പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു.2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകി.കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശൻ പറഞ്ഞു.
ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും വ്യക്തമാക്കി. അതേ സമയം ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി.
നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എം.ൽ.എ.യുമായ മുകേഷിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും പോലും ഇളവ് കൊടുക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കണ്ണൂരിലും പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമെന്നും പിണറായി നിലപാട് വ്യക്തമാക്കി. സിപിഎം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്. അന്തർദേശീയ- ദേശീയ തലങ്ങളിൽ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനിൽക്കുമ്പോഴാണ് ചട്ടവിരുദ്ധ നിയമനം.
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യത്തിൽ ശ്രീതു ഒറ്റക്കല്ലെന്നു നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.
നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത് , ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.
കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
വഖഫ് നിയമ ഭേദഗതിയിൽ ജെപിസിയെ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി വഖഫിന്‍റെ അന്തസത്ത തകർക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാർലമെന്‍റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീർ എംപി. ജെപിസി റിപ്പോർട്ടിനെയും അതിന്‍റെ തുടർ നടപടികളെയും കീഴ്മേൽ മറിക്കുന്നതാണ് ഇന്നലെ മുതൽ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാർത്തകളുടെ അന്തസത്ത എന്നും അദ്ദേഹം പറഞ്ഞു .
ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. നിലപാടിൽ ഉറച്ചുനിൽക്കുമെന്നും കലാ രാജു കൂട്ടിച്ചേർത്തു. ഭരണപക്ഷം എതിർക്കപ്പെടേണ്ട തീരുമാനങ്ങൾ കൊണ്ടുവന്നാൽ എതിർക്കുമെന്നും കലാ രാജു പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭ കൗണ്‍സിൽ യോഗത്തിൽ ബഹളം. അടിയന്തര പ്രമേയത്തിന് യുഡിഎഫ് അംഗങ്ങള്‍ നൽകിയ നോട്ടീസിന് അനുമതി നൽകാതെ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് ബഹളമായത്. യുഡിഎഫ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കയ്യിലേന്തി പ്രതിഷേധിച്ചു.യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം സിപിഎം അംഗമായ കലാ രാജുവും പ്രതിഷേധിച്ചു. യുഡിഎഫിനൊപ്പം ഈ വിഷയത്തിൽ നിൽക്കുമെന്ന് കലാ രാജു വ്യക്തമാക്കി.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11 പേർ ജില്ലാ കമ്മിറ്റിയിൽ പുതിയതായി അംഗമാകും.പുതിയ ജില്ലാ കമ്മറ്റിയിലേക്ക് 11 പേരെയാണ് ഉൾപ്പെടുത്തിയത്. നേരത്തെ ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്ന എം വി നികേഷ് കുമാറിനെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായ കെ അനുശ്രീയെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്.
മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുളള നടപടികള്‍ക്ക് തുടക്കമിട്ട് കെഎംആര്‍എല്‍. അങ്കമാലിയിലേക്ക് പുതിയ മെട്രോ പാതയ്ക്കായി പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചു.നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്‍റെ പ്രാഥമിക പദ്ധതി.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്.
കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഏറ്റുമാനൂരിൽ ഒരു തട്ടുകടയിലാണ് നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ് അക്രമം നടത്തിയത്. പ്രതി ജിബിൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.
മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവർ നൽകിയ വിവരമാണ് കേസിൽ നിർണായകമായത്.
മംഗളുരുവിൽ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. ദക്ഷിണ കന്നഡയിൽ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവർ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി തേവർ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ കുറിച്ചും പൊലീസിന് മൊഴി നൽകിയത്.
രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷമായി ആം ആദ്മി പാർട്ടി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 10 വർഷം ഭരിച്ചിട്ടും എഎപിക്ക് ദില്ലിയിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല.ധനം ഉണ്ടാക്കാതെ ജനങ്ങൾക്ക് അത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഒരു രാഷ്ട്രീയക്കാരന് എന്ത് അവകാശമാണ് ഉള്ളതെന്നും നായിഡു വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
എല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്.
അതീവ ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഓഫീസർ കല്പന നായക്. പൊലീസ് റിക്രൂട്ട്മെന്‍റ് പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ തന്നെ കൊല്ലാൻ ശ്രമം നടന്നു എന്നാണ് എഡിജിപിയുടെ ആരോപണം. കഴിഞ്ഞ ജൂലൈയിൽ താൻ എത്തുന്നതിന് തൊട്ടുമുൻപ് ചേംബറിൽ സംശയകരമായ രീതിയിൽ അഗ്നിബാധ ഉണ്ടായെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കല്പന ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രം പടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി. 158 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. ഇതില്‍ 152 പേരും പൂനെയില്‍ നിന്ന് മാത്രമാണ്. 48 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 23 രോഗികൾ വെന്‍റിലേറ്ററിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട ജിബിഎസ് രോഗികള്‍ക്ക് ഒരുലക്ഷം രൂപ സര്‍ക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വട്ടിപ്പലിശക്കാരെ കർശനമായി നിയന്ത്രിക്കാൻ കർണാടക നിയമം കൊണ്ടു വരുന്നു. റജിസ്റ്റർ ചെയ്യാത്ത വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങിയ ആരും മുതലും പലിശയും തിരിച്ച് കൊടുക്കണ്ട. ആ പണം തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർക്കോ അത്തരം സ്ഥാപനങ്ങൾക്കോ കോടതിയെയോ പൊലീസിനെയോ സമീപിക്കാനാകില്ലെന്നതടക്കം നിഷ്കർഷിക്കുന്ന നിയമമാണ് കൊണ്ടുവരുന്നത്.
സ്വന്തം താമസസ്ഥലത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. കാക്കനാട് കളക്ടറേറ്റിൽ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂൾ അധികൃതരിൽ നിന്നും മൊഴി രേഖപ്പെടുത്തും.
കർഷകരുടെ ക്ഷേമത്തിനാണ് മുൻഗണ നൽകുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ. ഇത് ഉറപ്പ് വരുത്തുന്നതിനായി കർഷക സമൂഹത്തിന്റെ പ്രധാന ആവശ്യങ്ങളായ വെള്ളവും വൈദ്യുതിയും നൽകുന്നതിന് വേണ്ടിയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ അറിയിച്ചു.
കർണാടകയിലെ അവസാനത്തെ മാവോയിസ്റ്റായി കണക്കാക്കപ്പെടുന്ന ലക്ഷ്മി ഞായറാഴ്ച ഉഡുപ്പിയിൽ കീഴടങ്ങി. ഉഡുപ്പി ഡെപ്യുട്ടി കമ്മിഷണർ വിദ്യ കുമാരി, എസ്പി അരുൺ കെ എന്നിവരുടെ സാന്നിധ്യത്തിലാണ് കീഴടങ്ങിയത്. സംസ്ഥാന നക്സൽ കീഴടങ്ങൽ കമ്മിറ്റി അംഗങ്ങളും 2020ൽ ആന്ധ്ര പ്രദേശിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുമായ ശ്രീപൽ, ഭർത്താവ് സലിം എന്നിവർക്കൊപ്പമാണ് ലക്ഷ്മി കീഴടങ്ങാൻ എത്തിയത്. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
ജാതി സെൻസസ് കണക്ക് പുറത്ത് വിട്ട് തെലങ്കാന. ജനസംഖ്യയുടെ പകുതിയിലധികം ഒബിസി വിഭാഗമെന്ന് കണക്കുകൾ വിശദമാക്കുന്നത്. മന്ത്രി ഉത്തം കുമാർ റെഡ്ഡിയാണ് ഇന്നലെ കണക്കുകൾ പുറത്ത് വിട്ടത്. തെലങ്കാന കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്. റെക്കോഡ‍് വേഗത്തിൽ ജാതി സെൻസസ് കണക്കെടുപ്പ് പൂർത്തിയാക്കി എന്നാണ്സർക്കാർ വിശദമാക്കുന്നത്.
ഡോളറിനെതിരേ കൂപ്പുകുത്തി രൂപ. വിനിമയനിരക്ക് 67 പൈസ കുറഞ്ഞ് ഒരു ഡോളറിന് 87.11 രൂപ എന്ന നിലയിലെത്തി. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരേ അമേരിക്ക വ്യാപാരയുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് രൂപയും ഇടിഞ്ഞത്.