Untitled design 20241217 141339 0000

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1 മുതൽ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

 

 

 

പെരിയ ഇരട്ട കൊലക്കേസിൻ്റെ ശിക്ഷാപ്രഖ്യാപനത്തിന് പിന്നാലെ ശരത് ലാലിൻ്റേയും കൃപേഷിൻ്റേയും സ്മൃതികുടീരത്തില്‍ കെട്ടിപ്പിടിച്ച് അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. വിധിയില്‍ തൃപ്തരല്ലെന്ന് കൃപേഷിന്റെ സഹോദരി പ്രതികരിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് അതാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് കൃപേഷിന്റെ പിതാവും പ്രതികരിച്ചു.

 

 

 

പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും.സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

 

 

 

 

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച സിബിഐ കോടതി വിധി പ്രതീക്ഷിച്ചതുപോലെ നല്ല വിധിയാണെന്നും വിധി പകര്‍പ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ ബോബി ജോസഫും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബ അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു.

 

 

കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എൽ.എ. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെ.കെ.രമ. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.

 

 

 

അദാലത്തുകളിൽ എത്തുന്ന പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചനയെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റേറിയത്തിൽ ഉദ്ഘാടന൦ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

 

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എൻഎസ്എസ് മതേതര ബ്രാൻഡാണെന്നും,താൻ പരിപാടിയിൽ പങ്കെടുക്കുന്നതിന്‍റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ് അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

 

 

 

 

 

എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത് പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്നും മന്ത്രി പറഞ്ഞു. താനും പുകവലിക്കാറുണ്ട് പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണെന്നും മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തുവെന്നും എംഎൽഎയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാൻ പറഞ്ഞു.

 

 

 

 

 

 

 

വന നിയമ ഭേദഗതിക്കെതിരായ പി വി അൻവറിന്റെ വയനാട്ടിലെ ജനകീയ യാത്രയിൽ കോൺഗ്രസ് നേതാക്കളും ലീഗ് നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അൻവർ പ്രഖ്യാപിച്ചിരുന്നത്. പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നും അൻവറുമായി സഹകരണത്തിന് തയ്യാറല്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാടെന്നും വയനാട് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

 

 

 

പി.വി. അൻവറിൻ്റെ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ താനുമായി അൻവർ ചർച്ച നടത്തിയില്ലെന്ന് കെ.സി.വേണുഗോപാൽ എം.പി. അൻവർ നടത്തുന്ന ജാഥയിൽ ഡിസിസി പ്രസിഡൻ്റുമാർ പങ്കെടുക്കുന്ന വിഷയത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് തനിക്കറിയില്ലെന്നും വിഷയത്തിൽ ചർച്ച വന്നാൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇക്കഴിഞ്ഞ സ്കൂള്‍ മേളയില്‍ അത്‍ലറ്റിക്സില്‍ രണ്ടാമതും മൂന്നാമതും എത്തിയ നാവാ മുകുന്ദയേയും മാര്‍ ബേസിലിനേയും മറികടന്ന് ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് ട്രോഫി നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

 

 

 

 

 

സ്കൂൾ കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതികരണവുമായി കോതമംഗലം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്. സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അർഹതപ്പെട്ട അംഗീകാരം കിട്ടാതെ വന്നപ്പോൾ കുട്ടികൾ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നുമാണ് സ്കൂൾ മാനേജരുടെ പ്രതികരണം. മാനേജ്മെന്റിനോ സ്കൂളിനോ ഇതിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതോടൊപ്പം ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തിൽ ആരോഗ്യകരമായ ചർച്ച വേണമെന്നും പരിഷ്കരണങ്ങൾ കൂടി ആലോചിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതികരിച്ചു.

 

 

 

 

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പരിപാടിക്കായുള്ള സ്റ്റേജ് നിർമിച്ചതും, സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചതും തലേദിവസമാണെന്നാണ് വിവരം. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടർ വഴിയാണെന്നും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം ബന്ധപ്പെട്ട ഏജൻസികളുടെ അനുമതി വേണമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു എന്നാണ് വിഷയത്തിൽ ജിസിഡിഎയുടെ പ്രതികരണം. എന്നാൽ മൃദംഗവിഷന് അത് ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് ചുമതലയിൽ ഇല്ലെന്നും ജിസിഡിഎ വ്യക്തമാക്കുന്നു.

 

 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തി. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകി. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി.

 

 

 

ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം.നിഗോഷ് കുമാര്‍, സി.ഇ.ഒ ഷമീര്‍ അബ്ദുല്‍ റഹീം, നാലാം പ്രതിയും നിഗോഷ് കുമാറിന്റെ ഭാര്യയുമായ മിനി എന്നിവരാണ് ഹർജി നൽകിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

 

 

 

സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ വൈദ്യുത പദ്ധതികൾ നടപ്പാക്കാൻ മാർഗ നിർദേശം നൽകാനുള്ള ഇടനില ഏജൻസിയായി എസ്.ബി.ഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡിനെ തെരഞ്ഞെടുക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് തീരുമാനം. വൈദ്യുതി സ്വയംപര്യാപ്തതക്ക് സ്വകാര്യവൽകരണ നിർദേശവുമായി കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം.

 

 

 

 

ഓർത്തഡോക്സ് യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിനായി വിട്ടുവീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. നീതിയിൽ അടിസ്ഥാനമായ വിട്ടുവീഴ്ച്ചകൾക്ക് മലങ്കരസഭ തയാറാണെന്നും സുപ്രീംകോടതി വിധി രാജ്യത്തിൻ്റെ നിയമമാണെന്നും കോടതി വിധി അംഗീകരിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ മേരിഗിരിയില്‍ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. റോഡ് സുരക്ഷിതമാക്കാന്‍ എന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയില്‍നിന്ന് ഒരു മീറ്റര്‍ മാറി ഇരുമ്പു വേലി സ്ഥാപിക്കുന്നത്. എന്നാല്‍ മേരി ഗിരി മുതല്‍ ചുവട്ടുപാടം വരെ ആദ്യം സര്‍വീസ് റോഡ് പൂര്‍ത്തിയാക്കണമെന്നും അതിനു ശേഷം വേലി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മാണം തടഞ്ഞത്.

 

 

 

 

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എൻ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്.

 

 

 

 

മണ്ഡലകാലത്ത് ശബരിമലയിൽ വരുമാന വർധന. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോരഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

 

 

 

 

കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ പങ്കെടുക്കുക.

 

 

 

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര സനലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശി ഇവിയോണിന് ഗുരുതരമായി പരിക്കേറ്റു.

 

 

 

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറിയിലൂടെ മാർട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നും മാർട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയതെന്നും ഇ ഡി പറയുന്നു.

 

 

 

 

 

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ. നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചതോടെ വീണ്ടും പ്രതീക്ഷയിലാണ് കുടുംബം.

 

 

 

ഉത്തരേന്ത്യയിൽ ഇടതൂർന്ന കനത്ത മൂടൽ മഞ്ഞ് തുടരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ദേശീയ തലസ്ഥാനമായ ദില്ലി എന്നിവിടങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞതിനാൽ വിമാന യാത്രക്കാർക്ക് എയർ ലൈനുകൾ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.

 

 

 

 

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച ടെസ്‌ല ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ. ട്രക്ക് പൊട്ടിത്തെറിക്കും മുൻപ് ഇയാൾ സ്വയം നിറയൊഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. നിലിവിൽ യുഎസ് സൈന്യത്തിലെ ഗ്രീൻ ബെരറ്റിന്റെ ഭാഗമായ മാത്യു അലൻ ലിവെൽസ്ബെർഗർ എന്ന ഉദ്യോഗസ്ഥനായിരുന്നു ടെസ്ലയുടെ സൈബർ ട്രെക്കുമായി ട്രംപ് ഇന്റർനാഷണൽ ഹോട്ടലിലെത്തിയത്.

 

 

 

അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്നും, നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്നും മലയാളി നീന്തൽ താരം സജന്‍ പ്രകാശ്. സംസ്ഥാനത്തെ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സജൻ ആവശ്യപ്പെട്ടു. കായിക ഇനങ്ങൾ ദിനചര്യയിൽ എത്തിയാലേ കാര്യങ്ങൾ മാറൂവെന്നും മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ. വരുംമത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജൻ പ്രകാശ് വിശദമാക്കി.

 

 

 

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം. ഉസ്മാന്‍ ഖവാജയുടെ (2) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ ആദ്യ ദിവസത്തെ കളി അവസാനിച്ചു. കളി നിര്‍ത്തുമ്പോള്‍ ഒന്നിന് ഒമ്പത് എന്ന നിലയിലാണ് ഓസീസ്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ഇന്ത്യന്‍ ക്യപ്റ്റന്റെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *