ദിവസത്തില്‍ പത്ത് മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് പഠനം. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തില്‍ ദിവസത്തില്‍ 10.6 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് പിന്നീട് ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഹൃദയസ്തംഭനം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു. എല്ലാ ആഴ്ചയും ശുപാര്‍ശ ചെയ്യപ്പെടുന്ന 150 മിനിറ്റ് മിതമായ വ്യായാമം ചെയ്താലും ഈ സാഹചര്യത്തില്‍ മാറ്റം വരുന്നതായി കണ്ടെത്താനായിട്ടില്ലെന്നും ഗവേഷകര്‍ പറഞ്ഞു. യുകെ ബയോ ബാങ്കില്‍ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. എട്ട് വര്‍ഷം നീണ്ട പഠനത്തില്‍ പങ്കെടുത്തവരില്‍ അഞ്ച് ശതമാനം ആളുകളില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ (ഹൃദയത്തിന്റെ മുകള്‍ അറകളില്‍ ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍) വികസിച്ചതായി കണ്ടെത്തി. 2.1 ശതമാനം ആളുകള്‍ക്ക് ഹൃദയസ്തംഭനം സംഭവിച്ചു. ഏകദേശം രണ്ട് ശതമാനം ആളുകളില്‍ ഹൃദയാഘാതം ഉണ്ടായി. ഏതാണ്ട് ഒരു ശതമാനത്തില്‍ താഴെ ഹൃദയസംബന്ധമായ കാരണങ്ങളാലുള്ള മരണവും രേഖപ്പെടുത്തി. കൂടാതെ ഇരിപ്പിനിടെ ഇന്‍ട്രാ ആക്ടിവിറ്റി ബ്രേക്കുകള്‍ അല്ലെങ്കില്‍ വ്യായാമ സമയം നീട്ടേണ്ടതിന്റെ ആവശ്യകതയും പഠനം ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘനേരമുള്ള ഇരിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. നിവര്‍ന്ന് നില്‍ക്കുമ്പോഴും നടക്കുമ്പോഴും പേശികളുടെ ആരോഗ്യം മെച്ചപ്പെടും എന്നാല്‍ ഇരിക്കുമ്പോള്‍ ഇവ അയയുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും പേശികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൊഴുപ്പ് വര്‍ധിക്കാനും കാരണമാകുന്നു.