ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ അടുത്തിടെ എത്തിയ ചിത്രമാണ് ‘വെന്തു തനിന്തതു കാട്’. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും നായകനായി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മെഗാ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ‘മല്ലിപ്പൂ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ‘വെന്തു തനിന്തതു കാട് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് സ്ഥിരീകരണം നല്‍കിയിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും രണ്ടാം ഭാഗം എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് രണ്ടാം ഭാഗം എത്തുക.
വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് അവതരിപ്പിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാംദിവസമാണ് രൂപ തകര്‍ച്ച നേരിടുന്നത്. വ്യാപാരത്തിന്റെ ആദ്യത്തില്‍ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് എക്കാലത്തേയും താഴ്ന്ന നിരക്കായ 81.93ലെത്തി. ഇന്നലെ 81.5788 ആയിരുന്നു രൂപയുടെ മൂല്യം. ഒരു ഡോളര്‍ ലഭിക്കാന്‍ 82 രൂപയോളം നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍. അതേസമയം, ഡോളര്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ യോഗത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി. പണപ്പെരുപ്പം തടയാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടുകൂടിയാണ് ഡോളര്‍ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്.
അടുത്ത ദശകത്തില്‍ അദാനി ഗ്രൂപ്പ് 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. സിങ്കപ്പൂരില്‍ ഫോര്‍ബ്‌സ് ഗ്ലോബല്‍ സി.ഇ.ഒ കോണ്‍ഫറന്‍സിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതില്‍ 70 ശതമാനവും ഊര്‍ജ ഉത്പാദത്തിനായും അടിസ്ഥാന സൗകര്യവികസനത്തിനുമായാണ്. സോളാര്‍ പാനലുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് കയറ്റുമതി വര്‍ധിപ്പിക്കും. ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ സമ്പത്ത് 15.4 മടങ്ങാണ് വര്‍ധിച്ചത്.
മാരുതി ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ ഉയര്‍ന്ന മത്സരമുള്ള ഇടത്തരം എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുന്നു. കമ്പനിയുടെ ആദ്യത്തെ കരുത്തുറ്റ ഹൈബ്രിഡ് കാറും ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ നിറഞ്ഞ എസ്യുവിയുമാണ് ഇത്. അതിന്റെ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 10.45 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയും ശക്തമായ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 17.99 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
തീര്‍ത്തും ക്ഷോഭപൂര്‍ണ്ണമായ അലോസരങ്ങളിലൂടെ മര്‍ത്ത്യസമൂഹ മസ്തിഷ്‌കത്തിന്റെ അകം പൊരുള്‍ തേടിയലഞ്ഞ മഹാപ്രവാചക കവി ദസ്തയവ്‌സിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി. നവീനമായ പല ദര്‍ശനങ്ങളുടേയും ആദി ധാരയാണ്. ‘ഒരപഹാസ്യന്റെ സ്വപ്നം’. പരിഭാഷ – വേണു വി ദേശം. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 157 രൂപ.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ വലിയ ജാഗ്രതയാണ് നമ്മളെല്ലാവരും പുലര്‍ത്തുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ പകരാത്ത രോഗങ്ങള്‍ മൂലമാണ് നമ്മുടെ രാജ്യത്തെ മരണങ്ങളില്‍ 66 ശതമാനവും സംഭവിക്കുന്നത്. ലോകത്ത് ഓരോ രണ്ട് സെക്കന്‍ഡിലും 70 വയസ്സിനു താഴെയുള്ള ഒരാള്‍ പകര്‍ച്ചവ്യാധി ഇതര രോഗം ബാധിച്ച് മരിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള കുറഞ്ഞ, ഇടത്തരം വരുമാന രാജ്യങ്ങളിലാണ് ജീവിതശൈലി രോഗം മൂലമുള്ള 86 ശതമാനം മരണങ്ങളും നടക്കുന്നതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 194 രാജ്യങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു പോര്‍ട്ടലിനും ഡബ്യൂഎച്ച്ഒ തുടക്കം കുറിച്ചിട്ടുണ്ട്. ഇതില്‍ രേഖപ്പെടുത്തിയിട്ടുല്ല വിവരമനുസരിച്ച് 2019ല്‍ ഇന്ത്യയില്‍ 60.46 ലക്ഷം പേരാണ് പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ ബാധിച്ച് മരിച്ചത്. 2019ല്‍ ഇന്ത്യയിലുണ്ടായ പകര്‍ച്ചവ്യാധി ഇതര മരണങ്ങളില്‍ 25.66 ലക്ഷം മരണങ്ങളുടെയും കാരണം ഹൃദ്രോഗമാണ്. ആഗോളതലത്തില്‍ പ്രതിവര്‍ഷം മൂന്നിലൊന്ന് മരണങ്ങള്‍ ഹൃദ്രോഗം മൂലമാണ് സംഭിവിക്കുന്നത്. ഇതില്‍ 86 ശതമാനവും ശരിയായ ചികിത്സ കൊണ്ട് നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ കഴിയുമെന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ മൂലം 11.46 ലക്ഷം മരണവും അര്‍ബുദം മൂലം 9.20 ലക്ഷം മരണങ്ങളും പ്രമേഹം മൂലവും 3.49 ലക്ഷം മരണവും സംഭവിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികളില്‍ പകുതിപേര്‍ക്കും തങ്ങള്‍ക്ക് രോഗമുണ്ടെന്ന ധാരണ പോലുമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.90, പൗണ്ട് – 87.46, യൂറോ – 78.33, സ്വിസ് ഫ്രാങ്ക് – 82.49, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.26, ബഹറിന്‍ ദിനാര്‍ – 217.10, കുവൈത്ത് ദിനാര്‍ -263.32, ഒമാനി റിയാല്‍ – 212.57, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.28, ഖത്തര്‍ റിയാല്‍ – 22.48, കനേഡിയന്‍ ഡോളര്‍ – 59.43.