20250509 140151 0000

അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാൻ അനുമതി നൽകി കേരള സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. മൂന്നു മാസത്തേക്കോ അതിൽ കൂടുതലായിട്ടുള്ള അവധിയിൽ പോയ ഉദ്യോഗസ്ഥരുടെ ഒഴിവുകൾക്ക് ഇനി ഉടൻ തന്നെ സ്ഥാനക്കയറ്റം നൽകി ആളെ നിയമിയ്ക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്.വകുപ്പുകളുടെ ജോലി തടസ്സപ്പെടാതെ നടക്കാൻ വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്ന് സർക്കാർ വ്യക്തമാക്കി.

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടവും ഓപ്പറേഷൻ സിന്ദൂരും വിശദീകരിക്കാൻ, ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന സർവ്വകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം നേതൃത്വം. ഇന്ത്യയുടെ നിലപാട് ഉന്നയിക്കാൻ പോകുന്ന സംഘത്തോട് നിസഹകരിക്കുന്നത് ഉചിതമാവില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.

പാക് ഭീകരതയെക്കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നുവെന്നും ദേശ താല്‍പര്യം തന്നെയാണ് മുഖ്യം അഞ്ച് രാജ്യങ്ങളിലേക്കുള്ളപ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന ജി സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയുള്ള കേസിന്റ പുരോഗതി അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. സംഭവം വിവാദമായതിന് പിന്നാലെ സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി വി അബ്ദുറഹിമാന്‍. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് കായിക മന്ത്രി വ്യക്തമാക്കി. അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കുമെന്നു മാത്രമാണ് വിവരം.

ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വർണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മൂന്ന് ടേമിൽ കോഴിക്കോട് നോർത്തില്‍ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എ പ്രദീപ് കുമാര്‍ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ നവീകരണ പദ്ധതികളിലൂടെ ശ്രദ്ധേയനാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ് കുമാര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല ചുമതലയാണ്. ആ ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും. സർക്കാർ നന്നായി പ്രവർത്തിക്കുമ്പോള്‍ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തിൽ വാട്സാപ് ഗ്രൂപ്പിൽ പ്രതികരിച്ചിതിനെ തുടർന്നാണ് ബാർ അസോസിയേഷന്റെ നീക്കം.

പരോള്‍ നൽകുന്നതിൽ ജയിൽ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്. പൊലീസ് റിപ്പോർട്ട് എതിരായ പ്രതികൾക്ക് ജയിൽ മേധാവിയുടെ അധികാരം ഉപയോഗിച്ച് പരോള്‍ നൽകരുതെന്ന് കാണിച്ച് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. വിസ്മയ കേസിലെ പ്രതി കിരൺകുമാർ അടക്കമുള്ളവർക്ക് പൊലീസ് റിപ്പോ‍ർട്ട് അവഗണിച്ച് പരോള്‍ നൽകിയതിൽ സർക്കാരിന് പരാതി വന്ന സാഹചര്യത്തിലാണ് നടപടി.

ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും നിഷ്മയുടെ അമ്മ ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചതെന്നും അവർ ചോദിച്ചു. അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം, നീതി കിട്ടണമെന്നും അവർ പറഞ്ഞു.

കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണം എത്തി നിൽക്കുന്നത് ഇഡി ഉദ്യോഗസ്ഥനിൽ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാക്കി.

ഇടുക്കി കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ ആണ് കാൽ വഴുതി അപകടത്തിൽപ്പെട്ടത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി.

പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പാകിസ്ഥാന്‍റെ പിടിയില്‍ കടുത്ത മാനസിക പീഡനം നേരിട്ടതായി ബിഎസ്എഫ് ജവാൻ പൂര്‍ണം കുമാര്‍ ഷാ. പാക് സൈനിക ഉദ്യോഗസ്ഥര്‍ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ രാപകൽ വ്യത്യാസമില്ലാതെ ചോദ്യംചെയ്തുവെന്നും അതിർത്തിയിലെ സേനാ വിന്യാസത്തെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങളെന്നും പൂര്‍ണ ഷാ വെളിപ്പെടുത്തി. പാകിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിൽ വെച്ചായിയിരുന്നു മാനസിക പീഡനം.

ജമ്മു കശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി.

ഇന്ത്യ പാക് സംഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന്ന് സമ്മതിച്ച് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ്. ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.

നോയിഡയിൽ വീടുകളുടെയും ഫ്ലാറ്റുകളുടെയും ബാൽക്കണിയിലെ പാരപെറ്റിൽ നിന്ന് പൂച്ചട്ടികൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം. പൂനെയിലെ പാർപ്പിട സമുച്ചയത്തിൽ ബാൽക്കണി റെയിലിംഗിൽ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു. അപകടങ്ങൾ ഉണ്ടായാൽ ഫ്ലാറ്റ് ഉടമ, അസോസിയേഷൻ പ്രസിഡന്‍റ്, ബിൽഡർ എന്നിവർക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു.

എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി. ഹെലികോപ്റ്ററിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണ്.

ഉത്തർപ്രദേശിലെ കാണ്‍പൂരിൽ ഒരേ സ്വകാര്യ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാർ മരിച്ചതായി പരാതി. വിനീത് ദുബെ, മായങ്ക് കത്യാർ എന്നീ എഞ്ചിനീയർമാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഡോ. അനുഷ്ക തിവാരിയുടെ എംപയർ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ഡ ദളിതനായതുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെന്നും, ദേവ്ഡയെ ഉപമുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. രാജ്യം മുഴുവൻ സൈനികരുടെ കാൽക്കൽ വണങ്ങുന്നു എന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞതെന്നും ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനെയും കോൺഗ്രസിനെയും പിടിച്ചു കുലുക്കിയെന്നും അമിത് മാളവ്യ പ്രതികരിച്ചു.

യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താൻ തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദോഹയില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 90.23 ദൂരമെറിഞ്ഞ് നീരജ് സ്വന്തം റെക്കോര്‍ഡ് തിരുത്തിയിരുന്നു. മൂന്നാം ശ്രമത്തിലാണ് നീരജ് വ്യക്തിഗത റെക്കോര്‍ഡ് തിരുത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *