web cover 15

ജപ്പാനിലേക്കു മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് തൊടുത്തത്. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനില്‍ പരിഭ്രാന്തി. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്കുമാറ്റി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തനിക്കു തടയിടാനാകാം വരണാധികാരി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ശശി തരൂര്‍. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളുടെ നടപടിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിലപാടെടുക്കട്ടെ. ഖാര്‍ഗെക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പരസ്യ പിന്തുണ പ്രഖ്യാപിച്ചതു ശരിയായ നടപടിയല്ല. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനിറങ്ങിയ തരൂര്‍ പറഞ്ഞു.

ആശ്രിത നിയമനം അവകാശമല്ലെന്നും ആനുകൂല്യമാണെന്നും സുപ്രിംകോടതി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചില്ലെന്ന് രാജ്ഭവന്‍. ചട്ടമനുസരിച്ച് ഗവര്‍ണറെ കണ്ട് വിവരങ്ങള്‍ അറിയിക്കണം. രേഖാമൂലം വിവരങ്ങള്‍ കൈമാറുകയും വേണം. ഇത്തവണ അതു ചെയ്തില്ലെന്നു രാജ്ഭവന്‍ ആരോപിച്ചു.

നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രതികളായ ബി.കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെയാണു വെറുതെ വിട്ടത്. രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് രാധയുടെ ആഭരണങ്ങള്‍ കണ്ടെത്തിയതടക്കമുള്ള തെളിവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങള്‍ അറിയാതിരിക്കാനാണ് രാധയെ കൊന്നതെന്നതിനു തെളിവുണ്ടെന്നും അപ്പീലില്‍ പറയുന്നു.

കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയവരെന്നു സംശയിക്കുന്ന പ്രതികളായ നാലു ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയതു കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. റെയില്‍വേ ഗൂണ്‍സ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്. സ്പ്രേ പെയിന്റുകൊണ്ടാണ് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ടം യാര്‍ഡില്‍ ഇവര്‍ ‘ബേണ്‍’, ‘സ്പ്ളാഷ്’ എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.

പ്രകൃതി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കോഴിക്കോട് ഗവേഷണ കേന്ദ്രം. കുന്ദമംഗലത്തെ ജലഗവേഷണ കേന്ദ്രമായ സിഡബ്ള്യു ആര്‍ഡിഎമ്മിലാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതകള്‍ പ്രവചിക്കാനുളള ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നത്. കാലാവസ്ഥാ മാറ്റവും പ്രകൃതിദുരന്തങ്ങളുമെല്ലാം കേരളത്തില്‍ തുടര്‍ക്കഥയായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. അവതാരകയുമായുള്ള കേസ് ഒത്തുതീര്‍ത്തെങ്കിലും വിലക്കു തുടരുമെന്നാണു സംഘടന പറയുന്നത്. ശ്രീനാഥ് ഭാസിയുടെ തൊഴില്‍ തടയുന്ന നടപടി അവസാനിച്ചെന്നാണു കരുതുന്നതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതിനു പിറകേയാണ് വിശദീകരണം.

വെറും 99 രൂപ പ്രീമിയം അടച്ചാല്‍ തെങ്ങുകയറ്റക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. നാളികേര വികസന ബോര്‍ഡാണ് കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണ കേസില്‍ രണ്ടു പ്രതികളെ പിടിക്കാതേയും തെളിവെടുപ്പു നടത്താതേയും പോലീസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്രമിക്കപ്പെട്ട സുരക്ഷാ ജീവനക്കാര്‍. കുറ്റവാളികളെ സഹായിക്കുന്ന പോലീസ് നയത്തിനെതിരേ പ്രതിരോധ മന്ത്രിയേയും രാഷ്ട്രപതിയേയും സമീപിക്കുമെന്നും സുരക്ഷാ ജീവനക്കാര്‍. കേസില്‍ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തത്.

വടക്കഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച നടത്തിയ രണ്ടു സ്ത്രീകള്‍ അടക്കമുള്ള ആറംഗ സംഘം പിടിയില്‍. തമിഴ്നാട് സ്വദേശികളായ പ്രതികള്‍ ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലായിരുന്നു മോഷണം നടത്തിയത്. കടത്തിക്കൊണ്ടുപോയ കാറും ബൈക്കും തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി. വജ്രാഭരണങ്ങള്‍ അടക്കം ഇരുപത്തഞ്ചര പവനും 10,000 രൂപയും ആണ് കവര്‍ന്നത്.

കൊച്ചി കായലിലെ ചളി കോരി കായലിന്റെ ഒരു ഭാഗത്തുതന്നെ നിക്ഷേപിച്ച് ജലസേചന വകുപ്പ്. വാട്ടര്‍ മെട്രോ ജലപാതകളെ താറുമാറാക്കിയാണ് ഭീമമായ തുക ചെലവിട്ട് അശാസ്ത്രീയ ഡ്രെഡ്ജിംഗ് നടത്തുന്നത്. മറൈന്‍ ഡ്രൈവില്‍ അടുത്തയാഴ്ച ഡിടിപിസി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനായാണ് കൊച്ചി കായലിലെ ചെളി കോരുന്നത്. ഗോശ്രീ പാലം മുതല്‍ മറൈന്‍ ഡ്രൈവിലെ കെഎസ്ഐഎന്‍സി ജെട്ടി വരെയാണ് ജലമേളയുടെ ട്രാക്ക്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നാണ് ഐഎംഎ മുന്നറിയിപ്പു നല്‍കി. വിദ്യാര്‍ത്ഥികളാണ് ഡോക്ടറെ മര്‍ദിച്ചത്.

മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളപ്പാച്ചലില്‍ ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. അരൂര്‍ ചന്തിരൂര്‍ മുളക്കല്‍പറമ്പില്‍ സുരേന്ദ്രന്റെ മകള്‍ ഹര്‍ഷയാണ് (24) മരിച്ചത്.

ഹൈദരാബാദില്‍ ലഷ്‌കര്‍ ഭീകരരെന്നു സംശയിക്കുന്ന അബ്ദുള്‍ സഹെദ്, മുഹമ്മദ് സമീഉദ്ദീന്‍, മാസ് ഹസന്‍ ഫാറൂഖ് എന്നിവരെ ചൈനീസ് ഗ്രനേഡുകള്‍ സഹിതം പിടികൂടി. നാല് ഗ്രനേഡുകള്‍ പാക് ഡ്രോണുകള്‍ എത്തിച്ച് നല്‍കിയാതാകാമെന്നാണു സംശയിക്കുന്നത്.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനെത്തിയ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ എന്നിവരുമായി ചര്‍ച്ച ചെയ്തു. ഇരുവരുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ ഒന്നിച്ചു മുന്നോട്ടു പോകണമെന്ന് സോണിയ നിര്‍ദേശിച്ചു. ഇന്നും സോണിയ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ വര്‍ഷത്തെ ജെ ഇ ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനായ റഷ്യക്കാരനെ സിബിഐ അറസ്റ്റു ചെയ്തു. കസാക്കിസ്ഥാനിലെ അല്‍മാട്ടയില്‍ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. പരീക്ഷയുടെ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്താണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്.

ബിജെപി ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നില്ലെന്ന് ആരോപിച്ച് ചവറുകൊണ്ടു നിര്‍മിച്ച രാവണക്കോലങ്ങള്‍ കത്തിക്കുന്ന സമരവുമായി ആംആദ്മി പാര്‍ട്ടി. ചൊവ്വാഴ്ച നഗരത്തിലെ 3,500 കേന്ദ്രങ്ങളില്‍ രാവണക്കോലം കത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സമരം ഹിന്ദു വിശ്വാസങ്ങളോടുള്ള അനാദരവാണെന്ന് ബിജെപി വക്താവ് ശങ്കര്‍ കപൂര്‍ പറഞ്ഞു.

യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തില്‍നിന്ന് പോലീസ് കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ലക്സര്‍ ഗ്രാമത്തിലാണ് സംഭവം. പണമടങ്ങിയ ബാഗ് കൈമാറി കുട്ടിയെ മോചിപ്പിച്ച ശേഷമാണ് പോലീസ് രംഗത്തെത്തി അക്രമികളെ പിടികൂടിയത്.

ഗുജറാത്തിലെ വഡോദരയില്‍ വര്‍ഗീയ സംഘര്‍ഷം. 40 പേരെ അറസ്റ്റു ചെയ്തു. സാവ്‌ലി ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉത്സവം അടുത്തിരിക്കെ, മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയതാണ് സംഘര്‍ഷത്തിനു കാരണം.

ഹിമാചല്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. വിവാദമായതോടെ അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലെയും ആകാശവാണിയിലെയും പത്രപ്രവര്‍ത്തകര്‍ പോലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായി.

സെമിനാറില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലേക്കു പോകാനുള്ള ആര്‍ജെഡി എംപി മനോജ് ഝായുടെ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. ഈ മാസം 22, 23 തീയതികളില്‍ നടക്കുന്ന നാലാമത് അസ്മ ജഹാംഗീര്‍ കോണ്‍ഫറന്‍സില്‍ ‘ജനാധിപതത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് ആര്‍ജെഡി എംപി മനോജ് കെ ഝാ അനുമതി തേടിയത്.

ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ വാളേന്തി ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ റാലി. റാലിക്കൊപ്പം പൊലീസും മന്ത്രിയും എംഎല്‍എയുമുണ്ട്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി ഇപ്പോള്‍ വിവാദത്തിലായി.

ഇറാനിലെ പ്രതിഷേധ സമരങ്ങള്‍ക്കു പിറകില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. 22 കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിനു പിറകേ ആരംഭിച്ച പ്രതിഷേധ പരമ്പരകള്‍ അമേരിക്കന്‍ സൃഷ്ടിയാണെന്നാണ് ആരോപണം.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ സര്‍ക്കാര്‍ നിയന്ത്രിത ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനക്കിടെ പ്രതിഷേധിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തക വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടു. യുക്രൈനില്‍ ജനിച്ച 44 കാരിയായ മറീന ഓവ്‌സ്യാനിക്കോവയാണ് വീട്ടുതടങ്കലില്‍നിന്ന് രക്ഷപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്വിറ്ററില്‍ വോട്ടെടുപ്പു പ്രഹസന പോസ്റ്റിട്ട ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്കിനെതിരെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദയും മസ്‌കിനെതിരെ രംഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രൈനിലെ നാല് പ്രദേശങ്ങളില്‍ യുഎന്‍ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രൈന് അനുകൂലമെങ്കില്‍ റഷ്യ പിന്മാറണമെന്നും മസ്‌ക് പോസ്റ്റിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച 37,200 രൂപയായിരുന്നു സ്വര്‍ണവില. തിങ്കളാഴ്ച 280 രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞമാസം 28ന് 36,640 രൂപയായിരുന്നു വില. സെപ്റ്റംബറിലെ താഴ്ന്ന നിലവാരമായിരുന്നു ഇത്. തുടര്‍ന്നുള്ള ഏതാനും ദിവസം കൊണ്ട് 1200 രൂപയിലധികമാണ് ഉയര്‍ന്നത്.

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസം അഞ്ചു ശതമാനത്തോളം താഴ്ന്ന സുഗന്ധ വ്യഞ്ജന കയറ്റുമതി ഉയര്‍ച്ചയുടെ പാതയില്‍. 2023 സാമ്പത്തിക വര്‍ഷം 450 കോടി ഡോളറിലേക്കാണ് കയറ്റുമതിയുടെ വളര്‍ച്ച. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 413 കോടി ഡോളറായിരുന്നു. ഒമ്പതുശതമാനത്തിന്റെ വളര്‍ച്ച. ജീരകം, മുളക്, മല്ലി, പുതിന തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങള്‍. രാജ്യത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ 15 മുതല്‍ 20 വരെ ശതമാനമാണ് കയറ്റുമതി ചെയ്യുന്നത്. ബാക്കി ആഭ്യന്തര ഉപഭോഗമാണ്. രാജ്യത്തെ വാര്‍ഷിക മൊത്ത ഉത്പാദനം 11 മില്യണ്‍ ടണ്ണാണ്. ചൈന, ബംഗ്ളാദേശ്, യു. എസ്. എ, ശ്രീലങ്ക, ഇന്‍ഡൊനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് പ്രധാനമായും കയറ്റുമതി.

പൃഥ്വിരാജ്, റഹ്‌മാന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി 2013ല്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രമായിരുന്നു മുംബൈ പൊലീസ്. നിയോ നോയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് ബോബി- സഞ്ജയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്. ഹണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മഹേഷ് ശൂരപാണിനിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് ഐപിഎസ് എന്ന നായക കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് സുധീര്‍ ബാബുവാണ്. ശ്രീകാന്ത് മേക, ഭരത് നിവാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. കാജോളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുജാത എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

ഉത്സവകാലത്തോടനുബന്ധിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍, സഫാരി എസ്യുവികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 2022 ഒക്ടോബറില്‍, ഈ രണ്ട് മോഡലുകളിലും വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടാറ്റ ഹാരിയര്‍ 5,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹാരിയര്‍ എക്സ്എംഎസ്, എക്സ്എംഎഎസ് വേരിയന്റുകള്‍ക്ക് യഥാക്രമം 17.20 ലക്ഷം രൂപയും 18.50 ലക്ഷം രൂപയുമാണ് വില. പുതിയ സഫാരി എക്സ്എംഎസ്, എക്സ്എംഎഎസ് മോഡലുകള്‍ യഥാക്രമം 17.96 ലക്ഷം രൂപയ്ക്കും 19.26 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു.

എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്‌നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. എണ്ണപ്പാടത്തിന്റെ ഭരണം, അധികാരം, ജനാധിപത്യം, ആദര്‍ശം, മതം, ഉദ്ഗ്രഥനം, വ്യാപാരം എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ അതൊരു സവിശേഷ രാജ്യമായി മാറുന്നു. ആരുടെയും ഒരു രാജ്യം. കീഴാള മുസ്ലിങ്ങളുടെ സാമൂഹികജീവിതം ആദ്യമായി ആലേഖനം ചെയ്യപ്പെടുന്ന മലയാള നോവല്‍. എന്‍.പി. മുഹമ്മദിന്റെ മാസ്റ്റര്‍പീസായി വിശേഷിപ്പിക്കപ്പെടുന്ന ‘എണ്ണപ്പാടം’ നോവലിന്റെ പുതിയ പതിപ്പ്. മാതൃഭൂമി ബുക്സ്. വില 399 രൂപ.

കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതായി പലപ്പോഴും രോഗികള്‍ മനസിലാക്കണമെന്നില്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതറിയാതെ തന്നെ ഇതിന്റെ പല പരിണിതഫലങ്ങളുമായും രോഗികള്‍ മുന്നോട്ട് പോകാം. ഇത് രോഗിയെയും അതുപോലെ ചുറ്റുമുള്ളവരെയും ബാധിക്കാം. രോഗിയുടെ തൊഴില്‍, സാമൂഹികജീവിതം, സാമ്പത്തികാവസ്ഥ എന്നിവയെ എല്ലാം ബാധിക്കാം. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ‘ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനപ്രകാരം തുടര്‍ച്ചയായ ആശയക്കുഴപ്പങ്ങള്‍, ചിന്തകളില്‍ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ചുഴലി, പക്ഷാതം, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിങ്ങനെ ഒരുപിടി പ്രശ്നങ്ങള്‍ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്റെ ഭാഗമായി പിടിപെടാം. കൊവിഡ് വന്ന് ഭേദമായി, മാസങ്ങള്‍ക്ക് ശേഷവും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കാണാവുന്നതാണ്. ഉറക്കമില്ലായ്മ, നിരന്തരം അസ്വസ്ഥത, മൂഡ് ഡിസോര്‍ഡര്‍, നിരാശ/വിഷാദം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, പെടുന്നനെയുള്ള ദേഷ്യം തുടങ്ങി ആത്മഹത്യാ പ്രവണത വരെയുള്ള പ്രശ്നങ്ങള്‍ രോഗി നേരിടുന്നു. തീര്‍ച്ചയായും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതാണ്. ഇതിന് പുറമെ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ കൂടി രോഗിയില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത് നിര്‍ബന്ധമാണ്. എയറോബിക് എക്സര്‍സൈസ് കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാം. പൊതുവെ വ്യായാമം വലിയ രീതിയില്‍ രോഗിയെ സഹായിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഒപ്പം തന്നെ നല്ല ഉറക്കം ദിവസവും ഉറപ്പുവരുത്തുക. ഇതിന് പുറമെ സാമൂഹികകാര്യങ്ങളില്‍ പങ്കെടുക്കുക, സംഗീതം പോലെ മനസിന് ആശ്വാസവും സന്തോഷവും പകരുന്ന കാര്യങ്ങളില്‍ സജീവായിരിക്കുക, വായന, സൗഹൃദം എന്നിങ്ങനെ തലച്ചോറിനെ പോസിറ്റീവ് ആയി സ്വാധീനിക്കുന്ന കാര്യങ്ങളിലെല്ലാം പങ്കാളിയാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.47, പൗണ്ട് – 92.78, യൂറോ – 80.45, സ്വിസ് ഫ്രാങ്ക് – 82.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 215.91, കുവൈത്ത് ദിനാര്‍ -262.98, ഒമാനി റിയാല്‍ – 211.86, സൗദി റിയാല്‍ – 21.67, യു.എ.ഇ ദിര്‍ഹം – 22.18, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 59.92.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *