ഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി .ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.ആരോപണം ഗുരുതരമായതിനാൽ വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു.

 

ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

 

ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.

 

പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണൽ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഇന്നലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

 

പനയമ്പാടത്ത് റോഡ് നിർമാണത്തിൽ വലിയ പാകപിഴകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐഐടി റിപ്പോർട്ട് പുറത്ത്. അപകടം നടന്ന റോഡിൽ സ്റ്റോപ്പ്‌ സൈറ്റ് ഡിസ്റ്റൻസ് വളരെ കുറവാണെന്നും ഓവർ ടേക്കിങ് സൈറ്റ് ഡിസ്റ്റൻസും കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.റോഡിന് വണ്ടികൾ തെന്നിമാറുന്നത് ഒഴിവാക്കാൻ പാകത്തിന് സ്കിഡ് റെസിറ്റൻസ് ഇല്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു.

 

കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‍ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്.

 

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം.

 

പ്ലസ് വൺ കണക്കിന്‍റേയും, SSLC ഇംഗ്ലീഷിന്‍റേയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകിരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണമാണ്.കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും.‍ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലും മുഖം മറച്ചിട്ടില്ല. കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്.

 

മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് പോലീസ്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.സംഭവത്തെില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വിവരം. സംസ്ഥാനത്തെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. എല്‍.ഡി.എഫ് വിട്ട ശേഷം ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേരാനുള്ള നീക്കങ്ങള്‍ നടത്തിയ.അന്‍വര്‍ ഏറ്റവും ഒടുവിലായി തന്റെ പഴയ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കമാണ് നടത്തിവരുന്നത്.

 

ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ല , അത് സൃഷ്ടിക്കുന്നതാണ്. റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. വാഹനങ്ങള്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും വേണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കൊച്ചി സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന് വന്‍ വിജയം. 31 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ കെ.എസ്.യു. ഭരണം പിടിച്ചത്. കെ.എസ്.യു. ഒറ്റയ്ക്കാണ് മത്സരിച്ചത്. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ സീറ്റുകള്‍ കെ.എസ്.യു. സ്വന്തമാക്കി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി. 34 കാരിയായ കളമശ്ശേരി സ്വദേശി അനാമികയ്ക്ക് മരുന്ന് നൽകിയത് 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പരാതി. ചികിത്സിച്ച ഡോക്ടർക്കും എക്സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നൽകിയിട്ടുണ്ട്.

 

പാലക്കാട് കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം. പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരുനേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നൽകി.

 

മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്നും ആരോപണം ഉയരുന്നു. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു.

 

മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റര്‍ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി പറഞ്ഞു.മന്ത്രി മുഹമ്മദ്‌ റിയാസ് അയച്ച കത്തും മേയർ ബീന ഫിലിപ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘടാകർ പുറത്തുവിട്ടു.

 

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിനായി റഷ്യൻ എമ്പസിക്ക് നൽകിയ അപേക്ഷയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ഒരാഴ്ചക്കകം ഇവരെ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എംബസിയിൽ വിവരങ്ങൾ ഫോളോഅപ്പ് ചെയ്യാൻ ദില്ലി ഭദ്രസനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകും. 4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നും സിപിഎം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.

 

തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത്. തന്റെ തീവ്രവാദ ബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ വെല്ലുവിളി.

 

പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സിപിഐ നേതാവ് വി എസ് സുനിൽകുമാർ. സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

 

മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമൻ ഓപ്പൺ എ.ഐയിലെ മുൻ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓപ്പൺ എ.ഐയിലെ മുൻ ​ഗവേഷകനായ സുചിർ ബാലാജി (26)യെയാണ് സാൻഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടത്. നവംബർ 26-ന് സംഭവിച്ച മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

ദീപാവലി ദിനത്തിൽ ദില്ലിയിൽ നടന്ന ഇരട്ടക്കൊല കേസിലെ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സോനു മട്ക എന്ന അനിൽ ആണ് കൊല്ലപ്പെട്ടത്. ദില്ലി പൊലീസും യുപി പൊലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

മുതിര്‍ന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് എൽകെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചുവരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

തമിഴ്നാട് പിസിസി മുൻ അധ്യക്ഷൻ ഇ.വി.കെ.എസ്‌.ഇളങ്കോവൻ അന്തരിച്ചു.മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്നു.ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം.

 

പുഷ്പ-2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലങ്കാന പോലീസ് നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോലീസ് അവരുടെ ചുമതലയാണ് ചെയ്തതെന്ന് അദ്ദേഹം ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. തിയേറ്റർ മാനേജ്‌മെൻ്റിനെയും പോലീസിനെയും അറിയിക്കാതെ അല്ലു അർജുൻ പ്രീമിയറിനായി തിയേറ്ററിലെത്തിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു .

 

ലോക്സഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കഴിഞ്ഞ ദിവസം ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച പ്രിയങ്ക ഗാന്ധി ഭരണഘടനയും, സംവരണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണന്ന് ആരോപിച്ചിരുന്നു.

 

വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുള്‍പ്പടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് നീതി ലഭ്യമാക്കുക പ്രത്യേക പാക്കേജ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ എം.പി.മാര്‍ ധര്‍ണ്ണ നടത്തിയത്.

 

വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടി വി.ജെ. ജോഷിത ഇന്ത്യൻടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംനേടിയാണ് ജോഷിത താരമായത്.

 

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *