വിമാനങ്ങളുടെ അറ്റകുറ്റപണിയും പരിപാലനവും പരിശോധനയും നിര്‍വഹിക്കുന്ന പ്രമുഖ സ്ഥാപനമായ എയര്‍ വര്‍ക്ക്‌സിനെ ഏറ്റെടുത്ത് വ്യോമയാന മേഖലയില്‍ അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. നാനൂറ് കോടി രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഏവിയേഷന്‍ കമ്പനിയെ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് ഏറ്റെടുക്കുന്നത്. കൊച്ചി ഉള്‍പ്പെടെ 35 നഗരങ്ങളിലായി 1,300ല്‍ അധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന എയര്‍ വര്‍ക്ക്സില്‍ 85 ശതമാനം ഓഹരികള്‍ ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകും. സിവില്‍, പ്രതിരോധ എം.ആര്‍.ഒ മേഖലയിലെ വലിയ ശക്തിയായി മാറാനും അവസരമൊരുങ്ങും. വിമാനങ്ങളുടെ പരിപാലനവും ഹെവി ക്രാക്ക്‌സും പെയിന്റിഗും ഇന്റീരിയര്‍ നവീകരണവും ഡെലിവറി പരിശോധനയും അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് എയര്‍ വര്‍ക്ക്സ് നിര്‍വഹിക്കുന്നത്. അതിവേഗത്തില്‍ വളരുന്ന ഇന്ത്യയുടെ വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദാനി എയര്‍പോര്‍ട്ട്സ് പറഞ്ഞു.
എയര്‍ വര്‍ക്ക്‌സിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്
