കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ സമൂഹം ഒന്നിച്ചു പൊരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിര്‍വഹിക്കുകയായിരുന്നു വിദേശത്തുള്ള മുഖ്യമന്ത്രി . എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചു. ‘അധികാരത്തിന്റെ ഭാഷയിലല്ല. മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുകയാണ്. മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം പറഞ്ഞു.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, രോഹിത് എന്നിവരാണ്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. ഊട്ടിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസാണ് കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു പിറകില്‍ ഇടിച്ചു മറിഞ്ഞത്. പരിക്കേറ്റ നാല്പതോളം പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.
റോഡില്‍നിന്നു കൈകാണിച്ച യാത്രക്കാരനെ കയറ്റാന്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്നു നിര്‍ത്തിയതാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികള്‍. ടൂറിസ്റ്റ് ബസ് ബ്രേക്ക് ചെയ്തെങ്കിലും അമിത വേഗതമൂലം കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ വലതു പിന്‍വശത്തെ മൂന്നിലൊന്നു ഭാഗവും ടൂറിസ്റ്റ് ബസ് ഇടിച്ചു തകര്‍ത്തു. 97.7 കിലോമീറ്റര്‍ വേഗതയിലാണ് ടൂറിസ്റ്റു ബസ് ഓടിച്ചിരുന്നത്. എന്നാല്‍ കാറിനെ മറികടക്കാന്‍ ടൂറിസ്റ്റു ബസ് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്‌കൂളുകളില്‍നിന്നു വിനോദയാത്രയ്ക്കു പോകുമ്പോള്‍ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമവിധേയമായി ഫിറ്റനസുള്ള വാഹനങ്ങളിലേ യാത്ര പോകാവൂ. അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസ് പലതരം നിയമലംഘനങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി.
ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് ഹൈക്കോടതി. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നാളെ റിപ്പോര്‍ട്ട് തരണമെന്നു കോടതി.
കെഎസ്ആര്‍ടിസി ബസിലിടിച്ച് തലകീഴായി മറിഞ്ഞ ടൂറിസ്റ്റു ബസിനടിയില്‍ കുടുങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ക്രെയിന്‍ എത്തിച്ചു ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിയിരുന്ന കുട്ടികളെ പുറത്തെടുത്തത്. അപകടത്തിനു പിറകേ ഗതാഗതക്കുരുക്കുണ്ടായതുമൂലം രക്ഷാപ്രവര്‍ത്തനത്തിനുള്ള ആംബുലന്‍സുകളും ക്രെയിനും എത്തിക്കാന്‍ വളരെ പ്രയാസപ്പെട്ടു.
സംസ്ഥാനത്ത് ലഹരിക്കെതിരേ ഇനി ഒരു മാസം നീളുന്ന പരിപാടികള്‍. ഞായറാഴ്ച കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ലഹരി വിരുദ്ധ സഭ നടത്തും. 14 ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്, 16 ന് എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസുകള്‍ എന്നിവയാണു പ്രധാന പരിപാടികള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കും.
കൊച്ചി തീരത്തുനിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ ലഹരിവേട്ട. ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ നാവികസേന പിടികൂടി. ഇറാനിയന്‍, പാക്കിസ്ഥാനി പൗരന്മാരായ ആറുപേരെ കസ്റ്റഡിയിലെടുത്തു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കരാര്‍ അനുവദിക്കുന്നതിന് കരാറുകാരില്‍നിന്ന് കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് കഫ് സിറപ്പ് കഴിച്ചതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന വിമര്‍ശിച്ചതിനു പിറകേ, പ്രതിസ്ഥാനത്തായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടി. ഡല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലേക്കു മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ജീവനക്കാര്‍ സ്ഥലംവിടുകയും ഓഫീസ് പൂട്ടുകയുമായിരുന്നു.