Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

 

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്നും ഇതിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചു.

 

ആലപ്പുഴ കാറപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ വിവിധയിടങ്ങളിൽ നടക്കും . പാലക്കാട് സ്വദേശി ശ്രീദീപിൻ്റെ സംസ്കാര ചടങ്ങുകൾ ശേഖരിപുരം ചന്ദ്രനഗർ ശ്മശാനത്തിൽ വൈകിട്ട് 6 മണിക്ക് നടന്നു . മലപ്പുറം സ്വദേശി ദേവനന്ദൻ്റെ സംസ്കാരം കോട്ടയം പാലയിലെ കുടുംബ വീട്ടിലും മുഹമ്മദ് അബ്ദുൽ ജബ്ബാറിൻ്റെ സംസ്കാരം കണ്ണൂരിൽ രാത്രി 9 മണിക്ക് മാട്ടൂൽ വേദാമ്പർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ എറണാകുളം ടൗൺ ജുമാ മസ്ജിദിൽ നടന്നു.  കോട്ടയം സ്വദേശി ആയുഷ് ഷാജിയുടെ സംസ്കാരം കാവാലത്ത് നാളെ നടക്കുo .

 

ആലപ്പുഴയിലെ കളർകോട്  ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട്  മോട്ടോർ വാഹന വകുപ്പ് വാഹന ഉടമയെ ചോദ്യം ചെയ്യും. വാഹനം വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികൾ ഉപയോ​ഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്എന്നാൽ  വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

 

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസിന്‍റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.
 

ശിശുക്ഷേമസമിതിയിൽ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് ചുമത്തി. രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെയാണ് പോക്സാേകേസ് അടക്കമുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച സംഭവത്തിൽ പ്രതികരണവുമായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും അരുൺ ​ഗോപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന്   വി ഡി സതീശൻ. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കണ്ണൂ‍ർ സ‍ർവകലാശാലയിലെ സെമസ്റ്റർ പരീക്ഷയിൽ പരാതി . മൂന്നാം സെമസ്റ്റർ എംഎ അഡ്വാൻസ് എക്കണോമെട്രിക്ക്സിന്റെ തിയറി പരീക്ഷ കഴിഞ്ഞദിവസം  നടത്തിയത് 60 മാർക്കിന്. സിലബസ് അനുസരിച്ച് 40 മാർക്കിന് തിയറി പരീക്ഷയും 20 മാർക്കിന് പ്രാക്ടിക്കൽ പരീക്ഷയുമാണ് നടത്തേണ്ടിയിരുന്നത്. മുന്നറിയിപ്പില്ലാതെ എഴുത്തുപരീക്ഷയുടെ ആകെ മാർക്കിൽ വ്യത്യാസം വന്നത് വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പമായി. സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സ‍ർവകലാശാലയുടെ വിശദീകരണം.

 

ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഇതു പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കുമെന്നും  അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞതിനുള്ള മറുപടിയായി വി.ഡി സതീശന്റെ പരാമര്‍ശം.

 

തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം സ്റ്റാൻ‍ഡിങ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകുമെന്ന നഗരപാലികാ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന്  വിട്ടുനിന്നതെന്നാണ് അജിത തങ്കപ്പൻ പറയുന്നത്.

കാലാവധി പൂര്‍ത്തിയായിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി അജേഷ് കെജി. അജേഷിന്‍റെ കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും തുടരുന്നത് അനധികൃതമായിട്ടാണെന്നും ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറും, അജേഷ് നിയമവിരുദ്ധമായി ചുമതലയില്‍ തുടരുന്നുവെന്ന്  ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും സ്ഥിരീകരിച്ചു. സർക്കാർ അനുവദിച്ച നിയമനത്തിന്‍റെ കരാർ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. എന്നിട്ടും പിരിഞ്ഞുപോകാതെ അനധികൃതമായി പദവിയില്‍ തന്നെ തുടരുകയാണ് അജേഷ്.

 

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു.സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിൽ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും.ബിജെപിയുമായി മധു ചില നീക്കുപോക്കുകൾ നേരത്തെ ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ.

 

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. 2023-24 സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 7 കോടി രൂപയോളം ചെലവഴിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി. ഭിന്നശേഷിക്കാർക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ ഉറപ്പാക്കുന്നുവെന്നും മേയർ പറഞ്ഞു.

 

വയനാട് ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാർ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. നവാസും  ജീപ്പ് ഓടിച്ചിരുന്ന സുബില്‍ഷായും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് ആരോപണം.വയനാട് ചുണ്ടേൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് വഴിത്തിരിവ്.

 

ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായ അമ്മ പ്രസന്നകുമാരിക്കെതിരെയും പൊലീസ് കേസെടുത്തു.രണ്ട് ദിവസം മുൻപ് നൽകിയ പരാതിയിലാണ് കേസ്.

 

ചരിത്രത്തിലാദ്യമായി എല്ലാ നഗരങ്ങൾക്കും ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗ് സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അർഹതാ പട്ടികയിലിടം നേടിക്കൊണ്ട് സ്വച്ഛ് സർവ്വേക്ഷൻ സർവ്വേയിൽ പങ്കെടുക്കാനൊരുങ്ങി കേരളം. കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേകളിലൊന്നാണ് സ്വച്ഛ് സർവ്വേക്ഷൻ. കണ്ണൂർ കന്റോൻമെന്റുൾപ്പെടെ കേരളത്തിൽ 94 നഗരസഭകളാണ് സ്വച്ഛ് സർവ്വേക്ഷനിൽ മത്സരിക്കുന്നത്.

 

എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.  പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു.

 

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി.രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എൽഡിഎഫ് പടക്കം പൊടിച്ച് ആഘോഷിച്ചു. രാജി ജനാധിപത്യത്തിൻ്റെ വിജയമെന്ന് യുഡിഎഫ് അംഗങ്ങളും പ്രതികരിച്ചു.

 

കേരളത്തിന് നിലവിൽ എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

 

സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവിൽ ഒരു ജില്ലകളിളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

 

താജ് മഹൽ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ പ്രദേശത്ത് പരിശോധന നടന്നുവരികയാണ്.സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

മഹാ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകൾ . സെക്ടർ 20ൽ സ്വിസ് കോട്ടേജ് ശൈലിയിലുള്ള 2,000-ലധികം ടെൻ്റുകൾ അടങ്ങുന്ന ഒരു ആഡംബര ടെന്റ് സിറ്റിയാണ്  സ്ഥാപിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടെൻ്റുകൾ ലോകോത്തര നിലവാരത്തിലായിരിക്കും നിർമിക്കുക. 75 രാജ്യങ്ങളിൽ നിന്നായി 45 കോടി സന്ദർശകർ മഹാ കുംഭമേളയ്ക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.

 

ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ്  ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു.

 

അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്‌ത്‌വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് വിവരം.

 

തമിഴ്നാട്ടിൽ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.നാശനഷ്ടങ്ങൾ വിലയിരുത്താനായി എത്തിയ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

 

പാര്‍ലമെന്‍റ്  നടപടികളോട് സഹകരിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത. അദാനിയേയും മറ്റ് വിഷയങ്ങളേയും ചൊല്ലി സഭക്കകത്തും പുറത്തും ഇന്ത്യ സഖ്യം ഇന്ന് രണ്ട് തട്ടിലായിരുന്നു. സംഭല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചു. അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസിനെതിരെ ഇടത് പക്ഷവും നിലപാട് കടുപ്പിച്ചു.

 

പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *