മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ബഹുമതികളോടെ നാളെയാകും സംസ്കാരം.അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.

 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി കൂടെ പ്രവർത്തിച്ചവർ. പ്രധാനമന്ത്രിയായിരുന്ന വേളയിൽ മൻമോഹൻ സിങിനെ വേദനിപ്പിച്ച പല സംഭവങ്ങളും ചുറ്റും നടക്കുന്നുണ്ടായിരുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ വെളിപ്പെടുത്തി. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നീക്കവും മൻമോഹൻ സിങ് നടത്തിയില്ലെന്നും ടികെഎ നായർ പറയുന്നു.

അക്കാദമികലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായകസംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

 

അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെന്‍ഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള കത്ത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നല്‍കൂവെന്നാണ് പ്രശാന്തിന്‍റെ നിലപാട്. പ്രശാന്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് സർക്കാർ.

സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാര്‍ട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനിൽകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനിൽ കുമാര്‍ പറഞ്ഞു. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനിൽ കുമാര്‍ ആരോപിച്ചു.

 

വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി.എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് സര്‍ക്കാരിന് ആശ്വാസമാകുന്നതും ദുരന്തബാധിതര്‍ക്ക് പ്രതീക്ഷയുമാകുന്ന സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാത്ത എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി ക്രൈംബ്രാഞ്ച്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകര്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് ഇതുസംബന്ധിച്ച കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പാര്‍ട്ടിയുടെ ഓണ്‍ലൈൻ യോഗത്തിൽ വിശദീകരിച്ചത്.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വര്‍ഗീസ് തുറന്നടിച്ചു. സുനിൽ കുമാറിന്‍റെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോല്‍ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു.

 

സിപിഎം പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന് ഇരുവശമുള്ള നടപാത കൈയേറി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചു.ഡിസംബര്‍ 28മുതല്‍ കോന്നിയില്‍ വെച്ച് നാലുദിവസത്തെ ജില്ലാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ വിവാദം.

 

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴാണ് തനിക്ക് പിന്തുണ ലഭിച്ചതെന്നും അന്ന് കുമ്മനം രാജശേഖരനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും

കേരളത്തെ നടുക്കിയ പെരിയ ഇരട്ട കൊലക്കേസിൽ നാളെ സിബിഐ കോടതി വിധി പറയാനിരിക്കെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.

 

രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പൊലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

അയോധ്യക്കുശേഷം രാജ്യത്ത് പള്ളി- ക്ഷേത്രം തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് നല്ലതല്ലെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ അഭിപ്രായപ്രകടനത്തെ തള്ളി ആര്‍.എസ്.എസ്. മുഖമാസികയായ ‘ഓര്‍ഗനൈസര്‍’. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുശേഷം ഇത്തരം തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആശാസ്യമല്ലെന്നാണ് ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനെ നിരാകരിക്കുന്നതാണ് യു.പി.യിലെ സംഭലില്‍ ഈയിടെ അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ഓര്‍ഗനൈസറിലെ മുഖപ്രസംഗം.

 

ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങൾ പകർത്തിയ ‘ഐസ് കാൻഡി മാനി’ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്‌സി സിധ്വ (86) അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

 

തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വ്രതം തുടങ്ങി. കോയമ്പത്തൂരിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ ചാട്ടവാർ കൊണ്ടടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനോടുളള ആദര സൂചകമായി സംസ്ഥാനത്തു ബിജെപിയുടെ ഇന്നത്തെ മറ്റ് പ്രതിഷേധ പരിപാടികൾ റദ്ദക്കി.

 

ഗാസയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ കൊടുംതണുപ്പ് സഹിക്കാനാവാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് തുടര്‍ക്കഥയാവുന്നു. പ്രസവിച്ച് മൂന്നാഴ്ച പ്രായമായ സില എന്ന കുഞ്ഞുകൂടി മരണപ്പെട്ടതോടെ കൊടുംതണുപ്പില്‍ മരണപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ഭയവും അനിശ്ചിതത്വവും പടരുന്നു. സര്‍വകലാശാലകളും കോളേജുകളും വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *