പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുൻനിര്‍ത്തി തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീർ പൊലീസിനും രഹസ്യാന്വേഷണ ഏജൻസുകൾക്കുമാണ് കശ്മീരിന് പുറത്തുനിന്ന് എത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കശ്മീരിൽ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടൽ. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അതോടൊപ്പം, പഹൽഗാം ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പൊലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു.
പാകിസ്ഥാൻ ‘തെമ്മാടി രാജ്യം’ എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ ഇന്ത്യ ആലോചിക്കുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾ അടുക്കുന്നതും തടഞ്ഞേക്കും.
പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു.
എസ്എസ്എൽസി ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് ഒമ്പതിന് ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം. കമ്മീഷനിംഗ് സർക്കാറിന്റെ നാലാം വാർഷിക ആഘോഷത്തിൻറെ ഭാഗമാണെന്നും ആഘോഷപരിപാടികൾ പ്രതിപക്ഷം ബഹിഷ്ക്കരിച്ചത് കൊണ്ടാണ് ക്ഷണിക്കാത്തതെന്നുമാണ് തുറമുഖമന്ത്രിയുടെ വാദം. എന്നാൽ പ്രധാനമന്ത്രി വരുന്നത് സംസ്ഥാന സർക്കാറിൻറെ വാർഷികാഘോഷത്തിനാണോ എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ് ദേശീയ തലത്തിൽ എൻ.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാഠപുസ്തകങ്ങളുടെ പരിഷ്കരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കൊവിഡിന്റെ മറവിൽ കുട്ടികളുടെ പഠനഭാരം കുറക്കാനെന്ന പേരിൽ കഴിഞ്ഞ വർഷങ്ങളിൽ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു ഇതിന്റെ തുടർച്ചയാണ് പുതുക്കിയ പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ഭരണാധികാരികളെ മാറ്റി പകരം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. പണം കിട്ടാത്തതിന്റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള വായ്പാതുകയുടെ ആദ്യ ഗഡു ലോക ബാങ്ക് ട്രഷറിയിലേക്ക് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പണം പദ്ധതി അക്കൗണ്ടിലെത്താത്തതാണ് വിവാദമായത്.
പാലക്കാട് നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും. സംഘര്‍ഷത്തിനിടെ നഗരസഭ ചെയര്‍പേഴ്സിനെ കയ്യേറ്റം ചെയ്തതോടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി. കൗണ്‍സിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസും എൽഡിഎഫും രംഗത്തെത്തിയത്.
പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരൻ വ്യക്തമാക്കി. പേരിടാനുള്ള അജണ്ട പാസായി എന്നും അജണ്ട പാസാകാൻ മാത്രമുള്ള അംഗ സംഖ്യ തങ്ങൾക്കുണ്ടെന്നും പാലക്കാട് നഗരസഭ ബി ജെ പി യാണ് ഭരിക്കുന്നത് അതുകൊണ്ട് പേരിടാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും പ്രമീള ശശിധരൻ പറഞ്ഞു.
പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രദർശന വിപണനമേള എന്റെ കേരളം കോട്ടയത്ത് തുടരുന്നു. ഏപ്രിൽ 30-നാണ് കോട്ടയം ജില്ലയിലെ പരിപാടികൾ സമാപിക്കുന്നത്.കേരള സർക്കാരിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവ അടുത്തറിയാനും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നതാണ് മേള.
മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോ ഹവിൽദാർമാരായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അരിക്കോട് ക്യാമ്പിൽ ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയാണ് നടപടി.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിൽ പേരു മാറ്റൽ ആവശ്യവുമായി ബിജെപി. നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി ജെ പി കൗൺസിലർമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വലിയങ്ങാടിയോട് ചേർന്നുള്ള മഞ്ഞക്കുളം റോഡ് മുതൽ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്.
കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് പരാതി
വിരമിക്കാർ ഒരു ദിവസം ബാക്കി നിൽക്കേ ഐഎം വിജയന് സ്ഥാനകയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. എംഎസ് പിയിൽ അസി.കമാണ്ടൻ്റായ വിജയനെ ഡെപ്യൂട്ടി കമാണ്ടൻ്റാക്കിയാണ് ഉത്തരവിറക്കിയത്. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം.
മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസിൽ റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വേടനെതിരെ മൃഗവേട്ടയടക്കമുള്ള വകുപ്പുകളും വനംവകുപ്പ് ചുമത്തി. പുല്ലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വനംവകുപ്പ് പരിശോധന നടത്തും. ചോദ്യം ചെയ്യലിനുശേഷമാണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.നടപടികള്‍ക്കുശേഷം വേടനെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. ഇതിനുശേഷമായിരിക്കും കേസിൽ പെരുമ്പാവൂര്‍ മുൻസിഫ് കോടതിയിൽ ഹാജരാക്കുക.
തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും റാപ്പർ വേടൻ പറഞ്ഞു.
ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീനാഥ് ഭാസി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അതോടൊപ്പം ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കും. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല.
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന് വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
തിരുവനന്തപുരം പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷാവിധി നാളെ പറയും.
മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി സിയ ഫാരിസ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
എറണാകുളം കുട്ടമ്പുഴയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. പിണവൂർക്കുടി സ്വദേശി ചക്കനാനിക്കൽ പ്രകാശനാണ് മരിച്ചത്. പ്രകാശന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തിപ്പോഴും കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കൽ പോലീസ് അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ ബിജെപി-കോണ്‍ഗ്രസ് പോര് .ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിമർശനം. എന്നാൽ പാകിസ്ഥാന്റെ പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്നാണ് ബിജെപിയുടെ പ്രചാരണം.
അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ. ജവാന് കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നതാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പ്രതിയായ ജാതി അധിക്ഷേപക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഐഐഎസ്സിയിലെ മുൻ അധ്യാപകനാണ് ജാതി അധിക്ഷേപം നേരിട്ടെന്ന് കാണിച്ച് പരാതി നൽകിയത്. ക്രിസ് അടക്കമുള്ള ഐഐഎസ്സിയിലെ ഉപദേശകസമിതിയിലെ അംഗങ്ങൾക്കെതിരെയാണ് പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. പരാതി ക്രിസ് അടക്കമുളളവരുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ളതെന്നും കോടതി നിരീക്ഷിച്ചു.
പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്കിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേർക്ക് ഗുരുതരമായി പരിക്ക്. ഡ്രൈവർ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോൾ വിതരണം ചെയ്യാനായി വന്ന ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ആക്രമണം അല്ലെന്നും ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീ ടാങ്കറിലേക്ക് പടർന്നതാണെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.
കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. ഒന്റാരിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചു. 64 ശതമാനം വോട്ടാണ് ഒന്റാരിയോയിൽ മാർക്ക് കാർണി നേടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാർക്ക് കാർണി വിശദമാക്കി.