ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് ആയാസവും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഈ രോഗം മൂലമുണ്ടാകുക. ഇത് അന്ധതയിലേക്ക് വരെ നയിക്കും. ഫോണ്‍ കണ്ണുകള്‍ക്ക് വളരെ അടുത്ത് പിടിക്കുന്നത് കണ്ണിന്റെ പേശികളില്‍ ആയാസം വര്‍ധിപ്പിക്കുന്നു. മങ്ങിയ വെളിച്ചം അല്ലെങ്കില്‍ ഇരുട്ടത്ത് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. കണ്ണിന് അസ്വസ്ഥതയും ക്ഷീണവും, കാഴ്ച മങ്ങല്‍, തലവേദന, വരണ്ട കണ്ണുകള്‍, കഴുത്തിനും തോളിനും വേദന, ഉറക്കമില്ലായ്മ എന്നിവയാണ് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങള്‍. സ്ക്രീന്‍ സമയം പരിമിതപ്പെടുത്തി ഇതിനെ പ്രതിരോധിക്കാം. തെളിച്ചം കുറയ്ക്കുക, നീല വെളിച്ച ഫില്‍ട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, സുഖകരമായ വായനയ്ക്കായി ഫോണ്ട് വലുപ്പം വര്‍ധിപ്പിക്കുക. സ്മാര്‍ട്ട്ഫോണ്‍ കണ്ണിനു നേരെ വയ്ക്കുക, 16-24 ഇഞ്ച് അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. വരള്‍ച്ച തടയാന്‍ കൂടുതല്‍ തവണ കണ്ണുചിമ്മാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുക. 20-20-20 നിയമം പാലിക്കുക. ഇത് കണ്ണിന്റെ ക്ഷീണം ഗണ്യമായി കുറയ്ക്കും. ആന്റി-ഗ്ലെയര്‍ സ്ക്രീനുകള്‍ തിളക്കം കുറയ്ക്കുകയും സ്ക്രീന്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കുറഞ്ഞ ആയാസം നല്‍കുകയും ചെയ്യുന്നു. കണ്ണുകള്‍ക്ക് അത്യാവശ്യമായ വിശ്രമം നല്കാന് ചെറിയ ഇടവേളകള്‍ ഉള്‍പ്പെടുത്തുക. ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിര്‍ത്തുക.