2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ വര്‍ധിപ്പിച്ചു. ഈ കാറിന്റെ മൂന്ന് വേരിയന്റുകളിലും 3.25% മുതല്‍ 3.70% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എംജി വിന്‍ഡ്സര്‍ ഇവിയുടെ പ്രാരംഭ വില ഇപ്പോള്‍ 14 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. വില വര്‍ധനവ് നിലവില്‍ വന്ന ശേഷം എംജി വിന്‍ഡ്സര്‍ ഇവിയുടെ എക്സൈറ്റ് വേരിയന്റിന്റെ വില 13,99,800 രൂപയായി. 13,49,800 രൂപയായിരുന്നു പഴയ വില. 14,99,800 രൂപയുണ്ടായിരുന്ന എക്സ്ക്ലൂസീവ് ട്രിമ്മിന്റെ വില 14,99,800 രൂപയാണ്. ടോപ് എന്‍ഡ് എസെന്‍സ് വേരിയന്റിന് ഇനി മുതല്‍ 15,99,800 രൂപ ചിലവ് വരും. മുമ്പ് ഈ വേരിയന്റ് 15,49,800 രൂപയ്ക്ക് കിട്ടിയിരുന്നു. എക്സ്ഷോറൂം വിലകളാണിത്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ എംജി വിന്‍ഡ്സര്‍ ഇവിക്ക് നല്ല ഡിമാന്‍ഡ് ആണ്. പ്രതിമാസം 3,000-ലധികം കാറുകളാണ് വിതരണം ചെയ്യുന്നത്. വിലയിലെ മാറ്റം ഒരുപക്ഷേ വില്‍പ്പനയില്‍ പ്രതിഫലിച്ചേക്കാം.