web cover 17

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ അവ നടപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. പദ്ധതികള്‍ക്കു മാറ്റിവയ്ക്കേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നുള്ള വിവരങ്ങള്‍ കമ്മീഷനെ ബോധിപ്പിച്ച് അനുമതി നേടണമെന്നാണ് നിര്‍ദ്ദേശം. ആവശ്യമായ നിയമ ഭേദഗതിക്കും നീക്കമുണ്ട്. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിലപാടെടുത്തിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് വരവേല്‍പ്. നേതാക്കളാരും എത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ധാരാളം എത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നു. സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് തരൂര്‍ പറഞ്ഞു. മാറ്റം വേണമെന്നാണ് പൊതുവേയുള്ള പ്രതികരണം. മത്സരം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും തരൂര്‍.

ഫിസിക്സ് നോബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങര്‍ക്കുമാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഇന്നു വിജയദശമി. ക്ഷേത്രങ്ങളില്‍ വിദ്യാരംഭം. എഴുത്തിനിരുത്തലിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ‘ഓപ്പറേഷന്‍ ചക്ര’ റെയ്ഡുമായി സിബിഐ. രാജ്യത്തെ 105 കോള്‍ സെന്ററുകളില്‍ സിബിഐ പരിശോധന നടത്തി. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും പിടികൂടി. ഇന്റര്‍പോളും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പോലീസ്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് എന്നിവരും വിവരങ്ങള്‍ നല്‍കിയിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ്, കര്‍ണാടക, ആസാം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.

വിതുരയ്ക്കു സമീപം കല്ലാറിലെ വട്ടക്കയത്തിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തി. ബീമാപള്ളി സ്വദേശികളായ സഫാന്‍ (16), ഫിറോസ്(30), ജവാദ് (35) എന്നിവരാണു മരിച്ചത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ഒപ്പമുണ്ടായിരുന്ന ഇരുപതുകാരിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പഴക്കടയില്‍നിന്നു മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേ കേസ്. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നു മാമ്പഴം മോഷണം പോയ സംഭവത്തില്‍ സിസിടിവിയിലൂടെയാണ് കള്ളന്‍ പൊലീസാണെന്ന് വ്യക്തമായത്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.

എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയേറ്റില്‍ നിരാഹാര സമരം ആരംഭിച്ച് അവശനിലയിലായ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റു ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയതാണെന്നും പൊലീസ്.

തെരുവുനായ പ്രശ്നം കൊന്നൊടുക്കി പരിഹരിക്കാനാവില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പട്ടിയെ കൊല്ലുന്നത് നിയമ വിരുദ്ധമായതിനാല്‍ നിയമപരമായി നേരിടും. ശാസ്ത്രീയമായ പരിഹാരമാണു വേണ്ടതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും നോര്‍വേയില്‍ സ്വീകരണം. ഇന്ത്യന്‍ സ്ഥാനപതി ഡോ. ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്നു നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

ചികിത്സാപ്പിഴവുമൂലം അമ്മയും നവജാത ശിശുവും മരിച്ച കേസില്‍ പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തു. അജിത്, നിള, പ്രിയദര്‍ശിനി എന്നിവരാണ് അറസ്റ്റിലായത്. തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചതിനു കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്.

നിരോധിച്ച പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാരനു സസ്പെന്‍ഷന്‍. എറണാകുളം കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്.

സംസ്ഥാന പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്.

പോപുലര്‍ ഫ്രണ്ടിന്റ ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഇന്നലെ 49 പേര്‍ കൂടി അറസ്റ്റിലായി. ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ‘കൊലയാളി’യെന്നു വിശേഷിപ്പിച്ച് അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ഗിരിജയ്ക്കെതിരേ കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ അടക്കം മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിരുന്നു.

കായംകുളം വള്ളിക്കുന്നത് വീട് കയറി അക്രമിച്ച മുഖംമൂടി സംഘത്തെ പൊലീസ് പിടികൂടി. ഓച്ചിറ സ്വദേശികളായ അഖില്‍ ഡി പിള്ള, ആദര്‍ശ്, അസീസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആണ് വള്ളികുന്നം വട്ടക്കാട് അരുണ്‍ നിവാസില്‍ അഖില്‍, ഓച്ചിറ സ്വദേശി അനൂപ് ശങ്കര്‍ എന്നിവരെ മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടിയത്.

മൂന്നാറില്‍ പശുക്കളെ കൊന്ന കടുവ കെണിയില്‍ കുടുങ്ങി. വനപാലകര്‍ നയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണു പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പത്തു കന്നുകാലികളെയാണ് പുലി കൊന്നത്.

പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വയോധിക വെട്ടേറ്റു മരിച്ചു. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരി (68) യാണു മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 218.80 കോടി കോവിഡ് വാക്സിനുകള്‍ നല്‍കി. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാര്‍ച്ച് 16 നാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിലേറെ കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി.

ഉത്തരാഖണ്ഡില്‍ 50 യാത്രക്കാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് വീണു. പൗരി ഗാഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ആണ് അപകടം. ആറു പേരെ രക്ഷപ്പെടുത്തി.

ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടര്‍ന്ന് പത്തു പര്‍വതാരോഹകര്‍ ഉത്തരാഖണ്ഡില്‍ മരിച്ചു. ഇരുപതു പേര്‍ കുടുങ്ങിക്കിടക്കുന്നു. എട്ടു പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. ജവഹര്‍ലാല്‍ നെഹ്റു മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.

മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ അമ്പതോളം ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. 13 തമിഴ്നാട്ടുകാരെ നാട്ടിലെത്തിച്ചു. രണ്ടാഴ്ചയിലേറെയായി ഇവര്‍ മ്യാന്‍മറില്‍ ജോലി തട്ടിപ്പുകാരുടെ തടവിലായിരുന്നു.

ജമ്മു കാഷ്മീരില്‍ ജയില്‍ ഡിജിപി ഹേമന്ത് ലോഹിയയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷിച്ചിരുന്ന വീട്ടുജോലിക്കാരന്‍ യാസിര്‍ അഹമ്മദിനെ പിടികൂടി. മരണത്തെ കാത്തിരിക്കുന്നുവെന്ന് ഇയാളുടെ ഡയറിയില്‍ എഴുതിയതായി കണ്ടെത്തി.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ കുതിക്കുന്നു. സെപ്റ്റംബറില്‍ 11 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി കൈമാറിയത്. സെപ്റ്റംബറില്‍ 678 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

നാലു നഗരങ്ങളില്‍ ഇന്നു മുതല്‍ ജിയോ 5 ജി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ തെരഞ്ഞെടുത്ത ഉപഭോക്തക്കള്‍ക്ക് വെല്‍കം ഓഫര്‍ വഴി സേവനം ലഭ്യമാകും. അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു.

നവരാത്രിയോടനുബന്ധിച്ച് വിശാഖപട്ടണത്ത് 135 വര്‍ഷം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരിയുടെ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത് കറന്‍സി നോട്ടുകളും സ്വര്‍ണവും കൊണ്ട്. എട്ടു കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

അനധികൃതമായി വാഹനങ്ങള്‍ തടഞ്ഞ് പിഴയെന്നു പറഞ്ഞു പണം തട്ടിയ വ്യാജ പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ഫിറോസാബാദ് പോലീസാണ് യുപിക്കാരനായ മുകേഷ് യാദവിനെ പിടികൂടിയത്. വ്യാജ ആധാര്‍ കാര്‍ഡും പോലീസ് ഇന്‍സ്പെക്ടര്‍ ഐഡി കാര്‍ഡും ഉള്‍പ്പെടെയുള്ള വ്യാജ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകള്‍ കര്‍ണാടകയിലെ ശിവമോഗയില്‍. മടങ്ങിവരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് ചുമരെഴുത്ത്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്നു ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കേ വാറങ്കലില്‍ മദ്യവും കോഴിയും വിതരണം ചെയ്തു. ടിആര്‍എസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തില്‍ മദ്യം വിതരണം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റഷ്യന്‍ പൗരന്‍ മിഖായേല്‍ ഷര്‍ഗിന്‍ ചോര്‍ത്തിയ ജെഇഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്രയോജനപ്പെടുത്തി 820 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയെന്ന് സിബിഐ. ഈ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഏജന്റുമാര്‍ മറ്റൊരിടത്ത് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നാണ് കണ്ടെത്തല്‍.

റഷ്യയില്‍നിന്ന് അണ്വായുധ ഭീഷണിയുണ്ടെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കി. സമാധാന ചര്‍ച്ചയ്ക്കു മധ്യസ്ഥനാകാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഇരുവരും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണിലാണ് ഇങ്ങനെ സംസാരിച്ചത്. നയതന്ത്ര പാതയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നു മോദി നിര്‍ദേശിച്ചെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അമേരിക്കയിലെ സബ് വേ ട്രെയിനില്‍ യാത്രക്കാരെ ആക്രമിച്ച യുവതികള്‍ മൊബൈല്‍ ഫോണുകളും ക്രെഡിറ്റ് കാര്‍ഡുകളും കവര്‍ന്നു. ശരീരം മുഴുവന്‍ മറയ്ക്കുന്ന പച്ച നിയോണ്‍ വസ്ത്രമണിഞ്ഞ ആറു സ്ത്രീകളാണ് അതിക്രമം നടത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 49 റണ്‍സിന്റെ തോല്‍വി. സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് 104 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇയ്ക്ക് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് അനുമതി നല്‍കി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഔദ്യോഗിക ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സിഎന്‍ബിസി ടിവി-18 റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും. 2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും സീ, സോണി ലയനത്തിന് അനുമതി നല്‍കിയിരുന്നു. ലയനത്തിന് ശേഷം പുതിയ കമ്പനിയില്‍ സോണിക്ക് 50.86 ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ലയനം പൂര്‍ത്തിയായാല്‍, സോണി മാക്‌സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും പ്രവര്‍ത്തിക്കുക.

പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേ തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സിംഗപ്പൂറില്‍ നിന്നും ഫോണ്‍പേ ഇന്ത്യയിലെത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോണ്‍പേ പൂര്‍ത്തിയാക്കിയത്. 2022 അവസാനത്തോടെ ഫോണ്‍പേ, രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം 2023 -ഓടെ നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 2,800ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോണ്‍ പേ സൃഷ്ടിക്കുക.

ബോളിവുഡില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ റീമേക്ക് ചിത്രമാണ് വിക്രം വേദ. തമിഴില്‍ ചിത്രമൊരുക്കിയ പുഷ്‌കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ഓ സാഹിബാ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുംതാഷിര്‍ ആണ്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം ശേഖര്‍ രവ്ജിയാനിയും ചേര്‍ന്നാണ്. സെയ്ഫ് അലി ഖാന്‍ ആണ് റീമേക്കില്‍ വിക്രത്തെ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷന്‍ വേദയെയും. രാധിക ആപ്തെ, രോഹിത്ത് സറഫ്, ഇഷാന്‍ ത്രിപാഠി, യോഗിത ബിഹാനി, ദ്രഷ്ടി ഭാനുശാലി, ഷരീബ് ഹാഷ്മി, സത്യദീപ് മിശ്ര, സുധന്വ ദേശ്പാണ്ഡെ, ഗോവിന്ദ് പാണ്ഡെ, മനുജ് ശര്‍മ്മ, ഭൂപേന്ദര്‍ നെഗി, ദേവ് ചൌഹാന്‍, കപില്‍ ശര്‍മ്മ, വിജയ് സനപ്, സൌരഭ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ്ചന്ദര്‍ സംവിധാനം ചെയ്യുന്ന ആഹാ എന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യ നായകന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രകാശന്‍ എന്ന കഥാപാത്രത്തെ എസ്.ജെ. സൂര്യ പുനരവതരിപ്പിക്കും. ചിമ്പുവിനെ നായകനാക്കി വാല്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് വിജയ് ചന്ദറുടെ അരങ്ങേറ്റം. വിക്രം നായകനായ സ്‌കെച്ച്, വിജയ് സേതുപതിയുടെ സങ്കത്തമിഴന്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍, സംവിധാനം, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ സാന്നിദ്ധ്യം അറിയിക്കുന്ന എസ്.ജെ. സൂര്യ ഷങ്കര്‍ സംവിധാനം ചെയ്യുന്ന രാംചരണ്‍ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ സി3 ഹാച്ച്ബാക്കിന് ആദ്യ വില വര്‍ദ്ധന ഏര്‍പ്പെടുത്തി. സി3 യുടെ വില കമ്പനി 18,000 രൂപ വരെ വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശികമായി വികസിപ്പിച്ച സി3 ഹാച്ച്ബാക്ക് 2022 സെപ്റ്റംബറില്‍ ആണ് സിട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ മോഡല്‍ 5.71 ലക്ഷം മുതല്‍ 8.06 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയിലാണ് ലഭ്യമായിരുന്നത്. ടോപ്പ്-സ്പെക്ക് ടര്‍ബോ ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് വേരിയന്റിന് 9,500 രൂപ വില കൂടിയപ്പോള്‍, മറ്റ് വേരിയന്റുകളുടെ വില 17,500 രൂപയ്ക്ക് ഏകീകൃതമാണ്.

ഭാവതീവ്രമായ ഭാഷ കൊണ്ട് കഥ പറയുന്ന ഷിജു കല്ലുങ്കന്റെ ഓരോ കഥയും വായനക്കാരന്റെ മനസ്സില്‍ തട്ടുന്ന ആഖ്യാനങ്ങളാണ്. പ്രണയവും വിരഹവും, നിരാസവും, നിസ്സഹായതയും, ആത്മനൊമ്പരങ്ങളുമെല്ലാം എത്ര തന്മയത്വത്തോടെയാണ് കഥാകൃത്ത് വരച്ചു വെച്ചിരിക്കുന്നതെന്ന് ഇതിലെ ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നു. ‘ആറാം നിലയിലെ ബാല്‍ക്കണി’. കൈരളി ബുക്സ്. വില 209 രൂപ.

പ്രോട്ടീനുകള്‍ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ആവശ്യത്തിന് പ്രോട്ടീനുകള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം അവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. എന്നിരുന്നാലും, അമിതമായ ഒന്നും നല്ലതല്ല. അത് പ്രോട്ടീനുകള്‍ക്കും ബാധകമാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, നിങ്ങള്‍ കഴിക്കുന്ന പ്രോട്ടീനുകളുടെ അളവ് എപ്പോഴും പരിശോധിക്കണം. വളരെയധികം പ്രോട്ടീനുകള്‍ ആരോഗ്യത്തിന് ഹാനികരമാണ്. നിങ്ങളുടെ ഭക്ഷണം സമതുലിതമായിരിക്കുകയും അവയ്ക്ക് ആവശ്യമായ എല്ലാ മൈക്രോ ന്യൂട്രിയന്റുകളും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ശരീരത്തെ ആയാസപ്പെടുത്തുന്ന പോഷകാഹാരക്കുറവിലേക്ക് നയിച്ചേക്കാം. അധിക പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. കാരണം അധിക പ്രോട്ടീന്‍ ശരീരത്തില്‍ കൊഴുപ്പുകളായി സംഭരിക്കപ്പെടും, ഇത് ഒടുവില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ വളരെയധികം പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് മൂത്രത്തിലൂടെ നീക്കം ചെയ്യാന്‍ വൃക്കകള്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ നഷ്ടപ്പെടും. ഇത് ഒടുവില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രോട്ടീനുകളില്‍ നാരുകള്‍ ഇല്ല., ഇത് വയറിന് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. മലബന്ധത്തിലേക്കും ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുന്നു. പ്ലാസ്മ യൂറിയയുടെ ഉള്ളടക്കം മൂത്രത്തില്‍ കാല്‍സ്യം വിസര്‍ജ്ജനം, മൂത്രത്തിന്റെ അളവ് എന്നിവ വര്‍ദ്ധിപ്പിച്ച് പ്രോട്ടീന്‍ ഉപഭോഗം വൃക്കകളുടെ പതിവ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഇത് കിഡ്‌നിക്ക് അമിതഭാരം വര്‍ധിപ്പിക്കുകയും കിഡ്‌നി സ്റ്റോണിലേക്ക് നയിക്കുകയും ചെയ്യും.

*ശുഭദിനം*

*കവിത കണ്ണന്‍*

അനാവശ്യചിന്തകള്‍ തന്നെ അലട്ടുന്നു എന്ന പ്രശ്‌നവുമായി യുവാവ് ഗുരുവിനെ കാണാനെത്തി. ആശ്രമത്തിലെ വയോധികനായ സന്യാസിയോടൊപ്പം കുറച്ചു ദിവസം താമസിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. കുറച്ചുനാള്‍ ആ സന്യാസിയോടൊപ്പം കൂടെ നിന്നെങ്കിലും പ്രത്യേകിച്ചൊന്നും അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടെന്ന് ആ യുവാവിന് തോന്നിയില്ല. ഒരു ദിവസം രാത്രി സന്യാസി എല്ലാ പാത്രങ്ങളും കഴുകിവെയ്ക്കുന്നത് കണ്ടു. പിറ്റേദിവസം രാവിലെ അവ വീണ്ടും കഴുകുന്നത് കണ്ടു. ഇത് കണ്ട് യുവാവ് ചോദിച്ചു: ഇന്നലെ വൃത്തിയാക്കിയവ വീണ്ടും ഇന്ന് എന്തിനാണ് കഴുകുന്നത്? ആരും അത് ഉപയോഗിച്ചില്ലല്ലോ? സന്യാസി പറഞ്ഞു: രാത്രിയും പൊടിപടലങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടല്ലോ.. നീയും നിന്റെ മനസ്സ് രാത്രിയിലും രാവിലെയും വൃത്തിയാക്കിയാല്‍ നിനക്കും സന്തോഷത്തോടെ ജീവിക്കാം. തിരക്കുപിടിച്ച് ഓടിനടന്നാലേ ജീവിതം മഹനീയമാകൂ എന്നത് ഒരു തെറ്റിദ്ധാരണമാത്രമാണ്. സാധാരണപോലെ ജീവിച്ചാലും നന്നായി ജീവിക്കാം. അസ്വസ്ഥതയും ആകുലതയും എന്താണ് നിര്‍ബന്ധപൂര്‍വ്വം അടിസ്ഥാനഭാവമാക്കുന്നത്.. എല്ലാ ജീവിതങ്ങളും ഒരുപോലെയല്ല.. എല്ലാ ദിവസങ്ങളും ഒരുപോലെയല്ല.. ചിലര്‍ ഓടും, ചിലര്‍ നടക്കും, ചിലര്‍ ഇരുന്നു പ്രവര്‍ത്തിക്കും.. വിപ്ലവം സൃഷ്ടിക്കുകയും ചരിത്രം മാറ്റിമറിക്കുകയും ചെയ്തിട്ടുള്ളവര്‍ മാത്രല്ല ഭൂമിയില്‍ ജീവിച്ചിട്ടുള്ളത്.. നമുക്ക് ലഭിച്ചിട്ടുള്ള എണ്ണപ്പെട്ടദിനങ്ങള്‍ മനസമാധാനത്തോടെ ചെലവഴിച്ചവരുടെ ജീവിതവും സംതൃപ്തമായിരുന്നു. നാം വിശ്രമിക്കണം, സന്തോഷിക്കണം, ഉല്ലസിക്കണം, ഒന്നിനെക്കുറിച്ചും ആലോചിക്കാതെ കുറച്ചുസമയമെങ്കിലും നിശ്ശബ്ദമാകാനും വെറുതെയിരിക്കാം പഠിക്കണം.. അപ്പോള്‍ നമുക്ക് ഒരിക്കലും കാണാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും കാണാത്ത കാഴ്ചകള്‍ കാണാനും പഠിക്കാത്ത പാഠങ്ങള്‍ പഠിക്കാനും സാധിക്കും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *