പുറത്തിറങ്ങിയാല്‍ ചര്‍മത്തില്‍ ടാന്‍ അടിക്കുക സാധാരണമാണ്. സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്ന് രക്ഷപെടാന്‍ സണ്‍ക്രീന്‍ പുരട്ടുക എന്നതാണ് ഉടനടിയുള്ള പരിഹാരം. എന്നാല്‍ യുവി രശ്മികളെ തുടര്‍ന്നുണ്ടാകുന്ന ചര്‍മത്തിലെ ടാനിന്റെ തോത് കൂടുന്നതും കുറയുന്നതും നമ്മുടെ ആമാശയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുടലിന്റെ ആരോഗ്യം പോലുള്ള ആന്തരിക ഘടകങ്ങള്‍ യുവി രശ്മികളോടുള്ള നമ്മുടെ ചര്‍മത്തിന്റെ പ്രതികരണത്തില്‍ സൂക്ഷ്മമായ പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മള് കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ച് അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുകയാണ് കുടലിന്റെ പ്രധാന ജോലിയെങ്കിലും മൊത്തത്തിലുള്ള ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കോടിക്കണക്കിന് വരുന്ന സൂക്ഷ്മാണുക്കളുടെ ആവാസ കേന്ദ്ര കൂടിയാണ് കുടല്. സന്തുലിതമായ കുടല് മൈക്രോബയോം ശരീരവീക്കം കുറച്ച് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിലും ഇത് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ ഒരു ബാലന്‍സ് നഷ്ടപ്പെടുന്നത് ശരീര വീക്കത്തിനും ഓക്സിഡേറ്റീവ് സ്ട്രെസിലേക്കും നയിക്കാം. ഡിസ്ബയോസിസ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. കുടലിന്റെ ആരോഗ്യം മോശമാകുന്നത് യഥാര്‍ത്ഥത്തില്‍ ടാനിങ് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമോ? കുടലിന്റെ മോശം ആരോഗ്യം ശരീര വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ചര്‍മത്തില്‍ പിഗ്മെന്റേഷന് ഡിസോര്‍ഡേഴ്സ് അല്ലെങ്കില്‍ അസമമായ ടാനിങ് എന്നിവ വര്‍ധിപ്പിക്കും. കുടലിന്റെ മോശം ആരോഗ്യം സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് യുവി രശ്മികളെ തുടര്‍ന്നുള്ള ചര്‍മത്തിലെ ടാനിങ് വര്‍ധിപ്പിക്കാം.
കുടലിന്റെ ആരോഗ്യം മോശമാകുന്നത് ടാനിങ് വര്‍ധിപ്പിക്കും!
