകരിക്കാന്‍ ഇടയായി. ഏറെ പണവും പ്രശസ്തികളും നേടിയ തന്റെ ജീവിതത്തിനപ്പുറം കാരുണ്യം, ദയ, സഹജീവി സ്‌നേഹം ഇതൊക്കെ തന്റെ ജീവിതത്തില്‍ ഇനിയെങ്കിലും കടന്നുവരണമെന്ന ആഗ്രഹത്തിലാണ് അയാള്‍ ആ സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചത്. ഒരിക്കല്‍ അദ്ദേഹം തന്റെ ഗുരുവിനോട് ചോദിച്ചു: ഗുരോ, അഹംഭാവം എന്നുവെച്ചാല്‍ എന്താണ്? ഗുരു ഒരു പുച്ഛഭാവത്തില്‍ പറഞ്ഞു: കുറെ നാള്‍ പട്ടാളത്തിലായിരുന്നുവല്ലോ? ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ടും കുറെ കാലമായി. ഇത്രയും നിസ്സാരമായ ഒരു കാര്യം പോലും അറിയാത്ത നിങ്ങള്‍ എന്തൊരു വിഢ്ഢിയാണ്. ഇത് കേട്ടപ്പോള്‍ അയാളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. അയാള്‍ പല്ലുകള്‍ ഞെരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് ഗുരു പറഞ്ഞു: ഇതാ.. ഇത് തന്നെയാണ് അഹംഭാവം.. എല്ലാം ഞാനാണ്, ഞാന്‍ കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്നഭാവം. അയാള്‍ തന്റ ഗുരുവിനോട് ക്ഷമചോദിച്ചു.. അഹംഭാവം ഒരാളെ ബുദ്ധിയുടെ നാശത്തിലേക്കും, സംസ്‌കൃതിയുടെ നാശത്തിലേക്കും അതുവഴി സ്വന്തം നാശത്തിലേക്കും നയിക്കും. അഹംഭാവമുളളവര്‍ മറ്റുളളവരെ അപമാനിക്കുമ്പോള്‍, അഭിമാനമുളളവര്‍ മറ്റുളളവരെ മാനിക്കാനാണ് ശ്രമിക്കുക. നമുക്കും അഹംഭാവത്തെ ജീവിതത്തില്‍ നിന്നും പുറത്താക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *