Untitled design 20241121 135223 0000

സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധമെന്ന് റിപ്പോർട്ട്. 2007ലെ സ്മാർട്ട് സിറ്റി കരാർ പ്രകാരം പദ്ധതി പരാജയപ്പെട്ടാൽ ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് റിപ്പോർട്ട് . ടീകോമിന് സർക്കാർ ഒരു നഷ്ടപരിഹാരവും നൽകേണ്ടതില്ലെന്ന് കരാറൊപ്പിട്ടപ്പോൾ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും പ്രതികരിച്ചു.

 

 

 

ടീകോമിന് നഷ്ടപരിഹാരം നൽകാനുളള നീക്കത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 246 ഏക്കർ ഭൂമി സ്വന്തക്കാർക്ക് നൽകാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപിയും വ്യക്തമാക്കി. ദശാബ്ദങ്ങളായി അടയിരുന്ന ഒരു പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് എന്തുസന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.

 

 

 

 

സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നില്ലെന്നും,സ്ഥലം പൂർണമായും സർക്കാർ മേൽ നോട്ടത്തിൽ ഉപയോഗിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കി. ടീകോം കരാർ പിൻമാറാൻ നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായും ഒരു കമ്മിറ്റി രൂപീകരിച്ച് അവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ടീ കോം യുഎഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ലെന്നും പദ്ധതിയിൽ കാര്യമായി പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം അഴിമതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും പറഞ്ഞു. ടീകോം വാഗ്ദാന ലംഘനം നടത്തിയ കമ്പനിയാണ് അതിനാൽ ടീകോം ആണ് നഷ്ടപരിഹാരം നൽകേണ്ടെതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ലെന്നും 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ മർദ്ദിക്കാറുണ്ടെന്ന് മുൻ ആയ വെളിപ്പെടുത്തിയതിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക സംഘത്തില്‍ മാനസികാരോഗ്യ വിദഗ്ധരും ഉണ്ടാകും.

 

 

ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇതുവരെയുള്ള അധ്യായം ഡിസംബറിൽ പൂർത്തിയാവുമെന്നും ഡിസംബറിന് ശേഷമുള്ളത് പിന്നീട് എഴുതും പാർട്ടിയുടെ അനുവാദം കിട്ടിയതിനുശേഷം പ്രസിദ്ധീകരിക്കുമെന്നും ഇ പി പറഞ്ഞു. എന്നാൽ ആത്മകഥയുടെ പേര്പരിപ്പുവടയും കട്ടൻചായയും എന്നായിരിക്കില്ലെന്നും തന്നെ പരിഹസിക്കാനായി മാധ്യമ രംഗത്തുള്ളവർ ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

 

 

 

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വാഹനം ഓടിച്ച ഗൗരിശങ്കറെ പ്രതി ചേർക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്‍ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

 

 

 

ആലപ്പുഴ കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനത്തിൻ്റെ ഉടമ ഷാമിൽ ഖാൻ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു വാങ്ങിയത് അപകട ശേഷമെന്ന് വിവരം. അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസാണ് കാറുടമ സഹോദരനിൽ നിന്ന് വാങ്ങിയത്. വിദ്യാർത്ഥികൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമിൽ ഖാൻ വാഹനം നൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 

 

 

ആലപ്പുഴയിലെ അപകടത്തിനിടയാക്കിയ കാറുടമ ഷാമിൽ ഖാൻ ഗൂഗിൾപേ വഴി പണം അയച്ചുവാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആർടിഒ ദിലു കെ വ്യക്തമാക്കി. എന്നാൽ റെന്റ് എ ക്യാബിനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. കൂടാതെ അനധികൃതമായി വാഹനം റെന്റിനു നൽകിയതിനാൽ വാഹന ഉടമയ്ക്കെതിരെ നടപടിയും ഉണ്ടാകും. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നൽകിയതിനാൽ ആർസി ബുക്ക് റദ്ദാക്കുമെന്നും വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ അറിയിച്ചു.

 

 

 

എലത്തൂരില്‍ എച്ച്.പി.സി.എൽ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി. പ്ലാന്റില്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും ഓവര്‍ഫ്ലോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നുമാണ് എച്ച്.പി.സി.എല്‍. അധികൃതര്‍ വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.

 

 

 

 

നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.എലിക്കോട് റാഫി എന്നയാളുടെ വീട്ടിയെ കുഴിയിലാണ് കാട്ടാന വീണ് കിടന്നത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.

 

 

 

വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് ഷൊർണൂർ എം.എൽ.എ പി മമ്മിക്കുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തൃത്താല പട്ടിത്തറയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടതോടെ അദ്ദേഹം തന്റെ വാഹനത്തിൽ ആദ്യം കുമ്പിടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി.

 

 

 

 

സംഭല്‍ വിഷയത്തേക്കുറിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെ ലോക്‌സഭ ഉച്ചയ്ക്കു ശേഷം രണ്ടുമണിവരെ നിര്‍ത്തിവെച്ചു. അദാനി ഗ്രൂപ്പിനെതിരേ യു.എസില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

 

 

 

അന്താരാഷ്ട്ര ചീറ്റ ദിനത്തിൽ ആൺ ചീറ്റപ്പുലികളാകളായ അഗ്നിയെയും വായുവിനെയും കുനോ നാഷണൽ പാർക്കിലെ സംരക്ഷിത വനത്തിലേക്ക് തുറന്നു വിട്ടു. മുതിർന്ന വന്യജീവി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ എല്ലാ തരത്തിലുമുള്ള സുരക്ഷാ നടപടികളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ പരിതസ്ഥിതിയിലേക്ക് അവരെ മാറ്റിയത്. ഇതിനായുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്കുമുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്ന് കുനോയിലെ അധികൃതർ പറഞ്ഞു.

 

 

 

ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ചെറുബോട്ടിൽ കടക്കാൻ ശ്രമിച്ച 85 കുടിയേറ്റക്കാരെ ഫ്രെഞ്ച് നാവിക സേന രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റ ശ്രമത്തിനിടയിൽ ബുധനാഴ്ചയാണ് സംഭവം. കുടിയേറ്റക്കാരുമായ ചാനൽ മുറിച്ച് കടക്കാനെത്തിയ ബോട്ട് മണൽ തിട്ടയിൽ ഇടിച്ച് നിന്നതിന് പിന്നാലെയാണ് നാവിക സേന സഹായത്തിനെത്തിയത്.

 

 

 

ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ ഇടംനേടി ഇൻഡിഗോ. രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ പട്ടികയിൽ 103-ാം സ്ഥാനത്താണ്. എയർഹെൽപ് ഇൻകോപ്പറേറ്റാണ് 2024-ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടത്. അതേസമയം, ഈ റിപ്പോർട്ട് പൂർണമായും തള്ളിയിരിക്കുകയാണ് ഇൻഡിഗോ.

 

 

 

മെട്രോ ട്രെയിന്റെ സിഗ്നലിംഗ് കേബിളുകൾ കാണാതായതിനാൽ ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനിൽ നിരവധി സർവ്വീസുകൾ വൈകി. വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വൈശാലിയിലേക്കുള്ള സർവ്വീസുകളാണ് വൈകിയത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് പിന്നാലെ ട്രെയിനുകൾ വളരെ നിയന്ത്രിതമായ വേഗതയിൽ സഞ്ചരിക്കേണ്ടതായി വരികയായിരുന്നുവെന്നാണ് ഡിഎംആർസി വിശദമാക്കുന്നത്.

 

 

ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത വിമർശനമുയർത്തി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലാണ് ഷെയ്ഖ് ഹസീന സംസാരിച്ചത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ യൂനുസ് പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ഹസീന വ്യക്തമാക്കി.

 

 

 

പലസ്തീനികളെ വീടുകളിൽ നിന്ന് പുറത്തിറക്കാൻ ഇസ്രയേൽ സൈന്യം കരയുന്ന കുട്ടികളുടെയും സഹായത്തിന് നിലവിളിക്കുന്ന സ്ത്രീകളുടെയും ശബ്ദങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്. ഡ്രോണുകളിൽ നിന്ന് ഇത്തരം ശബ്ദങ്ങൾ കേട്ട് അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് നേരെ ഡ്രോണുകളിൽ നിന്നുതന്നെ വെടിവെയ്ക്കുകയുമായിരുന്നു എന്നാണ് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിട്ടറിന്റെ ഭാരവാഹിയും മാധ്യമ പ്രവർത്തകയുമായ മാഹാ ഹുസൈനി പറഞ്ഞു.

 

 

 

യുഎഇ ദേശീയ ദിനാഘോഷത്തില്‍ അല്‍ ഐന്‍ നഗരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഏറ്റവും നീളം കൂടിയ വെടിക്കെട്ടിനുള്ള റെക്കോര്‍ഡാണ് അല്‍ ഐന്‍ നഗരത്തില്‍ നടന്ന വെടിക്കെട്ടിന് ലഭിച്ചത്. 11.1 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ മാസം 2ന് അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി വെടിക്കെട്ട് സംഘടിപ്പിച്ചത്. 51 പ്ലാറ്റ്‍ഫോമുകളില്‍ നിന്ന് സംഘടിപ്പിച്ച വെടിക്കെട്ട് 50 സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വലിയ പൂച്ചെണ്ട് ഒരുക്കിയതിനുള്ള റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

 

 

കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ തേടി കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കര്‍ണാടകയില്‍ മാത്രം 16 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.

 

 

 

 

അടിയന്തര പട്ടാള നിയമം പിൻവലിച്ചതിന് ശേഷം രാജ്യമൊട്ടാകെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായി. ഇതിനിടയിൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. ഇതിൽ ശനിയാഴ്ച വോട്ടെടുപ്പുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

 

നാസയുടെ അടുത്ത തലവനായി ഓൺലൈൻ പേയ്‌മെൻ്റ് കോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രികനുമായ ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗവൺമെൻ്റ് എഫിഷ്യൻസി കമ്മീഷൻ സഹ-അധ്യക്ഷനും ട്രംപിൻ്റെ ഏറ്റവും അടുത്ത ഉപദേശകരിൽ ഒരാളുമായ എലോൺ മസ്‌കിന്റെ അടുത്തയാളാണ് ഐസക്മാൻ.

 

 

 

ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി59 കുതിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *