സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. സിറ്റിങ് പൂർത്തിയായായെങ്കിലും വിധി പറയൽ രണ്ടാഴ്ചക്ക് ശേഷമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത് കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. ഇനി പരിഗണിക്കുമ്പോൾ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത.
മകനെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും അബ്ദുൽ റഹീമിൻ്റെ മാതാവ് ഫാത്തിമ. ഇന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നെന്ന് സഹോദരൻ നസീറും പ്രതികരിച്ചു. മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു കേസ് വീണ്ടും പരിഗണിച്ചേക്കും.
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് വീട്ടിലെത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. കൊടപ്പനക്കൽ തറവാട്ടിൽ തനിക്ക് വലിയൊരു കസേരയാണ് കിട്ടിയതെന്നും ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിയാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തനിക്കെതിരെ ആരോപണങ്ങൾ തുടരുന്നതെന്നും സന്ദീപ് പറഞ്ഞു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോയതെന്ന് കെ സുധാകരൻ. മുന്നണിയിൽ വരുമ്പോൾ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു എന്നാൽ സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യര്‍ പാണക്കാട് പോകുന്നു എന്ന് വാർത്ത കണ്ടപ്പോൾ ബാബരി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പാണ് ഓര്‍മ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ൽ ഒറ്റപ്പാലത്ത് കോൺഗ്രസും ലീഗും ബി ജെ പിയും ചേർന്ന് കോൺഗ്രസ് ലീഗ് ബിജെപി സഖ്യമായി മത്സരിച്ചു എന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയു ഉയർത്തിയത്. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികൾക്കും അറിയാമല്ലോയെന്നും അവരിൽ എല്ലാമുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
സന്ദീപ് വാര്യർ ബി ജെ പി വിട്ടപ്പോൾ സി പി എമ്മിൽ കൂട്ടക്കരച്ചിലാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ടെന്നും അതിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും അമ്പരപ്പാണ് ഉള്ളതെന്നും മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്‍റെ ഗതികേടിന്‍റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്ന് മന്ത്രി എം ബി രാജേഷ്. വിഷം ചീറ്റിയെ ആളെ ഞങ്ങൾ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നും പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണെന്നും എം ബി രാജേഷ് പറഞ്ഞു. സന്ദീപ് ആർഎസ്എസിനെ തള്ളി പറയാൻ തയ്യാറായുണ്ടോ, സവർക്കറേ തള്ളിപ്പറയുമോ എന്നും രാജേഷ് ചോദിച്ചു. ആർഎസ്എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്‍റ് ആണ് സന്ദീപ് വാര്യറെന്നും മന്ത്രി പറഞ്ഞു.
അപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയായി കോൺഗ്രസിനെന്നായിരുന്നു എ കെ ബാലന്‍റെ പ്രതികരണം. യുഡിഎഫ് – ആര്‍എസ്എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യ റെന്നും കെപിസിസി ഓഫീസിനുള്ളിൽ ഇനി ആര്‍എസ്എസ് ശാഖ തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം കിട്ടിയില്ലെങ്കിൽ സ്നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരൻ വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.
രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാരിയരുടെ വരവിനെ എതിർത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതിനാണെന്നും രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണെന്നും അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ലെന്നും വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സീ പ്ലെയിൻ പദ്ധതി താത്കാലിമായി നിർത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയ്യണം. ചർച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സിഐടിയു, എഐടിയുസി നേതാക്കൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.
എല്ലാ അർഥത്തിലും വ്യാജനായ വ്യക്തിയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്അദ്ദേഹം ഇതുവരെ ഐ.ടി റിട്ടേൺസ് ഫയൽ ചെയ്തിട്ടില്ല. അദ്ദേഹം പരസ്യമായി കള്ളംപറഞ്ഞുവെന്നും ഷാനിബ് ആരോപിച്ചു.
വയനാട് ദുരന്തത്തില്‍ ധനസഹായം നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതി യോഗം ചേരാന്‍ ഇനിയും വൈകുമെന്ന് സൂചന. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനം ഇനിയും കൈമാറാത്ത സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. വയനാട്ടില്‍ സ്ഥലമേറ്റെടുക്കന്നതിലെ കാലതാമസം കോടതിയിലടക്കം സാങ്കേതിക തടസമായി കേന്ദ്രം ഉന്നയിച്ചേക്കും.
ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
കോഴിക്കോട്ട് കോൺഗ്രസ് നടത്തിയ ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടയുകയും കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താൽ നടത്തിയത്.
മാലിന്യമിറക്കുന്നതിനിടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഹരിതകര്‍മ സേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. രാമനാട്ടുകര മുന്‍സിപ്പാലിറ്റിക്ക് കീഴിലെ പരുത്തിപ്പാറയിലുള്ള എംസിഎഫിലാണ് ഇന്നലെ വൈകീട്ട് അപകടമുണ്ടായത്. വൈദ്യരങ്ങാടി പട്ടായിക്കല്‍ സ്വദേശിനി പി പ്രേമലതയ്ക്കാണ് പരിക്കേറ്റത്.
.
വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ 17 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് എൽപി സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി.
മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കി.
തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
സ്കൂളിൽ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളിൽ നിന്ന്നിന്ന് വിനോദയാത്ര പോയ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്‌കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതിൽ ഒരു കുട്ടി ആശുപത്രിയിൽ തുടരുകയാണ്.
കേരളത്തിലെ 4 ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 15 മില്ലി മീറ്റർ വരെ മഴ അനുഭവപ്പെടാമെന്നാണ് അറിയിപ്പിൽ പറയുന്നത്. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിലുണ്ട്.
നേമത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അനന്തകൃഷ്ണൻ( 15) ആണ് മരിച്ചത്. എന്താണ് കുട്ടിയുടെ മരണ കാരണമെന്ന് വ്യക്തമല്ല. നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ പെടുകയായിരുന്നു.
യുഎഇയിലെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വന്തമാക്കിയവരില്‍ മലയാളിയും. പത്തനംതിട്ട കൂടല്‍ സ്വദേശിയും മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ നഴ്സിങ് സൂപ്പര്‍വൈസറുമായ മായ ശശീന്ദ്രനാണ് അവാര്‍ഡ് നേടിയത്. ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിലാണ് മായ പുരസ്കാരം നേടിയത്.
ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ്. 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയിൽ അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷൻസ് മേധാവി ഉമാ നായർ പറഞ്ഞു. .
മണിപ്പൂര്‍ കലാപത്തിടപെട്ട് കേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണം മാറ്റി വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം രൂക്ഷമായത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎക്ക് കൈമാറാനാണ് പോലീസിന് നിർദേശം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും ഇന്ന് നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കിയാണ് അമിത് ഷാ ദില്ലിയിൽ തുടരുന്നത്.
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി നാഷ്ണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സഖ്യം വിട്ടു. സംസ്ഥാന സർക്കാറിനുള്ള പിന്തുണ എൻപിപി പിൻവലിച്ചു. ഇക്കാര്യം അറിയിച്ച് എൻപിപി ജെപി നദ്ദയ്ക്ക് കത്ത് നൽകി. സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു.
മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവെച്ചു. അരവിന്ദ് കെജ്‌രിവാളിനാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നൽകിയത്. എഎപിക്കും കെജ്രിവാളിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജിക്കത്ത്. കെജ്രിവാളിൻ്റെ വസതി കോടികൾ മുടക്കി നവീകരിച്ചതിന് എതിരായ പരാതികൾ ആംആദ്മി പാർട്ടി ജനങ്ങൾക്ക് ഒപ്പം തന്നെയാണോ എന്ന സംശയം ഉണ്ടാക്കിയെന്നും യമുന നദി ശുചിയാക്കാത്തത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല എന്നതിന് തെളിവാണ് സ്വന്തം അജണ്ടകളാണ് എഎപിയിൽ ഇപ്പോൾ നടപ്പാക്കുന്നതെന്നും ഗെലോട്ട് വ്യക്തമാക്കി.
തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോൾ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് മോചനം നല്‍കിയതായി പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പൊലീസ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചത്. മോചനം ലഭിക്കുന്നവരില്‍ ഒമാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരാണ് ഇവര്‍.
യു പിയിലെ ത്സാൻസി മെഡിക്കൽ കോളേജിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ കിടത്തിയത് അമ്പതിലധികം കുട്ടികളെയായിരുന്നു കിടത്തിയിരുന്നത്. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
ടോക്കിയോയിലെ ഒരു ദേവാലയത്തിലേക്കുള്ള കവാടത്തിൻ്റെ തൂണിൽ നഖങ്ങൾ കൊണ്ട് അക്ഷരങ്ങൾ എഴുതിവച്ചതിന് ഒരു അമേരിക്കൻ വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്തു. 65 കാരനായ സ്റ്റീവ് ലീ ഹെയ്‌സെന്ന എന്നയാളെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മെയ്ജി ദേവാലയത്തിലെ ടോറി ഗേറ്റ് എന്നറിയപ്പെടുന്ന പരമ്പരാഗത കവാടത്തിൻ്റെ മരത്തൂണിലാണ് അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് എന്ന് ജപ്പാൻ ടൈംസും റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിൽ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോർഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഒന്നും തന്നെയില്ലെന്നും അതിനാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) പുരസ്‌കാരം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കാനൊരുങ്ങി നൈജീരിയ. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത് അന്താരാഷ്ട്ര അവാർഡാണിത്.