ഒൻപത് തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നൽ ആക്രമണം. കഷ്ടിച്ച് അര മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരുക്കേറ്റുവെന്നും പാക്കിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ടുകൾ ഉണ്ട്.
പാകിസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പോസ്റ്റ് പങ്കുവെച്ച് മുൻ കരസേന മേധാവി ജനറൽ എം എം നരവാനെ. സമൂഹ മാദ്ധ്യമമായ എക്സിൽ ‘പിക്ചര്‍ അഭി ബാക്കി ഹേ’ എന്നാണ് അദ്ദേഹം പങ്കുവെച്ചത്. കളി ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അര്‍ത്ഥമാക്കുന്ന വരികളാണ് നരവാനെയുടെ പോസ്റ്റിലുള്ളത്. ഇന്ന് പുലര്‍ച്ചെ 1.05നാണ് പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ നടത്തിയത്.
പാകിസ്ഥാൻ്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ഉന്നം വയ്ക്കുന്നതായി റിപ്പോർട്ടുകൾ. 9 കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച നടപടി ആവർത്തിച്ചേക്കും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നല്‍കി. ഇന്ത്യ പാകിസ്ഥാൻ അതിർത്തി മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. നിരവധി ഗ്രാമീണരെ സൈന്യം സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദേശ രാജ്യങ്ങളോട് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു.
ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ആദ്യ ഘട്ടത്തിൽ തന്നെ ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന് പാകിസ്ഥാൻ പട്ടാളം ഒരുക്കിയത് കനത്ത സുരക്ഷയായിരുന്നു. എല്ലാവിധ സന്നാഹങ്ങളും പാക് പട്ടാളം ഒരുക്കിയിട്ടും എല്ലാം ഭേദിക്കുന്നതായിരുന്നു ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണം. പതിറ്റാണ്ടുകളായി ഇന്ത്യ തിരയുന്ന ജെയ്‌ഷെ സ്ഥാപകൻ മൗലാന മസൂദ് അസറിന് ‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയത് കനത്ത നഷ്ടമാണ്. മസൂദിന്‍റെ കുടുംബത്തിലെ 10 പേരും അടുത്ത നാലു അനുയായികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് ദേശീയ അസംബ്ലിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇന്ത്യയുടെ ആദ്യത്തെ പ്രത്യാക്രമണം അർധരാത്രി ഉണ്ടായത്. ഭീകരരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നു ഇന്ത്യൻ സേനയുടെ നീക്കം. പാകിസ്ഥാനിൽ ഇരുപതോളം തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സജീവമാണെന്നാണ് ഇന്ത്യയുടെ ഇന്റലിജൻസ് റിപ്പോർട്ട്. അതിൽ തിരഞ്ഞെടുത്ത ഒൻപത് കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു അർധരാത്രി സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. പൂഞ്ച് സ്വദേശികളായ കശ്‍മീരികളാണ് മരിച്ചവരെല്ലാം. 43 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ റിപ്പോര്‍ട്ട് ചെയ്തതിൽ തെറ്റായ വിവരങ്ങൾ നല്‍കിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബൽ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും പോർട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ‘പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ത്യ നടത്തിയ രാത്രികാല വ്യോമാക്രമണങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ എയർഫോഴ്‌സ് (പിഎഎഫ്) മറ്റൊരു ഇന്ത്യൻ പോർവിമാനം വെടിവെച്ചിട്ടു’ എന്നാണ് പാകിസ്ഥാൻ സൈന്യത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.
സംഘർഷ സാധ്യത ഉയരവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ തുടരുകയാണ്. മോക് ഡ്രില്ലിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഔട്ട് ഉണ്ടാവും. രാജ്യ തലസ്ഥാനത്ത് രാത്രി എട്ട് മുതൽ 8.15 വരെ വൈദ്യുതി വിച്ഛേദിക്കും. ബിഹാറിലെ പാറ്റ്നയിലും ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലും എഴ് മണിക്ക് മോക് ഡ്രിൽ ആരംഭിച്ചു. കേരളത്തിൽ 14 ജില്ലകളിലും ഇന്ന് വൈകുന്നേരം നാല് മണിക്ക് മോക് ഡ്രിൽ നടന്നു.
സംസ്ഥാനത്തെ മോക് ഡ്രിൽ പൂര്‍ത്തിയായി. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മോക് ഡ്രിൽ ആശയക്കുഴപ്പമുണ്ടായി. ആദ്യം മുഴങ്ങേണ്ട അപായ സൈറൺ മുഴങ്ങിയില്ല. വ്യക്തത ഇല്ലാതെ ജീവനക്കാരും ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി. ഒടുവിൽ അപായം ഇല്ല എന്ന സൈറൺ മുഴങ്ങി.
ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൊടും ഭീകരൻ മൗലാനാ മസൂദ് അസ്ഹറിന് ഉണ്ടാക്കിയത് കനത്ത നഷ്ടം. കുടുംബാംഗങ്ങളും വിശ്വസ്തരുമായ 14 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കഴിഞ്ഞ 3പതിറ്റാണ്ടായി ഇന്ത്യയിലെ തീവ്രവാദത്തെ ഏകോപിപ്പിച്ച മസൂദ് അസ്ഹറിന് കടുത്ത തിരിച്ചടിയായി. നേരത്തെ ഇന്ത്യൻ സൈന്യം പിടികൂടിയ മസൂദ് അസ്ഹറിനെ കാന്ധഹാറിലേക്ക് ഇന്ത്യൻ വിമാനം തട്ടിക്കൊണ്ട് പോയാണ് മോചിപ്പിച്ചത്.
