വായ്പ വിതരണത്തില്‍ 50,000 കോടി രൂപ കടന്നും വായ്പ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചും കേരള ബാങ്കിന് മികച്ച നേട്ടം. കേരള ബാങ്ക് രൂപവത്കരണ സമയത്ത് 37,766 കോടി രൂപയായിരുന്നു ആകെ വായ്പ. വ്യക്തികളും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളും ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കാണ് 50,000 കോടി രൂപയുടെ വായ്പ ഇതിനകം വിതരണം ചെയ്തത്. ആകെ വായ്പയില്‍ 25 ശതമാനം കാര്‍ഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുമാണ് നല്‍കിയത്. ചെറുകിട സംരംഭക മേഖലക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 45 ബാങ്കുകളില്‍ വായ്പ ബാക്കിനില്‍പ് 50,000 കോടിക്ക് മുകളിലെത്തിയ അഞ്ച് ബാങ്കുകളുടെ പട്ടികയിലും കേരള ബാങ്ക് ഇടംനേടി. കേരളം ആസ്ഥാനമായ ബാങ്കുകളില്‍ വായ്പ ബാക്കി നില്‍പില്‍ രണ്ടാംസ്ഥാനം കേരള ബാങ്കിനാണ്. കേരളത്തിലെ ആകെ ബാങ്ക് വായ്പയുടെ 8.42 ശതമാനം കേരള ബാങ്ക് വഴി നല്‍കുന്ന വായ്പകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളില്‍ 50,000 കോടി വായ്പ ബാക്കി നില്‍പ് പിന്നിട്ട ആദ്യ ബാങ്കും കേരള ബാങ്കാണ്. നിലവില്‍ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത് കേരള ബാങ്കാണ്.