പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണില്‍ അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് 2022-23 അധ്യയന വര്‍ഷം വരെ നല്‍കിയിരുന്നു. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി ഉയർന്നതോടെ നിലവിൽ ഗ്രേസ് മാർക്ക് നൽകുന്നില്ല. അതിനാൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.
എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ജലചൂഷണം ഉണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കെ കൃഷ്ണൻകുട്ടി ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അറിയിച്ചു. ഡാമുകളിലെ ജലശേഷി കൂട്ടിയാൽ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാമെന്നും ഇക്കാര്യം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എലപ്പുള്ളിയിലെ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണെന്നും മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കുമെന്നും നമുക്ക് ഇക്കാര്യത്തിൽ മുൻ അനുഭവങ്ങളുണ്ടല്ലോ എന്നും അവർ പറഞ്ഞു.
കോവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ചും പാലക്കാട് ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിലും നിയമസഭയിലും പുറത്തും യാതൊരു ലജ്ജയുമില്ലാതെ അഴിമതിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിയാരോപണങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ലജ്ജാകരമായ ലജ്ജാകരമായ മറുപടി പറയുന്നതിന് ഇപ്പോൾ ഒരു മടിയും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സമയം തേടി വിജിലൻസ്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാൽ രണ്ടുമാസം കൂടി സമയമാണ് വിജിലൻസ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലൻസ് അന്വേഷണം. മാർച്ച് 25 ന് കേസ് വീണ്ടും പരിഗണിക്കും.
ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകിയെന്നാണ് വിവരം.
പി.പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
മാരാമൺ കൺവെൻഷൻ വിവാദത്തിൽ പ്രതികരിച്ച് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം പിജെ കുര്യൻ. വി ഡി സതീശനെ ഒഴിവാക്കാൻ താൻ ഇടപെട്ടിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭാംഗം ആണെങ്കിലും ഇതുവരെ കൺവെൻഷന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യൻ വിശദമാക്കി.
നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്രയെ പുറത്താക്കിയിരുന്നു. എന്നാൽ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.
സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നുവെന്നും ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈൻ മടവൂർ. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്നും രാഷ്ട്രീയ പാർട്ടികൾ അതിൽ അഭിപ്രായം പറയേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈൻ മടവൂർ കുറ്റപ്പെടുത്തി.
മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെ വയനാട്ടിൽ നിന്നെത്തിച്ചു. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറ്റിൽ നിന്നും കയറ്റിവിട്ട ആന വനത്തിന്റെ അതിർത്തി ഭാഗത്തോ കൃഷിയിടത്തിലോ നിൽക്കുന്നുണ്ടെങ്കിൽ ആനയെ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
സൈബർ തട്ടിപ്പ് കേസിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ നൗഷാദ്, മുഹമ്മദ് അഫ്സൽ എന്നിവരെ അറസ്റ്റ് ചെയ്തു. 24 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇൻഫോപാർക്ക് പോലീസിന്റെ അറസ്റ്റ്. ട്രേഡിങ് വഴിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. ഒരു കോടി തട്ടിയ കേസിൽ കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ സ്വദേശിയായ അധ്യാപികയെ ഇൻഫോപാർക്ക് പോലീസ് പിടികൂടിയിരുന്നു.
ചോറ്റാനിക്കര പഞ്ചായത്തിന്‍റെ സാമ്പത്തിക സഹായത്തോടെ ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച് കൈമാറിയ സാഫല്യം ഫ്ളാറ്റ് സമുച്ചയം കേവലം എട്ടു വര്‍ഷം കൊണ്ട് വാസയോഗ്യമല്ലാതായെന്ന് റിപ്പോർട്ട്. ഫ്ളാറ്റ് പൂര്‍ണമായി പൊളിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്നതോടെ നിര്‍മാണ കാലത്ത് പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തി.
മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്.
അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്.
അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മറ്റൊരു കാട്ടാനയെക്കൂടി പരിക്കേറ്റ് കണ്ടതായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഡിസംബർ അവസാനമെടുത്ത ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് കെഎസ്എഫ്‍ഇ ഉദ്യേഗസ്ഥൻ കൂടിയായ എൻ വൈ മനേഷിന്റെ അവകാശവാദം.
ദില്ലി നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസ്. നഗരത്തിന് ചുറ്റും ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് സ്ഥാപിച്ച ക്യാമ്പുകളിൽ നിരവധി ആളുകളാണ് തണുപ്പിൽ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളിൽ അഭയം തേടുന്ന ആളുകൾക്ക് മരുന്ന് മുതൽ ഭക്ഷണം വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോഷ് നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തിൽ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തൽ. പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.
ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്‍റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈ ആന്‍റ് മഹാരാഷ്ട്ര പൊലീസ് ആക്‌ട് പ്രകാരം ശബ്ദമലിനീകരണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. മതം നോക്കാതെ ഡെസിബെൽ ലെവൽ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.
മഹാരാഷ്ട്രയിലെ ജാൽഗാവിൽ ട്രെയിനിടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നിൽ ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്‌സ്പ്രസിലെ ചായ വിൽപനക്കാരൻ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാർ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിന് പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചത്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു എന്നാൽ, രാഹുൽ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ ധാരണയുണ്ടെന്ന് സമ്മതിച്ച് സിദ്ധരാമയു. പാർട്ടി ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് താൻ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാൾ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടർന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നൽകി സമൂഹ മാധ്യമ കുറിപ്പ് പിൻവലിപ്പിക്കാൻ ശ്രമം നടത്തി ഇൻഡിഗോ എയർലൈൻസ്. പ്രഖർ ഗുപ്ത എന്ന വ്യക്തിയുടെ യാത്ര മുടങ്ങിയതിനെ തുടർന്ന് ഇൻഡിഗോയെ വിമർശിച്ച് കൊണ്ട് ഇദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ കുറിപ്പെഴുതിയിരുന്നു. ഈപോസ്റ്റ് പിൻവലിക്കുന്നതിന് 6,000 രൂപ വാഗ്ദാനം ചെയ്തെന്നും പ്രഖർ ഗുപ്ത തന്നെയാണ് സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്.
കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ദീകരിച്ച് 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിലെത്തുക. 48 വർഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ ആയുധ നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ആർഡിഎക്സ് നിർമ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം.
ജില്ലാ കളക്ടറും പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
ഐസിസി പുരസ്കാര പ്രഖ്യാപനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്‍റെ നായകന്‍. അസലങ്ക ഉള്‍പ്പെടെ ശ്രീലങ്കയുടെ നാലു താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും മൂന്ന് താരങ്ങൾ വീതവും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി. ആറ് ഏകദിനം മാത്രം കളിച്ച ഇന്ത്യൻ ടീമില്‍ നിന്ന് ഒരു താരം പോലും ഐസിസിയുടെ ഏകദിന ടീമിലില്ല.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് നാടകീയമായി പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്. അലക്സാണ്ടര്‍ സ്വരേവുമായുള്ള മത്സരത്തിന്‍റെ ആദ്യ സെറ്റ് സ്വരേവ് 7-6 ടൈ ബ്രേക്കറില്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ജോക്കോവിച്ച് പിന്‍മാറിയത്. ഇതോടെ വാക്കോവര്‍ ലഭിച്ച സ്വരേവ് ഫൈനലിലെത്തി. ഇടതു കാല്‍മുിട്ടിലെ പരിക്കുമൂലമാണ് ജോക്കോവിച്ച് ആദ്യ സെറ്റിന് ശേഷം പിന്‍വാങ്ങിയത്.