ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരമെന്നും ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.