ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 73 വയസായിരുന്നു.

 

അന്തരിച്ച തബല മാന്ത്രികന്‍  സക്കീർ ഹുസൈന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയെന്നാണ് ഉസ്താദ് ഹുസൈനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

 

സംസ്ഥാനത്ത് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു.

 

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തിൽ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 

പനയംപാടത്ത് അപകടവുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയുടെ റിപ്പോ൪ട്ട് ഇന്ന് ജില്ലാ കലക്ട൪ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയൻ സ്ഥാപിക്കണം, ചുവന്ന സിഗ്നൽ ഫ്ളാഷ് ലൈറ്റുകൾ, വേഗത കുറയ്ക്കാനുള്ള ബാരിയര്‍ റിംപിള്‍ സ്ട്രിപ് എന്നിവ ഉടൻ സ്ഥാപിക്കണം, റോഡിൽ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇതിനു പുറമെ ഗതാഗത മന്ത്രി സ്ഥലം സന്ദ൪ശിച്ച ശേഷം നൽകിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തും.

 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നൽകി.കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

 

വിഴിഞ്ഞം തുറമുഖത്തിന്‍റെ ഔട്ടർ റിംഗ് റോഡിനായി രണ്ട് വർഷം മുൻപ് ഭൂമി വിട്ടു നൽകിയവരുടെ അവസ്ഥ ദയനീയം. 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുപ്പിൽ ഇപ്പോഴും ആശങ്കകൾ തുടരുകയണ്.

 

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചോർച്ചയിൽ തുടർനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകീട്ട് ചേരും. ചോർത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവർത്തിക്കുന്നില്ല.വിവാദമായ ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.

 

വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

 

 

പത്തനംതിട്ട റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.

റാന്നി അമ്പാടി കൊലക്കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ​ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. ​

 

പത്തനംതിട്ട മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ഇക്കാര്യം നാളെ വീണ്ടും പരിഗണിക്കും. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചതെങ്കിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ചതിനാലാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.

 

കോഴിക്കോട്: സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്കിയതോടെ പ്രതിസന്ധിയിലായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെയാണ് സ്വിഗ്ഗി തൊഴിലാളികളുടെ അനിശ്ചിതകാല പണി മുടക്ക്.

ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് 22.76 കോടി വര്‍ധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണക്കുകള്‍ അവതരിപ്പിച്ചത്.

 

ശബരിമലയിൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു.പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കും.എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ്സ് നൽകും.തീരുമാനം ഈ തീർത്ഥാടനകാലത്ത് നടപ്പിലാക്കുമെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.

 

എം.എൻ.ഗോവിന്ദൻ നായരെപ്പോലെയുള്ള കമ്യൂണിസ്റ്റ് പ്രവർത്തകരുടെ ത്യാഗപൂർവവും മഹത്തരവുമായ ജീവിതം സമൂഹം കണ്ടുപഠിക്കേണ്ടതായുണ്ടെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ 114-ാം ജന്മദിനാഘോഷവും 17-ാമത് എം.എൻ. വിദ്യാഭ്യാസ പുരസ്‌കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ സര്‍ക്കാര്‍ തലത്തിലെ ഭിന്നത മറനീക്കി പുറത്ത്. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്‍റെ നിലപാട് അന്തിമ തീരുമാനം ആയില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

 

അരീക്കോട് സായുധ പൊലീസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടർബോൾട്ട് കമാൻഡോ ഉദ്യോ​ഗസ്ഥൻ വിനീതിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മേലുദ്യോ​​ഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്നതാണ് കുറിപ്പ്. ചിലർ തന്നെ ചതിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ ആയ വിനീത് ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്.

 

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ലോകത്തെ ടെക് ഭീമന്‍ ഇലോണ്‍ മസ്ക്. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ് ഗുകേഷ്.

 

രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് ബോധരഹിതരായി വിദ്യാര്‍ത്ഥികള്‍. ഞായറാഴ്ചച്ച വൈകുന്നേരത്തോടെയാണ് സംഭവം. പത്തോളം വിദ്യാര്‍ത്ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

 

രാജ്യത്തെ ട്രെയിൻ യാത്രയില്‍ വിപ്ലവകരമാകുന്ന കുതിപ്പ് ലക്ഷ്യമിട്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ തയാര്‍. സർവീസുകൾ ജനുവരി 26ന് ഫ്ലാഗ് ഓഫ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദില്ലി – ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ സര്‍വീസ് നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും.ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു.

വിമതവിപ്ലവത്തിനും ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെ സിറിയയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, കൂടുതല്‍ മേഖലകളിലേക്ക് നടപടി വ്യാപിപ്പിച്ചു. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്.

 

സോണിയ ​ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധിക്ക് കത്ത്നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അം​ഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചു .നെഹ്റു എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്കയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്.

 

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്.

 

പുഷ്പ 2 പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടന്‍ അല്ലു അര്‍ജുന്‍. അല്ലു അര്‍ജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇസ്റ്റഗ്രാം സ്റ്റോറിയിലൂടെ.കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്.

 

മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മനംനൊന്ത് ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽനിന്ന് എം.എൽ.എ രാജിവെച്ചു. ഭംടാര- പവനി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. നിയമസഭാ അം​ഗത്വം അദ്ദേഹം രാജിവെച്ചിട്ടില്ല.

ഫലങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തപ്പോൾ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോൺഗ്രസ് സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസിൻ്റെ വൈസ് പ്രസിഡൻ്റും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടിങ് രീതിയെ ചോദ്യം ചെയ്യുന്നതിൽ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

സംഗീത സംവിധായകന്‍ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ക്ഷേത്രം അധികൃതര്‍.ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു .

 

വിമത അട്ടിമറിയെത്തുടര്‍ന്ന് സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്പത്ത് നേരത്തെ തന്നെ റഷ്യയിലേക്ക് കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. അസദ് ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ പണമായി അയച്ചതായി ഫിനാന്‍ഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരേ ദിവസം ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ അവതരിപ്പിക്കാനാണ് സാധ്യത.

 

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി രാജ്യാന്തര ചെസ് ഫെഡറേഷന്‍. കായികമത്സരങ്ങളിലെ പിഴവുകള്‍ കളിയുടെ ഭാഗമാണെന്നും സമ്മര്‍ദ്ദ സാഹചര്യത്തിലെ പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുതെന്നും ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡോര്‍ക്കോവിച്ച് പറഞ്ഞു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *