സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വില ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയുമായി. ജനുവരിയിലെ യു.എസ് ചില്ലറ വിലക്കയറ്റ കണക്കുകള്‍ ഇന്നലെ പുറത്തു വന്നു. മൂന്ന് ശതമാനത്തിനു മുകളിലാണ്. ഇത് അടിസ്ഥാന പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കുന്നതില്‍ നിന്ന് ഫെഡറല്‍ റിസര്‍വിനെ പിന്തിരിപ്പുക്കുമെന്ന ആശങ്കകള്‍ക്കിടയിലും അന്താരാഷ്ട്ര സ്വര്‍ണ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. 2025ല്‍ മൊത്തം 0.40 ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 0.30 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. 2026 വരെ പണപ്പെരുപ്പതോത് ഫെഡ് ലക്ഷ്യമിടുന്ന രണ്ട് ശതമാനം എത്തില്ലെന്ന നിഗമനങ്ങളാണ് ഇതിന് കാരണം. വിലക്കയറ്റക്കണക്കുകള്‍ വന്നതിനു പിന്നലെ കടപ്പത്ര വരുമാനവും ഡോളര്‍ സൂചികയും ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങള്‍ വിപണികളില്‍ അനിശ്ചിതത്വം ഉണ്ടാക്കുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്.