കശ്മീരിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കുപ്വാര,ബാരാമുള്ള, ഗുരേസ്, അവന്തിപോര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാക്രമണങ്ങളുള്‍പ്പെടെ മുന്നില്‍ കണ്ടാണ് നടപടി. ശ്രീനഗര്‍ വിമാനത്താവളവും നാളെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. സംസ്ഥാനത്ത് അനധികൃതമായി രേഖകൾ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിൽ എടുക്കാനും പൊലീസിന് നിർദേശം നൽകി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉൾപ്പടെ അടിയന്തര സർവീസുകളിൽ ഉള്ളവരോട് ഉടൻ തിരിച്ച് എത്താനും മുഖ്യമന്ത്രി നിർദേശം നൽകി.
രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത്തരത്തിലുള്ള അതിക്രമങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂരെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗ് വിമർശന വിവാദത്തിൽ വിശദീകരണവുമായി കാന്തപുരത്തിന്റെ മകനും എപി വിഭാഗം നേതാവുമായ ഡോ. ഹക്കീം അസ്ഹരി. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് ഹക്കീം അസ്ഹരി നൽകിയ അഭിമുഖത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അഭിമുഖം വിവാദമാക്കിയതിനു പിന്നിൽ ജമഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നാണ് ഹക്കീം അസ്ഹരി ഫേസ് ബുക്ക് പേജിൽ കുറിച്ചത്. എല്ലാ കാലത്തെയും പോലെ ജമാഅതെ ഇസ്‌ലാമിയുടെ മാധ്യമങ്ങളാണ് ഈ കുളംകലക്കലിന് പിന്നിലെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുമുണ്ട്’ എന്ന് ഹക്കീം അസ്ഹരി ഫേസ്ബുക്കിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിൽ പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് പഹൽഗാമിൽ കൊല്ലപ്പെട്ട കുതിരക്കാരന്‍റെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനും നന്ദിയുണ്ടെന്നും ഇത് അവനുവേണ്ടിയുള്ള തിരിച്ചടിയാണെന്ന് സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ കുടുംബം പ്രതികരിച്ചു. പഹൽഗാമിൽ ഭീകരാക്രമണമുണ്ടായപ്പോൾ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുതിര സവാരി നടത്തി ഉപജീവനം നടത്തിയിരുന്ന ആദിൽ ഹുസൈൻ കൊല്ലപ്പെട്ടത്.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേൽൻ സിന്ദൂറിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെകെ ഷൈലജ. ഭീകരവാദത്തെയും തീവ്രവാദത്തെയും അമര്‍ച്ച ചെയ്യാന്‍ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികളെയും പൂർണമായി പിന്തുണക്കുന്നുവെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാരായ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.
പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്‌നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്‌ക്കൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ച് സർക്കാർ. 80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കുമായി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റെ പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്.
229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് 36 മണിക്കൂർ നീണ്ട് നിന്ന ചടങ്ങുകൾക്ക് പര്യവസാനമായത്. അടുത്ത കൊല്ലം ഏപ്രിൽ 26നാണ് തൃശ്ശൂർ പൂരം. ഇന്നലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിച്ചതോടെ ആരംഭിച്ച ചടങ്ങുകൾക്കാണ് പാറമേക്കാവ്, തിരുവമ്പാടി ഭാഗവതിമാർ ഉപചാരം ചൊല്ലിയതോടെ പര്യവസാനമായത്.
എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കൊല്ലം പെരിയനാട് മൂടുന്തിയാരുവിള വീട്ടിൽ സൂരത്ത്(24), ഹരിപ്പാട് തുലാം പറമ്പ് പവിത്രം വീട്ടിൽ അർജുൻ കൃഷ്ണ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അത്യുത്പാദന ശേഷിയുള്ള രണ്ട് തരം പുതിയ നെൽവിത്തുകൾ വികസിപ്പിച്ച് ആലപ്പുഴ മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥൻ നെൽവിത്ത് ഗവേഷണ കേന്ദ്രം. പുണ്യ, ആദ്യ എന്നിങ്ങനെയാണ് പേരുകൾ. കുട്ടനാട്ടിലെ കർഷകർക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നതാണ് പുതിയ ഇനം നെൽവിത്തുകൾ.
മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കൽ സ്വദേശി മുഹ്സിൻ (31), കിണറടപ്പൻ സ്വദേശി ശരുൺ സി (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 10.16 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പൊലീസ് നടപടിയുടെ ഭാഗമായി താമരക്കുളം മേക്കുംമുറി സിനിൽ ഭവനത്തില്‍ സിനിൽരാജിനെ(41) കാപ്പ നിയമപ്രകാരം നാടുകടത്തി. 2007 ല്‍ താമരക്കുളത്ത് വേണുഗോപാൽ എന്ന ആളിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തയാളാണ് സിനിൽ രാജ്.
കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി കെ സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്‍ററിനെതിരെ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് ഉള്ളത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചടങ്ങ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഖത്തർ എയർവേയ്‌സ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുമെന്നും എയർലൈൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഗൾഫ് രാജ്യമായ ഒമാൻ. ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ശ്രമിക്കണമെന്നും ഒമാൻ നിർദ്ദേശിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ – പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഉറിയിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചടങ്ങുകൾക്ക് തുടക്കം. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നടക്കുന്ന കോൺക്ലേവിൽ വെച്ചാണ് വോട്ടിങ് നടക്കുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടനെ ആരംഭിക്കും. 10.30 ഓടെ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.