പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാകിസ്ഥാൻ പട്ടാളത്തിന്റെ കമാൻഡോകളാണെന്ന് പാക് മാധ്യമപ്രവർത്തകൻ അഫ്താബ് ഇഖ്ബാൽ. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ അലി, ആസിം എന്നിവർ പാക് പൌരന്മാർ മാത്രമല്ല പാകിസ്ഥാൻ ആർമി കമാൻഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നാണ് പാക് മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. ലഷ്കർ-ഇ-തൊയ്ബയുമായും പാകിസ്ഥാൻ സൈന്യവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ചാണ് വെളിപ്പെടുത്തൽ.
വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങി പാകിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്ന് പാക് നിർദേശം ഇന്ത്യ തള്ളി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിനെതിരായ പ്രത്യാക്രമണത്തിലാണ് സുവര്‍ണക്ഷേത്രം തകര്‍ക്കാനുള്ള ശ്രമം നടന്നത്. മെയ് 7-8 തീയതികളിൽ രാത്രിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം പാകിസ്ഥാന് ലക്ഷ്യമിട്ടതെന്ന് മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി വെളിപ്പെടുത്തി.
ഓപറേഷന് സിന്ദൂറില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി വീണ്ടും രാഹുല്‍ ഗാന്ധി. പ്രത്യാക്രമണം പാകിസ്ഥാൻ നേരത്തെയറിഞ്ഞതിനാൽ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് രാഹുല്‍ ഇന്നും ചോദിച്ചു. വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമാണെന്നും ഉണ്ടായത് വീഴ്ച്ചയല്ല, കുറ്റമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്കി.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് കോര്പ്പറേഷൻ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമ്മാണങ്ങൾ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്പ്പറേഷൻ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന സാധ്യത തള്ളാതെ പൊലീസ്. തീപിടിത്തത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തി നശിച്ച ടെക്സ്റ്റയിൽസിന്റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.ഇരുവരും തമ്മിൽ ഒന്നര മാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നു. പ്രകാശൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പഴയ പാര്‍ട്ണറും ഇപ്പോഴത്തെ ഉടമ മുകുന്ദനും തമ്മിലാണ് അടിപിടിയുണ്ടായത്.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്പറേഷന് പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന് ടി.സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഫയര്‍ഫോഴ്സ് ആവശ്യപ്പെട്ടിട്ടും കോര്പ്പറേഷന് നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്റെവ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് കോഴിക്കോട് ആരോപിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കടയിൽ ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തെന്ന് പരാതി. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.
പേരൂര്‍ക്കടയിൽ കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടെന്ന് ദളിത് യുവതിയായ ബിന്ദു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്നും അവർ പറഞ്ഞു.
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു 20 മണിക്കൂർ കസ്റ്റഡിയിൽ മാനസിക പീഡത്തിനിരയാക്കിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി തിരുവനന്തപുരം കമ്മീഷണർ. അസിസ്റ്റന്റ് കമ്മീഷണറോടാണ് ആഭ്യന്തര അന്വേഷണത്തിന് നിർദേശിച്ചത്. പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ.
ദളിത് യുവതി ബിന്ദുവിന്റെ പരാതി ഗൗരവത്തോടെയാണ് കണ്ടതെന്ന് പി ശശി. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു. വീട്ടുമക്കെതിരെ നടപടിവേണമെന്ന ആവശ്യത്തിലാണ് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെ അവഗണിച്ചിട്ടില്ലെന്നും പി ശശി പറഞ്ഞു.
ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാർ നല്കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
പ്ലസ് ടു പരീക്ഷ ഫലം മെയ് 22 നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. അതോടൊപ്പം ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കൊച്ചി കാൻസർ റിസർച്ച് സെന്റർ മേയ് അവസാനമോ ജൂൺ മാസമോ കേരളത്തിന് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിലെ മറ്റു കാൻസർ ചികിത്സാ കേന്ദ്രങ്ങളെപ്പോലെയല്ല, കൊച്ചി കാൻസർ സെന്ററിൽ ഗവേഷണം കൂടെ നടക്കുമെന്നും ഇതിനായി ഇന്ദിരാഗാന്ധി ബയോടെക്നോളജി സെന്ററുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വികസനം സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ലിയോണൽ മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി.
വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രണ്ട് ആള് ജാമ്യം, 50000 രൂപ, 2 മാസത്തേക്ക് വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന ശേഷം ചികിത്സയിലായിരുന്ന സോഫ്റ്റ് വെയർ എൻജിനിയർ ആശുപത്രി വിട്ടു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് എം.എസ്.നീതു വീട്ടിലെത്തിയത്. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി രജിസ്ട്രാർ തള്ളി. കേസെടുക്കുന്നതിൽ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ പക്കൽ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. അന്വേഷണം തുടങ്ങിയതായി ഷോപ്പിയാൻ പൊലീസ് അറിയിച്ചു.
ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ലെന്നും പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത് മികച്ച നേതാക്കളെയാണ് കോൺഗ്രസിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്തത് പാർട്ടി അവരെ അവഗണിച്ചത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് താരം ഷാറൂഖ് ഖാനെയും ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെയും പരസ്യ കാമ്പെയ്നുകളില്‍ ഉള്‍പ്പെടുത്തിയത് വെറും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും, ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്ന ബൈജൂസിന്റെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നുവെന്നും ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്.
നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയ്ക്കിടെ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർത്ഥികൾ അറസ്റ്റിൽ. ഡെറാഡൂൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോപ്പിയടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗാർത്ഥികൾ അറസ്റ്റിലായത്.
ചാരപ്രവർത്തനത്തിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപും പാകിസ്ഥാൻ സന്ദർശിച്ചെന്ന് ഹരിയാന പൊലീസ്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് അറിയിച്ചു. ജ്യോതി പാകിസ്ഥാനിലേക്ക് പോയതെല്ലാം സ്പോൺസർമാരുടെ സഹായത്തോടെയാണെന്നും പോലീസ് വ്യക്തമാക്കി.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ ബിസിനസുകാരൻ അറസ്റ്റിൽ. റാംപൂർ സ്വദേശിയായ ഷഹ്സാദാണ് അറസ്റ്റിലായത്. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), മൊറാദാബാദിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ജഗ്ബുഡി നദീതടത്തിലേക്ക് കാർ മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത വേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈയില്‍ നിന്ന് ഒരുമരണാനന്തര ചടങ്ങിൽ പങ്കെടുക്കന്‍ പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനിരയായി ഗാർഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാർഗവനെ നാട്ടിലെത്തിക്കാനുള്ള നപടികൾ പൂർത്തിയായി. ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പൊള്ളലേറ്റ് മാർച്ച് ഏഴാം തീയതി പെനാങ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തൊഴിലുടമ ബന്ധുക്കളെ അറിയിച്ചിരുന്നില്ല.
കാലിഫോര്‍ണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്തെ കാർ ബോംബ് സ്ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് എഫ്ബിഐ. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയയാളും കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് ക്ലിനിക് അറിയിച്ചു.
കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റര്‍. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും.
ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്ലന്ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വർഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്.
സിറിയയിലെ രഹസ്യ ഓപ്പറേഷനുശേഷം ഇസ്രായേൽ രാജ്യത്തെ പ്രശസ്തനായ ചാരൻ എലി കോഹനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകളും വസ്തുക്കളും വീണ്ടെടുത്ത് ഇസ്രായേൽ. സിറിയയിലെ രാഷ്ട്രീയ മേഖലയിലേക്ക് നുഴഞ്ഞുകയറിയ ഇസ്രായേലി ചാരൻ എലി കോഹനുമായി ബന്ധപ്പെട്ട സിറിയൻ ആർക്കൈവിൽ നിന്നുള്ള 2,500 ഇനങ്ങളിൽ ചിലത് ഞായറാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോഹന്റെ ഭാര്യക്ക് നൽകി. എലി കോഹനെ പരസ്യമായി തൂക്കിലേറ്റിയിട്ട് 60 വർഷം തികയുന്ന സാഹചര്യത്തിലാണ് രേഖകൾ കൈമാറിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ഷമി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.
ഗാസയില്‍ വീണ്ടും കരയാക്രമണം ആരംഭിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത് ഉപരോധം ലഘൂകരിക്കുമെന്നും പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് എത്തിക്കുമെന്നുമാണ്. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 100 ലധികം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.