cricket 4

ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയം. മഴമൂലം നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 20 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടറനുസരിച്ച് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നു വിദ്യാഭ്യാസ വകുപ്പ്. ഹര്‍ത്താല്‍ മൂലം ഇന്നലേയും ശ്രീ നാരായണ ഗുരു സമാധിദിനമായതിനാല്‍ ബുധനാഴ്ചയും അവധിയായിരുന്നു.

ഹര്‍ത്താലിനിടെ അക്രമങ്ങള്‍ നടത്തിയവരെ അരിച്ചുപെറുക്കി പോലീസ്. പൊതുമുതല്‍ നശിപ്പിച്ചതുമൂലമുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി. പൊള്ളുമെന്നു തോന്നുന്നതുവരെ ബസുകള്‍ക്കുനേരെ ആക്രമണം തുടരുമെന്ന് ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  പറഞ്ഞു. ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിച്ചെന്നും ഈയിനത്തില്‍ 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 170 പേരെ അറസ്റ്റു ചെയ്തു. 368 പേരെ കരുതല്‍ തടവിലാക്കി. അക്രമങ്ങള്‍ നടത്തിയ കൂടുതല്‍പേരെ ഉടനേ പിടികൂടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റ് ഷംനാദിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പൊലീസ്. നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മട്ടന്നൂരിലെ ആര്‍എസ്എസ് ഓഫീസിലേക്കു ബോംബിട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ വെമ്പടി സ്വദേശി സുജീര്‍, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെ പിടികൂടി. വയനാട് പനമരം ആറാം മൈലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കുണ്ടാല സ്വദേശികളായ  അഷ്റഫ്,  അബ്ദുള്‍ റഷീദ്,  മുഹമ്മദലി എന്നിവരാണ് പിടിയിലായത്.

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 29 ാം തീയതിയിലേക്കു മാറ്റിവച്ചു. ഹര്‍ത്താല്‍ മൂലം ടിക്കറ്റുകള്‍ വില്‍ക്കാനാകാത്തതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്.

എന്‍ഐഎ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ 11 പേരുടെ  കസ്റ്റഡി അപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായാണ് എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. കരമന അഷ്റഫ് മൗലവി അടക്കമുള്ള പ്രതികളെയാണ് ചോദ്യം ചെയ്യലിലായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുന്നത്.

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന യൂണിയനുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു.

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് റോഡരികുകളില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിനു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇതു ഭരണപരാജയമാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോടതി ഉത്തരവിടുന്നത് നടപ്പാക്കാനാണെന്നും കോടതി.

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു തൃശൂര്‍ നഗരത്തില്‍. വൈകുന്നേരം തൃശൂരില്‍ ഗതാഗത നിയന്ത്രണം. രാവിലെ ചാലക്കുടി അപ്പോളോ ടയേഴ്സിനുമുന്നില്‍നിന്ന് ആരംഭിക്കുന്ന യാത്ര 11 ന് ആമ്പല്ലൂരില്‍ എത്തും. നാലിനു തലോരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശക്തന്‍ ബസ് സ്റ്റാന്‍ഡ് വഴി തെക്കേഗോപുരനടയില്‍ സമാപിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദ്വിഗ് വിജയ് സിംഗ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പുലിക്കളിയും കാവടിയും പൂരക്കുടകളും അടക്കമുള്ള സാംസ്‌കാരിക വിരുന്നോടെയാണ് സ്വീകരണം. യാത്രയ്ക്ക് ഇന്നലെ പ്രതിവാര അവധിദിനമായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *