◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും ദ്വിഗ് വിജയ് സിംഗും മുകുള്‍ വാസ്നികും മല്‍സരിക്കും. മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗിനെ ശശി തരൂര്‍ സന്ദര്‍ശിച്ചു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ‘എതിരാളികളുടെ പോരാട്ടമല്ല, സഹപ്രവര്‍ത്തകരുടെ സൗഹൃദ മത്സര’മെന്ന കുറിപ്പോടെ ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചു.
◾കോവിഡ് കാലത്തെ മാസ്‌ക്, അകലം പാലിക്കല്‍ കേസുകള്‍ പിന്‍വലിക്കും. ഒന്നര ലക്ഷത്തോളം കേസുകളാണു പിന്‍വലിക്കുക. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിയമപ്രകാരമേ ആകാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആരെയും വേട്ടയാടേണ്ട. സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടര്‍മാരുടെയും എസ്പിമാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com
◾രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്ക് ബഫര്‍ സോണ്‍ നിയമത്തില്‍നിന്ന് സുപ്രീം കോടതി ഇളവു നല്‍കി. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ്. മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇളവ് അനുവദിച്ചത്.
◾ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് വിദഗ്ധ സമിതി.
◾നാളെ മുതല്‍ കെഎസ്ആര്‍ടിയില്‍ ആഴ്ചയില്‍ ആറു ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കും. തൊഴിലാളി നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക. നാളെ പണിമുടക്ക് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പോപ്പുലര്‍ ഫ്രണ്ടിനു തീവ്രതുര്‍ക്കി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. തുര്‍ക്കിയില്‍ മനുഷ്യാവകാശ സംഘടനയെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് എന്ന സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സഹകരിച്ചെന്നാണു റിപ്പോര്‍ട്ട്. ഈ സംഘടന 2014 ല്‍ സിറിയയിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കിയെന്ന ആരോപണമുണ്ട്. ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.
◾സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയര്‍ത്തുക. പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളനം ടാഗോര്‍ തീയറ്ററിലുമാണു നടക്കുക.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍നിന്നും പിന്തുണ. എംകെ രാഘവന്‍ എംപി, ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ തരൂരിനെ പിന്തുണക്കും.
◾മയക്കുമരുന്നു കേസുകളില്‍ ഒന്നിലേറെ തവണ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ഈ നിയമം നടപ്പാക്കും.
◾ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ഇന്നലെ 155 പേരെകൂടി അറസ്റ്റുചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
◾കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ഉത്തരവിനെതിരെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച തുക കെട്ടിവയ്ക്കാത്തതാണു കാരണം.
◾ഹിന്ദു ആചാര്യ സഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി ശങ്കര വിജേന്ദ്ര പുരിയുടെ എറണാകുളം പിരാരൂരിലെ താമസ സ്ഥലത്ത് പെട്രോള്‍ ബോംബേറ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിലും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും ആചാര്യ സഭാ പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. അതിലുള്ള വിരോധമാകാം ആക്രമണത്തിനു കാരണമെന്ന് ശങ്കര വിജേന്ദ്ര പുരി പറഞ്ഞു.
◾ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മാമാങ്കത്തില്‍ കീശനിറച്ച് കുടുംബശ്രീ. ഭക്ഷണം വിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് പത്തേകാല്‍ ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. നാല്‍പതിനായിരത്തോളം കാണികള്‍ക്കു പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം പേര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം നല്‍കി.
◾മണ്ണാര്‍ക്കാട് നഗരസഭ അധ്യക്ഷന്‍ സി മുഹമ്മദ് ബഷീറിന്റെ ഷോപ്പിംഗ് കോംപ്ളക്സ് ചട്ടം ലംഘിച്ച് നിര്‍മിച്ചതാണെന്നും നികുതി വെട്ടിച്ചെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. 1991.29 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ 2013 ലാണ് മുഹമ്മദ് ബഷീറിന് അനുമതി നല്‍കിയത്. ഇപ്പോള്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം 7,528.88 ചതുരശ്ര മീറ്ററാണ്. അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റര്‍ നിര്‍മിച്ചു. 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറിനെ വിജിലന്‍സ് പിടികൂടി. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2,500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കിയില്‍ പ്രകടനം നടത്തിയ ഏഴു പേര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഏഴുപേരും ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
◾തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
◾കട്ടപ്പനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി സ്വദേശികളായ ഗോകുല്‍, മെബിന്‍ എന്നിവരാണ് പിടിയിലായത്.
◾പീഡനകേസില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് (23)നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തത്.
◾സിബിഐ രാജ്യവ്യാപകമായി ‘ഓപ്പറേഷന്‍ ഗരുഡ’ എന്ന പേരില്‍ നടത്തിയ ലഹരിവേട്ടയില്‍ എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 175 പേരെ അറസ്റ്റു ചെയ്തു. 127 കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
◾കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ എം വണ്‍ കാറ്റഗറിയിലുള്ള പാസഞ്ചര്‍ കാറുകള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ കാറുകള്‍ക്ക് വിലകൂടും. ഡ്രൈവറെ കൂടാതെ എട്ടു സീറ്റുകള്‍ വരെയുള്ള കാറുകളാണ് എം 1 കാറ്റഗറിയിലുള്ളത്.
◾രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍. ഗുണ്ടല്‍പേട്ടില്‍നിന്ന് രാവിലെ ഒമ്പതിനാണ് പദയാത്ര തുടങ്ങുക. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളില്‍ എത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര.
◾സോണിയഗാന്ധിയെ സന്ദര്‍ശിച്ച് രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ മാപ്പു പറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഗെലോട്ടിന്റെ പ്രതികരണം. പിന്നീട് സച്ചിന്‍ പൈലറ്റും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
◾നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ 34,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മോദിയെ സൂറത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
◾യുക്രെയിനിലെ റഷ്യന്‍ അധിനിവേശ മേഖലകളെ റഷ്യയോടു കൂട്ടിച്ചേര്‍ക്കും. റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന നാലു മേഖലകളയാണ് റഷ്യയുടെ ഭാഗമായി ഇന്നു പ്രഖ്യാപിക്കുക. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപനം നടത്തും.
◾മുപ്പത്താറാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ തുടക്കം. അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 36 ഇനങ്ങളിലാണു മല്‍സരം. 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഏഴായിരം താരങ്ങളാണ് പങ്കെടുക്കുന്നത്. 2015 ല്‍ കേരളത്തില്‍ നടന്ന ഗെയിംസിനുശേഷം ഏഴു വര്‍ഷം കഴിഞ്ഞാണ് ദേശീയ ഗെയിംസ് എത്തുന്നത്.
◾വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുമെന്ന് ഗൂഗിള്‍. ഇതിനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നത് നീക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് ഇതിനായി നിലവില്‍ വരിക. സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം. റിസള്‍ട്ട്‌സ് എബൗട്ട് യൂ ടൂളില്‍ വലത്തേ അറ്റത്തുള്ള മുന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ റിമൂവ് ഓപ്ഷന്‍ ഉണ്ടാവും. നിലവില്‍ ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിനെ സമീപിച്ചാണ് ഇതു ചെയ്യാനാവുക. ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്താല്‍ വെബില്‍ നിന്ന് വിവരങ്ങള്‍ പോവില്ല, എന്നാല്‍ അതു സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവും.
◾ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നരില്‍ മൂന്നാമനായിരുന്നു മെറ്റാ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇപ്പോള്‍ സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായി. ഫോര്‍ബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിപ്പോള്‍ 11-ാം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കര്‍ബര്‍ഗ് ടോപ് 10-ല്‍ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ സക്കര്‍ബര്‍ഗിന് തന്റെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി ഫോര്‍ബ്സ് പറയുന്നു. 76.8 ബില്യണ്‍ ഡോളര്‍ വരുമത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവനിപ്പോള്‍ 11-ാം സ്ഥാനത്തേക്കാണ് താണുപോയത്. ഫോര്‍ബ്സ് ലിസ്റ്റ് പ്രകാരം നിലവില്‍ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 57.7 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹം തന്റെ കമ്പനിയുടെ പേര് ഫേസ്ബുക്കില്‍ നിന്ന് ‘മെറ്റ’ എന്നതിലേക്ക് മാറ്റി. ഈ നീക്കത്തോടെ കമ്പനിയുടെ മൂല്യം കാര്യമായി ഇടിയാന്‍ തുടങ്ങി. ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവന്നു.
◾രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് തമന്നയാണ്. തെന്നിന്ത്യയിലെ പ്രമുഖ നായികാ താരത്തിന്റെ മലയാളം അരങ്ങേറ്റചിത്രമാണിത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി തമിഴ് താരം ശരത് കുമാറും എത്തും. പ്രമുഖ ബോളിവുഡ് താരം ദിനോ മോറിയയും ഈ ചിത്രത്തിന്റെ ഭാഗമായെത്തും. 1999ല്‍ പുറത്തെത്തിയ പ്യാര്‍ മേം കഭീ കഭീ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിനോ മോറിയ വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്.
◾ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പൂവന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആക്ഷന്‍ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ആന്റണിയുടെ, വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സൂപ്പര്‍ ശരണ്യയിലെ അജിത് മേനോനെ അവതരിപ്പിച്ച് കയ്യടി നേടിയ വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ എന്നിവര്‍ ‘പൂവനില്‍’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മണിയന്‍ പിള്ള രാജു, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്.
◾ഉത്സവ സീസണിന് മുന്നോടിയായി ഹീറോ കണക്റ്റിനൊപ്പം പുതിയ എക്സ്ട്രീം 160ആര്‍ സ്റ്റെല്‍ത്ത് 2.0 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. എക്‌സ്ട്രീം 160ആര്‍ ശ്രേണിയുടെ ഈ പുതിയ വേരിയന്റ് 1,29,738 രൂപ എക്‌സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. പുതിയ ബൈക്കിന്റെ ബുക്കിംഗ് രാജ്യത്തുടനീളം തുറന്നു. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും. ഈ വേരിയന്റില്‍ ബിഎസ്6കംപ്ലയിന്റ് 163 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹൃദയം. 14.9ബിഎച്ച്പിയും 14എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു.
◾എക്കാലത്തേക്കുമായി മനസ്സില്‍ വരച്ചിട്ടു പോകുന്ന അനേകം ജീവിതസന്ദര്‍ഭങ്ങള്‍, അതിമനോഹരവും വിസ്തൃതവുമായ ഭൂഭാഗഭംഗി, കഥാപാത്രങ്ങളുടെ മനസ്സിനകത്തുനിന്ന് ഇറങ്ങി വരുന്ന സംഭാഷണങ്ങള്‍, വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ എന്നിങ്ങനെ പല അടരുകളുമുള്ള നോവല്‍. നോവലിന്റെ രസച്ചരടാവട്ടെ പീക്കിങ്ങില്‍ നിന്നുള്ള ആ കത്താണ്. മനോഹരമായ ഒരു പ്രണയകാവ്യവും അതേസമയം ശക്തമായ ഒരു സ്ത്രീപക്ഷ നോവലും കാമ്പുറ്റ ഒരു രാഷ്ടീയ നോവലും ആകുന്നു ഈ കൃതി. ‘പീക്കിങ്ങില്‍ നിന്നുള്ള കത്ത്’. പേള്‍ എസ് ബക്ക്. പരിഭാഷ- സിന്ധു കെ.വി. കൈരളി ബുക്സ്. വില 247 രൂപ.
◾കഴുത്ത് വേദന പലരുടെയും പ്രശ്‌നമാണ്. ചില ആയുര്‍വേദ ചികിത്സാരീതികള്‍ കഴുത്ത് വേദന കുറയ്ക്കും. ചൂടുവെള്ളത്തില്‍ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും പേശികള്‍ അയയാനും സഹായിക്കും. എന്നാല്‍ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴുത്ത് അനക്കാന്‍ കഴിയാത്ത അത്രയും വേദനയാണെങ്കില്‍ കോഴിമുട്ടയുടെ വെള്ളയില്‍ ഇന്തുപ്പും നെയ്യും ചേര്‍ത്തു ചാലിച്ച് ചൂടാക്കി കഴുത്തില്‍ പുരട്ടാം. എരുക്കിലയില്‍ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തില്‍ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാന്‍ സഹായിക്കും. ദിവസവും കുളി കഴിഞ്ഞു നെറുകയില്‍ രാസ്നാദി ചൂര്‍ണം തിരുമ്മുന്നത് നല്ലതാണ്. കഴുത്ത് വേദനയുള്ളവര്‍ തണുത്ത കാറ്റും മഞ്ഞും ഏല്‍ക്കാതെ നോക്കണം. കര്‍പ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നത് കഴുത്തു വേദനയ്ക്ക് വളരെ നല്ലതാണ്.
ശുഭദിനം
കവിത കണ്ണന്‍
രണ്ട് സന്യാസിമാര്‍ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. നടന്ന് നടന്ന് അവര്‍ ഒരു പുഴയ്ക്ക് അരികിലേക്ക് എത്തി. പുഴ മുറിച്ചുകടക്കാന്‍ മുന്നോട്ട് നടക്കുമ്പോഴാണ് ഒരു സുന്ദരിയായ യുവതി പേടിച്ച് പുഴയ്ക്കരികില്‍ നില്‍ക്കുന്നത് കണ്ടത്. ഇതുകണ്ട് സന്യാസിമാരില്‍ ഒരാള്‍ അവളെ തോളിലേറ്റി പുഴ കടന്നു. പുഴയ്ക്ക് അക്കരെയത്തിയപ്പോള്‍ ആ യുവതി സന്യാസിമാരോട് നന്ദി പറഞ്ഞു യാത്രയായി. സന്യാസിമാര്‍ രണ്ടുപേരും യാത്ര തുടര്‍ന്നു. ദീര്‍ഘദൂരം പിന്നിട്ടു. പക്ഷേ, രണ്ടാമനായ സന്യസി പിന്നീട് ഒന്നും മിണ്ടിയില്ല. ആദ്യത്തെ സന്യാസി കാരണമന്വേഷിച്ചു. അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: നിങ്ങള്‍ ആ യുവതിയെ സ്പര്‍ശിച്ചതും തോളത്തേറ്റിയതും ശരിയായില്ല. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: സുഹൃത്തേ, അവളെ സഹായിക്കാന്‍ ആണ് ഞാന്‍ തോളത്തേറ്റിയത്. അവളെ ഞാന്‍ ആ പുഴവക്കില്‍ ഉപേക്ഷിക്കുകയും ചെയ്തു. പക്ഷേ, താങ്കള്‍ ഇത്ര നേരവും അവളെ കൊണ്ടു നടക്കുകയായിരുന്നു.. അവളെ ഇവിടെ ഉപേക്ഷിച്ചു സന്തോഷമായി യാത്ര തുടരൂ.. നമ്മുടെ ചുമലിലും ഇതുപോലെ ഇനിയെങ്കിലും താഴെവെയ്‌ക്കേണ്ട ചിലതില്ലേ.. ഏതെങ്കിലും കടവില്‍ ഉപേക്ഷിക്കാമായിരുന്നിട്ടും, ഇപ്പോഴും കൊണ്ടുനടക്കുന്ന ചില ഓര്‍മ്മകളുടെ ചുമടുകള്‍. ബുദ്ധന്‍ ഇങ്ങനെ പറയുന്നു. നമ്മുടെ ജീവിതത്തില്‍ പ്രധാനമായി കാണേണ്ട മൂന്ന് കാര്യങ്ങളാണ് ഉള്ളത്. 1) സ്‌നേഹിച്ചപ്പോള്‍ എത്ര നന്നായി സ്‌നേഹിച്ചു..2)എത്ര രസമായി ജീവിച്ചു..3) പിന്നെ പോകാന്‍ ആഗ്രഹിച്ച ഒരാളെ എത്ര വൃത്തിയായി പോകാന്‍ അനുവദിച്ചു… അത്രയേ ഉള്ളൂ.. ബാക്കിയൊക്കെ നമുക്ക് വിട്ടുകളയാം. പക്ഷേ, പറയുന്നതുപോലെ അത്ര എളുപ്പമുള്ള പ്രവൃത്തിയല്ല വിട്ടുകളയല്‍.. വിട്ടുകളയാന്‍ നമുക്ക് ഒരേ ഒരു മാര്‍ഗ്ഗമേയുളളൂ.. അവിടെ പുതിയ ഓര്‍മ്മകള്‍ നിറയ്ക്കുക.. ഉപേക്ഷിക്കപ്പെടേണ്ട ചിന്തകളുടെ ഭാരത്തെ നമുക്ക് ഉപേക്ഷിക്കാം.. പ്രതീക്ഷയുടെ സന്തോഷത്തിന്റെ പുതിയ ഓര്‍മ്മകള്‍ അവിടെ നിറയ്ക്കാന്‍ ശ്രമിക്കാം – ശുഭദിനം.