മാരുതിയുടെ ആദ്യ ചെറു കാര്‍ ഫ്രോങ്സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമില്‍ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ ഫ്രോങ്സില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാണ് പുതിയ മോഡല്‍ എത്തുക. പുതിയ സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന ഇസഡ് സീരിസ് എന്‍ജിനായിരിക്കും പുതിയ കാറില്‍. ടൊയോട്ടയുടെ പാരലല്‍ ഹൈബ്രിഡില്‍ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്സില്‍. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്ജിന് പുറത്തിറക്കി ഡീസല്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ ക്ഷീണം തീര്‍ക്കാനാകും എന്നാണ് മാരുതി കരുതുന്നത്. ലീറ്ററിന് 35 മുതല്‍ 40 വരെ കിലോമീറ്റര്‍ ഇന്ധനക്ഷമത ഈ എന്ജിന് നല്‍കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ഹൈബ്രിഡ് ഫ്രോങ്സിനെ മാരുതി വിപണിയിലെത്തിക്കും. ഫ്രോങ്സിന് പിന്നാലെ ബലേനോ, സ്വിഫ്റ്റ് എന്നീ ജനപ്രിയ വാഹനങ്ങളുടേയും ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കും. സാങ്കേതികവിദ്യക്കൊപ്പം മൈലേജിലും ഞെട്ടിക്കും വിപ്ലവം നടത്താനാണ് മാരുതി ശ്രമം.