രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി റഷ്യ സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളെ ജീവനോടെ പിടികൂടാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും കേന്ദ്ര സർക്കാരിന്റെ നിർദേശം. ഭീകരർ എത്തിയത് പാകിസ്ഥാനിൽ നിന്നാണെന്നും തീവ്രവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നുവെന്നും ലോകത്തിന് മുന്നിൽ തെളിവ് സഹിതം അവതരിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പെഹൽഗാമിൽ നിന്നും നാൽപത് കിലോമീറ്റർ മാറി വനപ്രദേശത്ത് സൈന്യവും പൊലീസും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.
കശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.
പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജാമ്യം ലഭിക്കുന്നതിൽ നിർണായകമായി. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലഹരി കേസിലും പുലിപ്പല്ല് കേസിലും റാപ്പര്‍ വേടനെതിരായ നിയമനടപടിയിലും തുടര്‍ന്നുള്ള രാഷ്ട്രീയ വിവാദങ്ങളിലും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കേസുകളിൽ പിന്നാക്കമെന്നോ മുന്നാക്കമെന്നോയില്ലെന്നും ലഹരിക്കെതിരായ നടപടിയുടെ ഭാഗമാണെന്നും അത് അതുപോലെ തന്നെ ശക്തമായി തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പുലിനഖം പോലുള്ള വിഷയങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും വേടന്‍റെ പുല്ലിപ്പല്ല് കേസിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ല, എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേൾക്കുന്നവർ ലഹരിയുടെയും മദ്യത്തിൻ്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടൻ വ്യക്തമാക്കി.
അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരം റാപ്പർ വേടനെ പിന്തുണച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. വേടന്റെ അറസ്റ്റ് അസാധാരണത്വം സൃഷ്ടിച്ചത് ദൗര്‍ഭാഗ്യകരമെന്നും വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും മന്ത്രി പ്രതികരിച്ചു. അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി വേടൻ തിരിച്ചുവരേണ്ടതുണ്ടെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർത്ഥപൂർണമായി തൻ്റെ സർവീസ് കാലഘട്ടത്തെ മാറ്റാൻ ശാരദാ മുരളീധരന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ പല മേഖലകളിൽ നിന്നും മാറ്റിനിർത്താനുള്ള വ്യഗത കാണിക്കുന്ന സമൂഹത്തിൽ, സ്ത്രീകൾ പുരുഷന്മാർക്ക് ഒപ്പമാണെന്നും മുന്നിലാണെന്നും തെളിയിച്ചാണ് ശാരദ വിരമിക്കുന്നത്. സാമൂഹികമായ ദോഷങ്ങളെ പുറത്തു കൊണ്ടുവരാൻ ധൈര്യം കാണിച്ചെന്ന് പറഞ്ഞും വിരമിക്കുന്ന ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പുകഴ്ത്തി.
എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.
തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.
വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. അതെസമയം ആറ് വർഷത്തോളം കെ എം ഏബ്രഹാം സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. എബ്രഹാമിന്റെ വാദത്തെ പിന്തുണച്ച സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അനൂകൂല നിലപാടാണ് സ്വീകരിച്ചത്.
കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻരെ പേരില്ല. ഒന്പത് പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. നലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്.
ആഗോള സമുദ്ര വാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് രണ്ടിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യും. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമാണിത്.
ആഭ്യന്തരം, വനം – വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്‍റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.
കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭർതൃപിതാവും അറസ്റ്റിൽ. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.
കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.
പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാതി മനസോടെയല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ച രാഹുൽ, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നൽകേണ്ടതെന്നും പറഞ്ഞു. രാജ്യത്ത് ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാൻ വ്യോമപാത അടച്ചതിനാൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് ആഴ്ചയിൽ 77 കോടി രൂപയുടെ അധിക ചെലവ് നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ഇന്ധന ഉപഭോഗം വർധിക്കുകയും യാത്രാ ദൈർഘ്യം കൂടുകയും ചെയ്യും. ഇതോടെ വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക.
പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ മടങ്ങി. ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരാണ് സമയ പരിധി അവസാനിച്ചതോടെ പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്. ഒപ്പം പാക് സൈനിക ഉദ്യോഗസ്ഥരും തിരിച്ചു പോയി. പാകിസ്ഥാന്‍ വംശജർക്ക് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ പൂര്‍ണ്ണമായും അവസാനിച്ചു. ആകെ 786 പാകിസ്ഥാൻ പൌരർ അട്ടാരി അതിർത്തി വഴി മടങ്ങി. ജമ്മു കശ്മീരിൽ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേശക ബോർഡ് കേന്ദ്രം പുനഃസംഘടിപ്പിച്ചു. മുൻ റോ മേധാവി അലോക് ജോഷി ചെയർമാനാകും. വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും ഐ എഫ് എസ് ഉദ്യോഗസ്ഥനുമടക്കം ഏഴംഗസമിതി രൂപീകരിച്ചു.
പഹൽഗാം ഭീകരാക്രമണം അത്യധികം അസ്വസ്ഥജനകവും ദുരന്തപൂർണ്ണവുമാണെന്ന് മുൻ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഹൽഗാം സംഭവത്തിലെ ജീവഹാനി അത്യധികം അസ്വസ്ഥജനകവും ദുരന്തപൂർണ്ണവുമാണ്. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ ഞാൻ ആഴമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇമ്രാൻ എക്സില്‍ കുറിച്ചു.
ഇത്തവണത്തെ ഐപിഎല്ലിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി വിരമിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആദം ഗില്‍ക്രിസ്റ്റ്. ക്രിക്ബസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.