ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടികൾ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാർക്ക് ശിക്ഷ വാങ്ങിക്കൊടുത്തുവെന്നും യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എസ് എസ് എൽ സി, രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26-നാണ് പരീക്ഷകൾ അവസാനിക്കുക. വിദ്യാർത്ഥികൾക്ക് മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

 

 

മഴയത്തും ചോരാത്ത സമരവീര്യവുമായി ആശാവര്‍ക്കര്‍മാര്‍. മഴയില്‍ നിന്ന് രക്ഷപെടാന്‍ ടാര്‍പോളിന്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ നിന്നത്. എന്നാല്‍, ഹൈക്കോടി ഉത്തരവ് ഉണ്ടെന്ന് കാണിച്ച് പോലീസ് ടാര്‍പോളിന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും സമരക്കാര്‍ക്ക് ഉണ്ട്.

 

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവർക്കർമാർക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു. ആശാവർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളേപ്പോലെയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഇടതുസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും തങ്ങള്‍ക്കിടയില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണ് ഉണ്ടായിരുന്നതെന്നും ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ആശവര്‍ക്കര്‍മാരെ ബുദ്ധിമുട്ടിക്കാനാണ് സമരപ്പന്തല്‍ മറച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് പോലീസ് എടുത്തു മാറ്റിയതെന്നും പോലീസിനെ കൊണ്ട് സർക്കാർ ചെയ്യിപ്പിക്കുന്നതാണിതെന്നും ആറ്റിങ്ങൽ എം.പി അടൂര്‍ പ്രകാശ്. പാവപ്പെട്ട സഹോദരിമാർ മഴ നനഞ്ഞ് ഇരിക്കട്ടെ എന്നതാണ് ഇവരുടെ ചിന്തയെന്നും അത് ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. മഴയും നനഞ്ഞുകൊണ്ട് ഇവിടെ ഇരുന്നാൽ അസുഖം പിടിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്മാറട്ടെ എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

തിരുവനന്തപുരം ജില്ലയിൽ കനത്ത വേനൽ മഴ. അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെന്റി മീറ്റർ വീതം ഉയർത്തി. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.

 

ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരൻ പറഞ്ഞു.

 

പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി കേരളം. ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ ഒരു കെയര്‍ ഗ്രിഡിന് സംസ്ഥാന സർക്കാർ രൂപം നൽകുന്നു. തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ ഈ ചടങ്ങിൽ സന്നിഹിതരാകും.

 

മാർച്ച് മാസം വൈദ്യുതി ബിൽ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സർചാർജ്.

 

രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരുമിച്ചിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

 

കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം. അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഇൻകം ടാക്സും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂർ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ.

 

കോഴിക്കോട് താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന പ്രതിയുടെ വീട്ടിൽ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്.

 

അടുത്ത മൂന്ന് മണിക്കൂറിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാത്രി ഏഴ് മണിക്ക് നൽകിയ അറിയിപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നഗരത്തിൽ മണിക്കൂറുകളായി കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനിടെയാണ് പുതിയ അറിയിപ്പ്.

താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വിവരം. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.

 

എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

 

തിരുവനന്തപുരം വർക്കലയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലധികം പേർ ചികിത്സ തേടി. വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കഞ്ഞി സദ്യ കഴിച്ചവർക്കാണ് രണ്ട് ദിവസത്തിന് ശേഷം വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.

 

ബ്രൂവറിക്കെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. മദ്യവും മയക്കുമരുന്നും വ്യാപകമായിട്ടും വീണ്ടും മദ്യശാലകളും ബ്രൂവറികളും തുറക്കുന്ന ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി.

 

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെയാണ് വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പന്നിയെ പ്രദേശത്തെ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി.

 

 

കൊല്ലം കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരൻ്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് (70) കാട്ടുപന്നി ആക്രമിച്ചത്. പശുവിന് തീറ്റയെടുക്കാൻ ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വർഷം സർവീസ് പൂർത്തിയാക്കിയ ആശമാർക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നൽകുക. ഇതോടൊപ്പം ആശമാർക്ക് 180 ദിവസം മറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേണിറ്റി ലീവ് കാലാവധിയിൽ ആശാ വർക്കർമാർക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നൽകും.

 

റമദാൻ പ്രമാണിച്ച് ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് മാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

 

 

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

 

 

 

റമദാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് പ്രമാണിച്ച് മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വർധിപ്പിക്കുന്നതുൾപ്പടെയുള്ള റമദാനിലേക്കുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു. റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണിത്.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള വിവാദ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടണിലെത്തിയ യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിക്ക് വൻ സ്വീകരണമൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഓവൽ ഓഫീസിലെ കൂടിക്കാഴ്ചക്കിടയിൽ ട്രംപിൽ നിന്ന് നേരിടേണ്ടിവന്നത് ആക്രാശമായിരുന്നെങ്കിൽ ബ്രിട്ടനിൽ സെലൻസ്കിയെ കാത്തിരുന്നത് പ്രധാനമന്ത്രി സ്റ്റാർമറുടെ ആലിംഗനമായിരുന്നു. സെലൻസ്കിയെ കണ്ടയുടനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച സ്റ്റാർമർ, അദ്ദേഹത്തെ രാജ്യത്തെക്ക് ആനയിക്കുകയും ചെയ്തു.

 

ഗാസ മുനമ്പിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നത് തടഞ്ഞ് ഇസ്രയേല്‍. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേൽ തടഞ്ഞത്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

 

രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ വന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരിച്ചറിയൽ നമ്പർ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കിയാണ് വോട്ടു ചെയ്യാൻ അനുവദിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.

 

ഉയർന്ന അളവിൽ ബാക്ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്.

 

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം വൈകുന്നേരത്തോടെ കണ്ടെത്തി. തെർമൽ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചിൽ.മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.

 

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡയറക്ടര്‍ബോര്‍ഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്കെതിരേയും കേസെടുക്കാൻ മുംബൈ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *