ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നും 2021 ല്‍ പിന്‍വാങ്ങിയ ഫോഡ് തിരിച്ചെത്തുന്നു. യുഎസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള മറൈമലൈ നഗറിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതായി കമ്പനി അറിയിച്ചു കഴിഞ്ഞു. നികുതി നിരക്കുകള്‍ സംബന്ധിച്ചു സര്‍ക്കാരുമായുളള അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയായാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഫോഡും തിരിച്ചു വരവില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇ വി കള്‍ പുറത്തിറക്കാനായിരിക്കും. മാത്രമല്ല, കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കമ്പനി ശ്രമിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫോഡിനു പദ്ധതിയുണ്ട്. 2021 ല്‍ ഇന്ത്യയില്‍ നിന്നും ഫോഡ് പിന്‍വാങ്ങിയെങ്കിലും രാജ്യത്തെ വാഹന വിപണിയില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നിരുന്നില്ല.