ദി സ്ലീപ്പേഴ്‌സ്
ബെല്‍ അമി | അദ്ധ്യായം 14 | രാജന്‍ തുവ്വാര
കണ്ണു തുറക്കുമ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. ചുറ്റും നോക്കിയപ്പോള്‍ പതിവായി ഉപയോഗിക്കുന്ന മുറിയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഓര്‍മ്മകള്‍ സുരക്ഷിതമായിത്തന്നെ ഇരിക്കുന്നു. ഈ മുറിയെ സംബന്ധിച്ച ഓര്‍മ്മകള്‍ പതിയെ നേരത്ത കാലൊച്ചയോടെ കടന്നുവരുന്നുണ്ട്. ഓര്‍മ്മയിലേക്ക് മനുഷ്യരും കാറ്റുംവെളിച്ചവും സാവധാനം പ്രവേശിക്കാന്‍ തുടങ്ങി. അവ കൂടുതല്‍കൂടുതല്‍ സ്ഫുടമാകുവാന്‍ തുടങ്ങി. ഇരുപത് വര്‍ഷംമുന്‍പ് ഞാനീ മുറിയില്‍ കുറച്ചുദിവസം താമസിച്ചിട്ടുണ്ട്. ഹംപിയുടെ അവസാനത്തെ ജോലികള്‍ ഞാന്‍ ഇവിടെവെച്ചാണ് ചെയ്തു തീര്‍ത്തത്. ബിട്ടയുടെ യാത്രാവിവരണം എഴുതിയുണ്ടാക്കിയ ദിവസങ്ങള്‍, നൂതനോടൊപ്പം ഇവിടെ ജീവിച്ച ദിനങ്ങള്‍. ഈ മുറിയില്‍ കിടക്കുമ്പോള്‍ അതെല്ലാംഓര്‍മ്മയില്‍ തെളിയുന്നു.
അങ്ങനെ ആലോചനയില്‍ മുഴുകിക്കിടക്കവേ ചാരുമതി മുറിയിലേക്ക് എത്തിനോക്കി. അവള്‍ വിയര്‍ത്തുകുളിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പ് വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നതിനാല്‍ ആ മുലകള്‍ ഇളകുന്നത് വ്യക്തമാണ്. അവള്‍ ഉടന്‍ തന്നെ പുറത്തേക്ക് നടന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഒരു കപ്പ് ചായയുമായി എന്റെ അടുത്തെത്തി. വീണ്ടും എന്റെ കണ്ണുകള്‍ അവളുടെ നെഞ്ചില്‍ പതിഞ്ഞു. അവള്‍ അത് കാണുന്നുണ്ട്.
‘വിയര്‍ത്തുകുളിച്ചല്ലോ.’
‘ഞാന്‍ രാവിലത്തെ നടത്തം കഴിഞ്ഞ് അടുക്കളയില്‍ കയറി ജോലി തുടങ്ങിയതേ ഉള്ളു.’
‘നല്ല ചായ. എത്ര ദിവസമായി ഇങ്ങനെയൊരു ചായ കുടിച്ചിട്ട്.’
അവള്‍ മന്ദഹസിച്ചു.
‘നീ ഇപ്പോള്‍ ചിത്രമെഴുതുന്നില്ലേ?’
‘ഒരാഴ്ചയായി ഒന്നും ചെയ്തിട്ടില്ല. ഒരു ദിവസം ഞാന്‍ ജൂഡിത്തിന് മോഡലായി ഇരുന്നു കൊടുത്തു.’
‘അവള്‍ ജോലിയിലാണോ?’
‘അതെ മുറ്റത്തിരുന്ന് വരക്കുന്നു.’
‘മഴ പെയ്യും. ശ്രദ്ധിക്കണം.’
അവള്‍ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. എന്റെ വര്‍ത്തമാനത്തില്‍ അസ്വാഭാവികത ഉള്ളതുപോലെയാണ് അവളുടെ ഭാവം
‘എനിക്ക് മുകളില്‍ പോണം. എന്റെ സാധനങ്ങളെല്ലാം അവിടെയാണ്.’
‘ഞാനതെടുത്ത് താഴേക്ക് കൊണ്ടുവരാം.’ അവള്‍ പറഞ്ഞു.
‘വേണ്ട. ഞാന്‍ പൊയ്‌ക്കോളാം.’
മെല്ലെ നടക്കാന്‍ എനിക്ക് പ്രയാസമില്ല. എങ്കിലും ഒരു കരുതലായി അവള്‍ എന്നോടൊപ്പം നടന്നു. എന്നെ എന്റെ മുറിയിലെ കട്ടിലില്‍ ഇരുത്തിയശേഷം അവള്‍ ചോദിച്ചു
‘ബ്രഷും പേസ്റ്റും ഞാന്‍ എടുത്തു തരട്ടെ?’
‘വേണ്ട. നീ നിന്റെ ജോലി നോക്ക്.’
മനസ്സില്ലാമനസ്സോടെ അവള്‍ താഴേക്കു പോയി.
കൂട്ടുകാരിക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ അവള്‍ കൂടുതല്‍ സുന്ദരിയായോ? എന്റെ മനസ്സ് അസൂയപൂണ്ട് ചോദിക്കുന്നു.
ബ്രഷ് ചെയ്തശേഷം ടോയ്‌ലറ്റില്‍ പോയി. മൂന്നു ദിവസമായി ഇന്നലെ രാത്രി മാത്രമാണ് അല്പം ആഹാരം കഴിച്ചത് ക്വാക്കര്‍ മീല്‍. അതുമൂലം പെട്ടെന്ന് വയറൊഴിഞ്ഞു. ചൂട് വെള്ളത്തില്‍ കുളിച്ചപ്പോള്‍ തലക്കുള്ളിലെ കെട്ട് വിട്ടു. മുഷിഞ്ഞ വസ്ത്രങ്ങള്‍ വരാന്തയിലെ കുട്ടയിലിട്ടു. ചാരുമതി അതെല്ലാം വാഷിങ് മെഷീനിലിട്ട് കഴുകിക്കോളും. അവളുടെ നിര്‍ദേശപ്രകാരമാണ് നാലു മാസം മുന്‍പ് വാഷിങ് മെഷീന്‍ വാങ്ങിയത്. അതിനുമുന്‍പ് ചാമരാജ് എന്ന അലക്കുകാരന്‍ തുണികളെല്ലാം അലക്കി തേച്ചു കൊണ്ടുവരും.
പൈജാമയിട്ട് ഷര്‍ട്ടിടുന്ന നേരത്താണ് ചാരുമതി കയറിവന്നത്. എന്നെ കണ്ടതും അവള്‍ ചോദിച്ചു?
‘ഇത്ര വേഗം കുളി കഴിഞ്ഞോ?’
ഞാന്‍ പുഞ്ചിരിച്ചു.
അവള്‍ എന്റെ തലയില്‍ കൈ കൊണ്ട് പരതി. വെള്ളം തോര്‍ത്തികളഞ്ഞോ എന്നു നോക്കിയതാണ്.
ഞങ്ങള്‍ താഴേക്കിറങ്ങി.
താഴെ മുറ്റത്ത് ജൂഡിത്ത് ചിത്രമെഴുത്തിലാണ്. മുറ്റം നിറയെ പന്തലിട്ടതുപോലെ തണല്‍.
ചാരുമതി ജൂഡിത്തിനെ പ്രാതല്‍ കഴിക്കാന്‍ വിളിച്ചു.
അവള്‍ പൂമുഖത്തേക്ക് കയറി വന്നു. വലിയ പുല്‍തൊപ്പിയാണവള്‍ ചൂടിയിരിക്കുന്നത്.
‘ഓ… ഇപ്പോള്‍ സ്മാര്‍ട്ടായല്ലോ.’ അവള്‍ എന്നോട്.
ഞാന്‍ ഒരു പകുതി പുഞ്ചിരിയോടെ അവളെ നോക്കി. അവളുടെ ചുവന്ന തൊലിക്ക് മങ്ങലേറ്റിട്ടുണ്ടോ എന്ന് ഞാന്‍ സംശയിച്ചു. പ്രഞ്ജ നവീകരിക്കപ്പെട്ടതിനാല്‍ സര്‍വ്വതിനോടും സന്ദേഹവും സംശയവും.
എന്റെ നോട്ടം ഇപ്പോള്‍ അവളുടെ പാദങ്ങളില്‍. അവളിപ്പോള്‍ ഇട്ടിട്ടുള്ളത് സാധാരണ വള്ളിച്ചെരിപ്പുകളാണ്. ചുവന്നനിറമുള്ള ചെരിപ്പുകള്‍.
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടെ ചാരുമതിയുടെ മുറിയില്‍ വെച്ചിരുന്ന എന്റെ സെല്‍ ഫോണ്‍ ശബ്ദിച്ചു. ചാരുമതി ഫോണെടുത്തു കൊണ്ടുവന്നു.
‘സര്‍ ഞാന്‍ അനന്തുവാണ്…’
‘ഓഹ്… ഇറ്റ് ഈസ് എ സര്‍പ്രൈസ്…’
‘ഹ… ഹ… ഒരു സര്‍പ്രൈസ് പറയാനാണ് സര്‍ ഞാന്‍ വിളിച്ചത്.’
‘ങ്ങാ… പറയെടോ…’
‘ങ്ങാ.. ഇത്തവണത്തെ മുല്‍ക്രാജ് ആനന്ദ് പുരസ്‌കാരം സാറിന്റെ വിട്രിയോളിനാണ് എന്ന് ഒരു വാര്‍ത്ത കേട്ടു. നമ്മുടെ നാരായണ്‍ ദേശായി സാറാണ് ഈ വിവരം തന്നത്.’
‘താങ്ക്‌സ് അനന്തു, എന്നെ പറ്റിക്കാനായി ആരെങ്കിലും ഫേക്ക് ന്യൂസ് വിട്ടതാണോ?’
‘ആവില്ല സര്‍, ദേശായിയെ സാറിനറിയാമല്ലോ.’
‘ഓക്കേ. ഇതിന്റെ വിശദ വിവരം അന്വേഷിച്ചു പറയാമോ?സ്ഥിരീകരിക്കാതെ ഈ വാര്‍ത്ത പുറത്തുവിടരുത.്’
‘ചെയ്യാം സര്‍.’
‘ഓക്കേ.’
സംഭാഷണമവസാനിപ്പിച്ച് ഞാന്‍ ഫോണ്‍ ചാരുമതിയുടെ കൈയല്‍ കൊടുത്തു.
‘എന്റെ ഒരു പഴയ ശിഷ്യനാ വിളിച്ചത്. അനന്തകുമാര്‍ പുരോഹിത്.’
ഞാന്‍ ചിത്രകാരികളോട് പറഞ്ഞു.
അവര്‍ ചപ്പാത്തി സബ്ജിയില്‍ മുക്കി കഴിച്ചുകൊണ്ടിരുന്നു.
‘ഒരു അവാര്‍ഡ് വിവരം പറയാന്‍ വിളിച്ചതാ അയാള്‍.’
ഇപ്പോള്‍ അവര്‍ രണ്ടുപേരും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരിക്കുന്നു.
‘എന്ത് അവാര്‍ഡ്?’
ജൂഡിത്ത് ചോദിച്ചു.
‘മുല്‍ക്രാജ് ആനന്ദിന്റെ പേരിലുള്ള അവാര്‍ഡ്. ഇന്‍ഡോ ആംഗ്ലിയന്‍ ഫിക്ഷന്‍ പ്രൈസ്.’
ചാരുമതി ചാടിയെഴുന്നേറ്റ് എന്നെ പുണര്‍ന്ന് കവിളില്‍ ഉമ്മവെച്ചു. അവളുടെ ചുണ്ടിലെ കറിയുടെ ശേഷിപ്പുകള്‍ എന്റെ കവിളില്‍ പതിഞ്ഞു.
എനിക്ക് അവളെ തടയാന്‍ കഴിയുന്നതിനുമുമ്പേ അവള്‍ ഇതെല്ലാം ചെയ്തുതീര്‍ത്ത് സംതൃപ്തിയടഞ്ഞതുപോലെ എന്നെത്തന്നെ നോക്കിനിന്നു. ജൂഡിത്ത് ചിരിച്ചുകൊണ്ട് കൂട്ടുകാരിയുടെ ആഹ്ലാദപ്രകടനം ആസ്വദിച്ചു.
‘ഇത് നമുക്ക് ആഘോഷമാക്കണ്ടേ?’
ജൂഡിത്തിന്റെ ചോദ്യം ചാരുമതിയോടായിരുന്നു.
‘ഞാനിത് സ്ഥിരീകരിക്കുന്നത്വരെ അതിനെക്കുറിച്ച് ഇനി ഒരു സംസാരവുമില്ല.’
എന്റെ പ്രതികരണം കേട്ടപ്പോള്‍ ജൂഡിത്ത് കൈനീട്ടി കളിയായി എന്റെ കവിളില്‍ തലോടി.
‘ഒരേ സമയം രണ്ടു ചിത്രകാരികള്‍ക്കൊപ്പം ജീവിക്കുന്ന ആദ്യത്തെ ഇന്‍ഡോ ആംഗ്ലിയന്‍ റൈറ്റര്‍ എന്ന അവാര്‍ഡ് ഞങ്ങള്‍ തന്നാല്‍ വാങ്ങുമോ?’
ജൂഡിത്തിന് എന്തു പറയുന്നതിനും മടിയില്ല.
എനിക്ക് ദേഷ്യം വന്നു.
‘ഡോണ്ട് മിസ് ബിഹേവ് ലൈക് ദിസ്. എന്നെ തരം താഴ്ത്താന്‍ നോക്കരുത്.’
എന്റെ ശബ്ദം പതിവുള്ളതിലും ഉയര്‍ന്നു. അതു കേട്ട് രണ്ട് ചിത്രകാരികളും അമ്പരന്നു. അവര്‍ നിശ്ശബ്ദരായി. ആകപ്പാടെ മൂകത പരന്നു.
ജൂഡിത്ത് ആഹാരം പൂര്‍ത്തിയാക്കാതെ എഴുന്നേല്‍ക്കാനൊരുങ്ങി. ഞാന്‍ അവളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
‘അത് മുഴുവനും കഴിച്ചിട്ട് എഴുന്നേറ്റാല്‍ മതി. ഭക്ഷണം പാഴാക്കാന്‍ ഞാന്‍ സമ്മതിക്കില്ല ‘
എന്റെ ശബ്ദത്തിന്റെ പാരുഷ്യം അവളെ വേദനിപ്പിച്ചെന്ന് തോന്നി.
അവള്‍ എങ്ങനെയൊക്കെയോ ആഹാരം മുഴുമിച്ച് എഴുന്നേറ്റു.
അവളുടെ മുഖം കണ്ടപ്പോള്‍ എനിക്ക് വേദന തോന്നി. കൈ കഴുകി മുറ്റത്തേക്കിറങ്ങാന്‍ ഒരുങ്ങിയ അവളുടെ പിന്നാലെ ചെന്ന് ഞാന്‍ പറഞ്ഞു:
‘ഈയിടെയായി ഞാന്‍ ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും ഇമോഷണലാവുന്നു. ഞാന്‍ വിഷമിപ്പിച്ചെങ്കില്‍ ദയവായി ക്ഷമിച്ചുകള.’
അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ വലതു കൈ രണ്ടുകൈകളും ചേര്‍ത്തു പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു
‘സര്‍ എന്തുതന്നെ പറഞ്ഞാലും അതൊക്കെ തല്‍ക്കാലത്തെ ദേഷ്യപ്രകടനമാണെന്ന് എനിക്കറിയാം. അങ്ങയെപ്പോലൊരു മാന്യനെ ഞാന്‍ ഇന്നുവരെ പരിചയപ്പെട്ടിട്ടില്ല.’
അവളുടെ സ്വരത്തിന് ചെറിയ നനവുണ്ടായിരുന്നു.
ഞാന്‍ പുഞ്ചിരിച്ചു. എന്റെ മനസ്സ് സാധാരണ നിലയിലായി.
‘ഞാന്‍ ഒരു സെക്‌സ്‌പ്ലോസിവ് പെയിന്റിംഗ് ചെയ്യുവാന്‍ ആലോചിക്കുന്നു. ഗുസ്താവ് കുര്‍ബയുടെ ലെ സൊമ്മെയ് എന്ന ചിത്രത്തിന് മറ്റൊരു ആഖ്യാനം.’
ഞാന്‍ മുറ്റത്തേക്കിറങ്ങി ചെന്നു.
രണ്ടു സുന്ദരിമാര്‍ നഗ്‌നരായി രതിയിലേര്‍പ്പെട്ടശേഷം മയങ്ങുന്ന വിവാദമുണര്‍ത്തിയ ആ ചിത്രം ചിത്രകലയിലെ ആദ്യത്തെ ലക്ഷണമൊത്ത ലെസ്ബിയന്‍പെയിന്റിംഗ് ആയി വിലയിരുത്തപ്പെടുന്നു. ചിത്രകാരനായ ജെയിംസ് വിസ്ലറുടെ കാമുകിയാണ് ആ ചിത്രത്തിലെ ചുരുള്‍മുടിക്കാരി. മറ്റേത് കൂര്‍ബെയുടെ കാമുകിയായിരുന്ന മോഡല്‍.
ഞാന്‍ ഇങ്ങനെ ചിന്തിച്ചു നില്‍ക്കെ ജൂഡിത്ത് പറഞ്ഞു:
‘നമ്മള്‍ക്കിടയില്‍ രഹസ്യങ്ങളൊന്നുമില്ല. അതിനാല്‍ ഈ ചിത്രത്തിന്റെ പൂര്‍ത്തീകരിച്ച ഭാഗം സര്‍ കാണണം.’
ഞാന്‍ മുറ്റത്ത് അവള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ മുന്നിലേക്ക് മെല്ലെ നടന്നു .
ജൂഡിത്തിന് വലിയ കാന്‍വാസുകള്‍ ചെയ്യുന്നതാണിഷ്ടം. അവളുടെ ചിത്രങ്ങള്‍ ഒന്നുപോലും ചെറിയതില്ല.
ജൂഡിത്ത് എന്നെ അവള്‍ ചിത്രമെഴുതാനുപയോഗിക്കുന്ന സ്റ്റൂളില്‍ പിടിച്ചിരുത്തി. അങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു:
‘ഞാന്‍ ഇത്രക്ക് പരാശ്രയനായെന്ന് നിനക്ക് തോന്നുണ്ടോ?’
‘ഓഹ്. ഇല്ല. ഒന്ന് സഹായിച്ചതാണ് സര്‍.’
ചിത്രം മിക്കവാറും പൂര്‍ത്തിയായിക്കഴിഞ്ഞു. വലിയ കട്ടിലില്‍ പരിസരം വിസ്മരിച്ചു രതിയിലേര്‍പ്പെടുന്ന രണ്ട് സുന്ദരിമാര്‍. ഈ രണ്ടു കോമളാംഗികളുടെ മുഖം എന്നെ അമ്പരപ്പിച്ചു. അടിയില്‍ കിടന്ന് ചുംബനമേറ്റു വാങ്ങുന്ന നഗ്‌നശരീരത്തിന്റെ മുഖത്ത് മൂക്കുത്തിയുണ്ട്. ചാരുമതി . അവളുടെ മെയ്യളവുകള്‍ പോലും സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അസൂറിയന്‍ മുഖവും ഇളം ചവപ്പ് ശരീരവും. ഉരുണ്ട് മനോഹരമായ സ്തനങ്ങള്‍. എഴുന്നേറ്റു നോക്കുന്ന മുലക്കണ്ണുകള്‍. ഗുഹ്യഭാഗം കൂട്ടുകാരിയുടെ തുടകള്‍ മറക്കുന്നുണ്ട്. കക്ഷത്തെ കുറ്റിരോമങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ പ്രായം. കാലില്‍ കൊലുസുകളുണ്ട്. കൂട്ടുകാരിയെ ഒരു പുരുഷനെപ്പോലെ പ്രാപിക്കുന്ന സുന്ദരിക്ക് ജൂഡിത്തിന്റെ മുഖം തന്നെ. എത്ര സൂക്ഷമായാണ് അവളുടെ മുതുകും ജഘനവും ഭാഗികമായി ദൃശ്യമാകുന്ന മാറിടവും (മുലകള്‍) ഗുദത്തിന്റെ സൂചനയും ഗോപ്യതയും രൂപം കൊണ്ടിട്ടുള്ളത്.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന മേശപ്പുറത്തു താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗുസ്താവ് കൂര്‍ബെയുടെ മുഖം പുറംചട്ടയാക്കിയ Thames and Hudson ചിത്ര പുസ്തകം.
തുടര്‍ന്ന് പശ്ചാത്തലത്തിലേക്ക് പ്രവേശിച്ച എന്റെ കാഴ്ചയും പ്രജ്ഞയും ചാരുമതിയുടെ കിടപ്പുമുറി തിരിച്ചറിയുന്നു. അവളുടെ ചിത്രങ്ങള്‍ ചുമരില്‍ ചാരി വെച്ചിരിക്കുന്നു. ചിത്രമെഴുത്തിനുള്ള സാമഗ്രികള്‍ മറ്റൊരു മേശപ്പുറത്ത് അടുക്കി വെച്ചിരിക്കുന്നു.
ഞാന്‍ ജൂഡിത്തിന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് എന്റെ അഭിപ്രായമറിയാനുള്ള ആകാംക്ഷയുണ്ട്.
ഞാന്‍ സ്റ്റൂളില്‍ നിന്ന് എഴുന്നേറ്റു.
‘ഇത് പൂര്‍ത്തിയാക്ക്.’
‘സര്‍ അഭിപ്രായം പറഞ്ഞില്ല.’
ഞാന്‍ ഒന്നും മിണ്ടാതെ തിരികെ പൂമുഖത്തേക്ക് നടന്നു.
അങ്ങനെ നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് ജൂഡിത്തിന്റെ സോളോയെക്കുറിച്ചാണ്; അതില്‍ ചെറിയൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച്.
ഹാളിലെത്തിയപ്പോള്‍ എനിക്ക് ചെറിയ കിതപ്പു തോന്നി ഞാന്‍ സാവധാനം സോഫയിലേക്കിരുന്നു. ചെറിയ ക്ഷീണം. തല ചുറ്റുന്നോ?
ഞാന്‍ സോഫയില്‍ ചാരി നീണ്ടു നിവര്‍ന്നു കിടന്നു. കണ്ണുകള്‍ അടച്ചു.
* * * * * * * * * * * *
ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ഹാളില്‍ സോഫയില്‍ കിടന്ന് ഞാന്‍ ഉറങ്ങിപ്പോയി. ചാരുമതി എന്റെ മുന്നില്‍ മുട്ടുകുത്തി ഇരിക്കുന്നു. അവളുടെ വലതു കൈപ്പടം എന്റെ ചുമലിലുണ്ട്. അതാണെന്നെ ഉണര്‍ത്തിയതെന്ന് തോന്നുന്നു. ് ഞാന്‍ കണ്ണു തുറന്നതിന്റെ ആശ്വാസം അവളുടെ മുഖത്ത് കാണാനുണ്ട്. അവളുടെ തൊട്ടടുത്തായി ജൂഡിത്ത് എന്നെ ഉറ്റുനോക്കിക്കൊണ്ട് നില്‍ക്കുന്നു.
എന്റെ കാഴ്ച ജനലിലൂടെ പുറത്തേക്ക് നീങ്ങി. ഇപ്പോള്‍ പുറത്ത് നല്ല പ്രകാശമുണ്ട്. സമയമെത്രയായ്ക്കാണും?
‘എത്ര നേരമായി ഉറങ്ങുന്നു?’ ജൂഡിത്തിന്റെ ചോദ്യം.
‘സമയമെത്രയായി?’ ഞാന്‍ ചോദിച്ചു.
‘രണ്ടു മണിയാകുന്നു…’
ചാരുമതി കൈത്തണ്ടയിലെ വാച്ചിലേക്ക് പാളിനോക്കി മടങ്ങിയെത്തി.
‘പത്തു പന്ത്രണ്ട് തവണയെങ്കിലും സാറിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. ആകാംക്ഷ കൊണ്ട് മൂന്നുനാലെണ്ണം ഞാന്‍ അറ്റന്‍ഡ് ചെയ്തു. ഉറങ്ങുന്നയാളെ ഉണര്‍ത്തേണ്ടെന്ന് കരുതി.’
‘ആരാ വിളിച്ചത്?’
‘മറന്നു പോയോ, പുരസ്‌കാരത്തിന്റെ കാര്യം.’
‘ഓഹ് അതെന്തായി?’
‘അത് സ്ഥിരീകരിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സരിന്‍ വിളിച്ചു, വികാസ് സര്‍ വിളിച്ചു, പിന്നെ കേരളത്തില്‍ നിന്നൊരു കാള്‍, പ്രൊഫ സോമലത, പിന്നെ…’
ഞാന്‍ കൈ ഉയര്‍ത്തി കാണിച്ചു.
അവള്‍ പട്ടിക നിരത്തുന്നത് നിര്‍ത്തി
ഞാന്‍ ഫോണ്‍ വാങ്ങിച്ചു പരിശോദിച്ചു. മൂന്നു നമ്പറുകള്‍ പരിചയമുള്ളവ ബാക്കിയെല്ലാം അപരിചിതം.
‘എനിക്ക് നിങ്ങള്‍ സെഡേറ്റീവ് തന്നിരുന്നോ?’
‘ഡോക്ടര്‍ നിശ്ചയിച്ച മരുന്നുകള്‍ മാത്രം.’ ചാരുമതി.
‘എനിക്കാ പ്രീസ്‌ക്രിപ്ഷന്‍ തരണം.’
‘ഓക്കേ.’
‘സര്‍ മുറ്റത്തു നിന്ന് കയറി ഒരു കിടപ്പ് കിടന്നതാ… ഞാന്‍ ഭയന്നുപോയി.’ ജൂഡിത്ത്.
‘ഭയക്കാനൊന്നുമില്ല. ജനിച്ചാല്‍ എന്നെങ്കിലും മരിക്കുമെന്ന കാര്യം നിശ്ചിതം.’
അതിനിടയില്‍ ഉച്ചഭക്ഷണം മേശമേല്‍ നിരന്നു.
നന്നായി ഉറങ്ങിയതുകൊണ്ടാവും എനിക്ക് വിശപ്പു തോന്നി. ഞാന്‍ അല്‍പ്പം ചോറും പരിപ്പുകറിയും നാരങ്ങ അച്ചാറും കഴിച്ചു. ജൂഡിത്ത് രണ്ടു ചപ്പാത്തിയും പരിപ്പുകറിയും വാഴപ്പഴവും കഴിച്ചു, ചാരുമതി അല്‍പ്പം ചോറും പരിപ്പുകറിയും ഒരു ചപ്പാത്തിയും.
അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാന്‍ രണ്ടുപേരോടുമായി പറഞ്ഞു:
‘ജൂഡിത്ത് ഈ സോളോ നടത്തുന്നതിനു പകരം ചാരുമതിയും കൂടി ചേര്‍ന്ന് ഒരു എക്‌സിബിഷന്‍ നടത്തിയാല്‍ പോരെ.’
രണ്ടുപേരും അതിനോട് പ്രകടമായി പ്രതികരിച്ചില്ല. എന്ത് പറയണമെന്ന് അറിയാഞ്ഞിട്ടായിരിക്കുമെന്ന് ഞാന്‍ സംശയിച്ചു.
‘നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചു എക്‌സിബിഷന്‍ നടത്തിയാല്‍ ചെലവ് പങ്കിടാന്‍ കഴിയും. രണ്ടുപേരും മുഴുവന്‍ സമയവും അതില്‍ മുഴുകും. അല്ലാതെ ഇവിടെ അടുക്കളപ്പണിയും തുണിയലക്കലും നടത്തുന്നതല്ല ഇവളുടെ ചുമതല.’
ജൂഡിത്ത് പൊട്ടിച്ചിരിച്ചു. അതുകണ്ടപ്പോള്‍ എനിക്കും ചിരിക്കാതിരിക്കാനായില്ല. അതിനു പിന്നാലെ ചാരുമതിയും ചിരിയില്‍ പങ്കുചേര്‍ന്നു.
എക്‌സിബിഷന്‍ ഒരുമിച്ചു നടത്താന്‍ തീരുമാനമായി. എല്ലാ ദിവസവും വൈകുന്നേരം അഞ്ചര മുതല്‍ എട്ടുവരെ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കണം. അതിനുള്ള ഏര്‍പ്പാടുണ്ടാക്കാം. നാളെ അതിന്റെ പ്രോഗ്രാം തയ്യാറാക്കണം…’ ഞാന്‍ ചാരുമതിയെ നോക്കിക്കൊണ്ട് പറഞ്ഞു.
‘നിങ്ങള്‍ രണ്ടുപേരും ലോകോത്തര നിലവാരമുള്ള ചിത്രകാരികളാണ്. ആദ്യം അത് മനസ്സിലുണ്ടായിരിക്കട്ടെ.’
‘അതൊക്കെ ശരിയായിരിക്കാം. പക്ഷേ…’ ചാരു പകുതിക്ക് നിര്‍ത്തി
‘എന്ത് പക്ഷേ?’ ഞാന്‍.
‘അവാര്‍ഡിന്റെ ട്രീറ്റ് വേണം.’ ജൂഡിത്തിന്റെ ആഗ്രഹം.
‘അതിനെന്താ… നിങ്ങള്‍ നിശ്ചയിച്ചോളു.’
‘നമുക്ക് ഇവിടെ ഒരു പാര്‍ട്ടി നടത്തിയാലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’
‘ആകാം.’ ഞാന്‍ സമ്മതിച്ചു.
പിറ്റേന്ന് രാവിലെ ചാരുമതിയും ജൂഡിത്തും പോര്‍ട്ടലിന്റെ ജോലികളില്‍ എന്നെ സഹായിച്ചു. സാഹിത്യവും കലയും മാത്രം വിഷയമാക്കിയ ഒരു ദ്വൈവാരിക എന്ന നിലയില്‍ മൊണ്ടാഷ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്നുവര്‍ഷം മുന്‍പ് മാത്രം ഒറ്റ പത്രാധിപന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച മൊണ്ടാഷിന് ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ സ്വീകാര്യത ലഭിച്ചു. ആറുമാസം കൊണ്ട് പരസ്യങ്ങള്‍ പെയ്തിറങ്ങി. ആവശ്യക്കാര്‍ക്ക് പരസ്യങ്ങള്‍ നിര്‍മ്മിക്കാനുള്ള സംവിധാനവും ഞാന്‍ ഒരുക്കി. അമിത് സെന്‍, ലീന കുരുവിള എന്നീ പത്രപ്രവര്‍ത്തകര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരു ദിവസം എന്ന കണക്കില്‍ മൊണ്ടാഷിന് വേണ്ടി ജോലി ചെയ്തു. ചാരുമതിയുടെ പേര് ആര്‍ട്ട് എഡിറ്ററുടെ മേല്‍വിലാസത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഈ പോര്‍ട്ടല്‍ കണ്ടയുടന്‍ ജൂഡിത്ത് ഒരു നിര്‍ദേശം വെച്ചു:
‘മാഡ്രിഡ്, പാരീസ് ജനീവ എന്നിവിടങ്ങളിലെ ഗാലറികളുമായി മൊണ്ടാഷിനെ ബന്ധിപ്പിക്കണം. അങ്ങനെയാണെങ്കില്‍ ഈ പോര്‍ട്ടലിന് ഗ്ലോബല്‍ റീച്ച് കിട്ടും.’
അതിനുള്ള സ്വാതന്ത്ര്യവും ചുമതലയും ഞാന്‍ അവള്‍ക്കു നല്‍കി. ഫ്രഞ്ചിലും സ്പാനിഷിലുമുള്ള പുത്തന്‍ കലാ സാഹിത്യ പ്രവണതകള്‍ മൊണ്ടാഷ് സ്വീകരിക്കാന്‍ ഒരുക്കമാണ്, ഞാന്‍ നയം വ്യക്തമാക്കി.
ആ ലക്കം മൊണ്ടാഷ് പുറത്തിറങ്ങിയത് ആ രണ്ടു കലാകാരികളുടെ മികവിലാണ്.
അമിത ജോലി അരുതെന്ന് ആ രണ്ടു കൂട്ടുകാരികളും എനിക്ക് മുന്നറിയിപ്പ് തന്നെങ്കിലും രണ്ടാഴ്ചക്കകം നടക്കാന്‍ പോകുന്ന എക്‌സിബിഷന്‍ പ്രോഗ്രാം ചാര്‍ട്ട് ചെയ്യുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ചയാണ്. അന്നും അതിന്റെ തലേന്നും ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ഞാന്‍ പരിശോധിച്ചു.
‘ഏതെങ്കിലും സെലിബ്രിറ്റി എവിടെയെങ്കിലുമൊക്കെ ഉണ്ടാകും’ ഞാന്‍ ചാരുമതിയോട് പറഞ്ഞു.
ഞങ്ങള്‍ മൂന്നുപേരും രണ്ടുദിവസം അത്തരം അന്വേഷണം നടത്തി. ഈ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുവാന്‍ പറ്റിയ ആള്‍ അപ്പോഴും ഞങ്ങളുടെ അറിവില്‍ നിന്ന് അകന്നു നിന്നു.
ബാംഗ്ലൂരിലെ ടൈംസ് നേഷന്‍ സ്റ്റുഡിയോയില്‍ പിറ്റേന്ന് രാവിലെ അതിഥിയായി പോകേണ്ടി വന്നു. യശ്വന്തിന്റെ നിര്‍ബന്ധം. അവാര്‍ഡ് ലഭിച്ചതിന്റെ വക. അവര്‍ കാറയച്ചു. ജൂഡിത്ത് എന്റെ സഹായിയായി വന്നു. അതിരാവിലെ എന്നോടൊപ്പം ഒരു വിദേശ വനിതയെ കണ്ടപ്പോള്‍ സ്റ്റുഡിയോയിലെ ആങ്കര്‍ക്ക് അതിശയം. ജൂഡിത്ത് ചിത്രകാരിയാണെന്നും പാരീസിലും ജെനീവയിലും എക്‌സിബിഷന്‍ നടത്തിയിട്ടുണ്ടെന്നും കേട്ടതോടെ ഗുജറാത്തിയായ പല്ലവി ഭാട്ടിയക്ക് അവളുടെ ആര്‍ട്ടിസ്റ്റിക് ലൈഫ് കവര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
മോര്‍ണിംഗ് ഗസ്റ്റ് പരിപാടി കഴിഞ്ഞ് അവര്‍ ഞങ്ങളെ വീട്ടില്‍ കൊണ്ടുവന്നാക്കി. ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ചാരുമതി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ഞങ്ങളെ കാത്തിരുന്നു.
രാവിലെ ജൂഡിത്ത് സ്റ്റുഡിയോയില്‍ ജോലിയാരംഭിച്ചു. ചാരുമതിക്ക് പുറത്ത് ഷോപ്പിങ്ങിന് പോകണമായിരുന്നു. ഞാന്‍ അവളെ അടുത്ത് വിളിച്ച് എന്റെ എ ടി എം കാര്‍ഡ് നീട്ടി. അവള്‍ അത് വാങ്ങുവാന്‍ സംശയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു
‘നോക്ക്, നിനക്ക് സ്ഥിരവരുമാനമാകുമ്പോള്‍ നീ നിന്റെ ഇഷ്ടം പോലെ ചെയ്‌തോ. എന്റെ കൈയില്‍ പണമില്ലാതാകുമ്പോള്‍ ഞാന്‍ നിന്നോട് വാങ്ങിച്ചോളാം. ഇപ്പോള്‍ ഇതുപയോഗിക്കണം.’
അവള്‍ കാര്‍ഡ് വാങ്ങിച്ചു.
‘പിന്‍ നിനക്കറിയാമല്ലോ?’
അവള്‍ തലയാട്ടി.
‘ജൂഡിത്ത് എനിക്ക് കുറച്ചു പണം തന്നിട്ടുണ്ട്. ഒരു ചെക്ക്.’
‘കുറച്ചെന്ന് പറഞ്ഞാല്‍?’
‘അമ്പത്.’
‘അമ്പതിനായിരം?’
‘അതെ.’
‘അത് തിരിച്ചു കൊടുത്തേക്ക്.’
‘ഞാന്‍ കൊടുത്തു അവള്‍ എന്റെ മേശയില്‍ വെച്ചു പോയി.’
‘ഞാന്‍ പറഞ്ഞോളാം.’
‘സാറിനോട് പറയരുതെന്ന് പറഞ്ഞു.’
ഞാന്‍ പറഞ്ഞു:
‘നന്നായി. അത് ഞാനവള്‍ക്ക് തിരിച്ചുകൊടുത്താല്‍ കൂടുതല്‍ നന്നായി.’
ചാരുമതിയുടെ ചുണ്ടിലും ചിരി.
അവള്‍ പോകാനിറങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു:
‘ട്രീറ്റ് ഇവിടെ വേണോ പുറത്ത് ഹോട്ടലില്‍ വേണോ?’
‘ഇവിടെ പോരെ?’
‘നിങ്ങളുടെ ഇഷ്ടം.’
‘ഇവിടെയാകാം.’
‘ശരി,’
അന്ന് രാത്രി ഞങ്ങള്‍ മാവിന്‍ചുവട്ടില്‍ ഒത്തുകൂടി. മാവിന്‍തറയോട് ചേര്‍ന്ന് ഒരു മേശ അവര്‍ രണ്ടുപേരും ചേര്‍ന്ന് കൊണ്ടുവന്നിട്ടിരുന്നു. മേശപ്പുറത്തു രണ്ടു മദ്യക്കുപ്പികള്‍ നാലു ഗ്ലാസുകള്‍ ഐസ് ക്യൂബ് നിറച്ച ഒരു സ്റ്റീല്‍ പാത്രം എന്നിവ നിരന്നു. ഉയരമുള്ള ഒരു സ്റ്റൂളിന്മേല്‍ രണ്ടു മെഴുകുതിരികള്‍ കത്തിച്ചു വെച്ചിരുന്നു. കഴിക്കാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂമുഖത്തിരിപ്പുണ്ട്. ജൂഡിത്ത് മുറ്റത്തെ ലൈറ്റ് കെടുത്തി. മെഴുകുതിരിവെളിച്ചത്തിലെ വിരുന്നിന് കൂടുതല്‍ സൗന്ദര്യവും സ്വകാര്യതയുമുണ്ടെന്ന് അവള്‍ വിശ്വസിക്കുന്നു.
ഞാന്‍ ആ മാവിന്‍തറക്ക് അഭിമുഖമായിട്ടിട്ടുള്ള കസേരയിലിരുന്നു. ചാരുമതി എനിക്ക് ഒരു ഗ്ലാസ് നീട്ടി.
‘ഇതെന്താ സാധനം?’ ഞാന്‍ ഗ്ലാസിലേക്ക് നോക്കി ചോദിച്ചു.
‘ബക്കാഡി. ഐസ് ഇട്ടിട്ടില്ല, വെള്ളവും.’
ചാരുമതി ചോളിയില്‍ കൂടുതല്‍ വശ്യയാണ്. കണ്ണുകളൊക്കെ ലഹരി പിടിച്ചതുപോലെ.
എന്റെ ഇടതുവശത്തെ കസേരയിലിരുന്നുകൊണ്ട് ജൂഡിത്ത് അവളുടെ സെല്‍ഫോണില്‍ എന്തോ നോക്കികൊണ്ടിരിക്കുന്നു.
ഞാന്‍ എന്റെ ഗ്ലാസിലേക്ക് സൂക്ഷിച്ചുനോക്കി. ഗ്ലാസിന്റെ പകുതിയില്‍ ബക്കാഡി. മേശപ്പുറത്ത് ഒഴിഞ്ഞിരിക്കുന്ന ഗ്ലാസിലേക്ക് ഞാന്‍ അതില്‍ പകുതി ഒഴിച്ചു, രണ്ടു ഐസ് ക്യൂബ് എടുത്ത് എന്റെ ഗ്ലാസിലേക്കിട്ടശേഷം അല്പം വെള്ളം ചേര്‍ത്തു. ഗ്ലാസ് മേശപ്പുറത്തു തന്നെ വെച്ച് ഞാന്‍ പറഞ്ഞു:
‘എന്റെ പുതിയ പുസ്തകം ഇറങ്ങി.’
ജൂഡിത്ത് സെല്‍ഫോണില്‍ നിന്ന് മുഖമുയര്‍ത്തി.
‘ഓഹ് ഗംഭീരം.’
അവള്‍ കസേര എന്റെ അടുത്തേക്ക് നീക്കിയിട്ടു.
‘ഞാന്‍ ഒരു ഉമ്മ തരട്ടെ?’
‘എന്തിന്?’
‘ഓവര്‍ ഡ്യൂ ആണ്. അന്ന് അവള്‍ തന്നപ്പോള്‍ എനിക്ക് തരാന്‍ കഴിഞ്ഞില്ല.’
‘ഓക്കേ… നിര്‍ബന്ധമാണെങ്കില്‍ തന്നേക്ക്. നിന്റെ ചുണ്ടിന്റെ ചൂടും എന്റെ കവിളില്‍ കിടക്കട്ടെ.’രതിലോലനായ കാമുകന്റെ ഭാഷയില്‍ ഞാന്‍ സമ്മതിച്ചു.
അവള്‍ എഴുന്നേറ്റ് കുനിഞ്ഞു നിന്ന് എന്റെ കവിളില്‍ ചുംബിച്ചു. കവിളില്‍നിന്ന് പിന്‍വാങ്ങി അവളെന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. ആ ചുണ്ടുകള്‍ എന്റെ ചുണ്ടുകളെ കെട്ടിപ്പുണര്‍ന്നു. കവിളിലെ ചുംബനത്തെക്കാള്‍ ദൈര്‍ഘ്യവും ചൂടും ഈ ചുംബനത്തിനായിരുന്നു. ഒരു നിമിഷം എനിക്ക് ശ്വാസതടസമുണ്ടായി.
ചാരുമതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവള്‍ രണ്ടു ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു മേശപ്പുറത്തു വെച്ചു.
ഞാന്‍ എന്റെ ഗ്ലാസ് ചുണ്ടോടടുപ്പിച്ച് ഒരിറക്ക് കഴിച്ചു. ജൂഡിത്തിന്റെ ഗ്ലാസ് പകുതിയില്‍ താഴെ. ചാരുമതി ഗ്ലാസില്‍ കുറച്ചുകൂടി വെള്ളം ചേര്‍ക്കുന്നു.
ഞാന്‍ ഒരിറക്ക് കൂടി കഴിച്ചു. ഉന്മേഷം വര്‍ധിച്ചതുപോലെ.
‘ഉന്മേഷദായിനിക്ക് നന്ദി.’
ചാരുമതി എന്റെ വാക്കുകള്‍ കേട്ട് കണ്ണുകളുയര്‍ത്തി.
‘മദ്യപാനത്തിന് ജന്റര്‍ ഇക്വാലിറ്റി കണ്ടെത്താനുള്ള എന്റെ ശ്രമം വിജയം കാണുന്നു.’
എന്റെ സംസാരം അമിതമായിപ്പോകുന്നതുപോലെ ഒരു തോന്നല്‍. വാക്കുകളൊക്കെ പുറത്തുനിന്ന് തലച്ചോറിലേക്ക് പറന്നു താഴുന്നു. ഗ്ലാസിലേക്ക് മദ്യമൊഴിക്കുന്ന ചാരുമതിയുടെ കൈത്തണ്ടയിലെ ചെമ്പന്‍ രോമങ്ങള്‍. അന്റോണിയോ ബരേസിക്കും ഇതുപോലുള്ള രോമങ്ങളായിരിക്കും.
ഈ ചിത്രകാരികളെല്ലാം അനാര്‍ക്കിസ്റ്റുകളായത് എന്തുകൊണ്ടാണ്?
എന്റെ മനസ്സ് എന്നോട് ചോദിക്കുന്നു.
അടുത്ത ഗ്ലാസ് പരതിക്കൊണ്ട് എന്റെ വലതുകൈ മേശപ്പുറത്തു ഇഴഞ്ഞു നീങ്ങുമ്പോള്‍ മറ്റൊരു കൈ അതിന്മേല്‍ പിടിമുറുക്കി.
‘ദിസ് ഈസ് ഇനഫ്.’ചാരുമതി .
അവളുടെ കല്പ്പന.
‘മൂന്നെണ്ണം കഴിഞ്ഞു ഇനി വേണ്ട.’
ബൈ ദ റിവേഴ്‌സ് ഓഫ് ബാബിലോണ്‍
വെര്‍ വി സാറ്റ് ഡൌണ്‍..
ജൂഡിത്ത് മൂളുന്നു..
ദേര്‍ വി വേര്‍…
ബോബി ഫാരലാകുന്നു ഞാന്‍. ചുവന്നമേലങ്കിയും ഹിസ്പാനിക് ചുരുള്‍മുടിയും.
രണ്ടു ചുവന്നു തുടുത്ത സുന്ദരിമാര്‍…
വയ്യ….
പ്രജ്ഞ പാഞ്ഞുപോകുന്നു.
(തുടരും)
Copy Right Reserved