ആശ സമരം തീരാതിരിക്കാൻ കാരണം സമരക്കാർ തന്നെയെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമാണ് കേരളം. സമരം ആർക്കെതിരെ ചെയ്യണം എന്ന് സമരക്കാർ ആലോചിക്കണം. വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ സമരം വേണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 

മാസപ്പടി കേസിൽ  എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന്  ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹ‍ർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന  വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്.

ലഹരിക്കെതിര സംസ്ഥാനം തുറന്ന യുദ്ധം പ്രഖ്യാപിക്കുകയാണെന്നും വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വരുന്ന 17ന് സര്‍വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്.

പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്‍റെ രേഖകകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ  ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ. കട്ടപ്പന റൂറൽ സർവീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബർ 20 നാണ് ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തത്.

 

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് 2 പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്.

 

കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാൻസ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും പരീക്ഷയെഴുതി ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി.

 

കേരളത്തിൽ ഒരു രാഷ്ടീയ മാറ്റത്തിന് സമയമായെന്നാവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടമാടുന്ന പ്രീണന രാഷ്ട്രീയത്തിന് അറുതി വരുത്തേണ്ട സമയം സമാഗതമായിരിക്കുന്നുവെന്ന് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് ബിജെപി അധ്യക്ഷൻ്റെ കുറിപ്പ്.

 

വഖഫ് നിയമത്തിൽ പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ്ഐഒ സംഘടനകൾ നടത്തിയ കോഴിക്കോട് വിമാനത്താവള മാർച്ചിൽ വൻ സംഘർഷം. എയർപോർട്ട് റോഡിലാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. പൊലീസ് അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയത്. വിമാനത്താവളം ഉപരോധിക്കുമെന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. സംഘർഷത്തെ തുടർന്ന് വിമാനത്താവള ത്തിലേക്കുള്ള റോഡിൽ ഗതാഗതം അര മണിക്കൂർ നേരം തടസ്സപ്പെട്ടു.

 

വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് എത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുർക്കി’യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്.

 

കേരളത്തിൽ വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കേരളത്തിലെ രണ്ട് വീതം ജില്ലകളിൽ യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനം നടത്തിയിട്ടുള്ളത്. ഇന്ന് ഏപ്രിൽ 9ന്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ, ഏപ്രിൽ 10 ന് മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. തമാശയെ പോലും വൈരാഗ്യബുദ്ധിയോടെ കാണുന്നവരെ ഒന്നുംചെയ്യാനാകില്ലെന്നും കുഞ്ചന്‍ നമ്പ്യാര്‍ നേരത്തേ മരിച്ചത് നന്നായി അല്ലെങ്കില്‍ ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നേനെ എന്നും മന്ത്രി പറഞ്ഞു.

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദീനും ഫാഷന്‍ ഗോള്‍ഡ് എംഡി ടി.കെ. പൂക്കോയ തങ്ങളും ഇഡി കസ്റ്റഡിയില്‍. നിയമവിരുദ്ധ പണമിടപാടിന്റെ പേരിലാണ് നടപടി. രണ്ടുദിവസം മുമ്പാണ് ഇഡി രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്തത്. പിന്നാലെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

 

കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.

 

ഭരണഘടനയെ അട്ടിമറിക്കാനും ആക്രമിക്കാനുമുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് കോ​ൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സെഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എതിരാളികളുടെ  കൈയിൽ പണവും ശക്തിയുമുള്ളപ്പോൾ ആ നടപടി അത്ര എളുപ്പമാകില്ല. എന്നാൽ സത്യസന്ധത കൊണ്ടും ജനങ്ങളുടെ സ്നേഹം  കൊണ്ടും ആ പോരായ്മകളെ മറികടക്കാൻ ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു.

 

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ദില്ലി-ബാങ്കോക്ക്  AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വിമാനത്തിൽ പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

 

ട്രംപിന്റെ പകരച്ചുങ്കത്തിന് തിരിച്ചടിയുമായി വീണ്ടും ചൈന. ഇത്തവണ യു.എസ് ഉത്പന്നങ്ങള്‍ക്ക് 84ശതമാനമായി നികുതി ഉയര്‍ത്തിയിരിക്കുകയാണ് ചൈന. ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയാണ് ട്രംപ് മറുപടി നല്‍കിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു.

കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. സുഷ്മാ ദേവിക്ക് വെടിയേല്‍ക്കുമ്പോള്‍ അവരുടെ മക്കളുടെയും സഹോദരി പൂനം കുമാരിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരിഫ് യുദ്ധത്തിൽ ഔഷധങ്ങളേയും വെറുതെ വിടാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഔഷധങ്ങൾക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള ട്രംപിന്റെ പദ്ധതി അമേരിക്കൻ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്ന ഇന്ത്യൻ ഔഷധ മേഖലയേയും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *