ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണെന്നും ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയിൽ എത്തിപെടുക വെല്ലുവിളിയാണ് സീ പ്ലെയിൻ കൊണ്ട് ഈ പരിമിതി മറികടക്കാൻ പറ്റുമെന്നും റിയാസ് പറഞ്ഞു. മൈസുരുവിൽ നിന്ന് ഇന്നലെയാണ് കനേഡിയൻ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്.
സി പ്ലെയിൻ പദ്ധതി 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നുവെന്ന് കെ മുരളീധരന്‍.
ഇത്രയും വൈകിപ്പിച്ചതിന് പിണറായി വിജയൻ ക്ഷമ ചോദിക്കണമെന്നും യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്ത് എതിർപ്പിനെ തിടർന്ന് നിർത്തിവക്കുകയായിരുന്നുവെന്നും അന്ന് പദ്ധതി തടസ്സപ്പെടുത്താൻ സമരം ചെയ്ത ചില മത്സ്യത്തൊഴിലാളി സംഘടനകളെ ആരെയും ഇന്ന് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സീ പ്ലെയിൻ പദ്ധതി മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതിൽ വനം വകുപ്പ് ആശങ്ക അറിയിച്ചു. ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. എന്നാൽ നിലവിലെ പരീക്ഷണ ലാന്‍ഡിങിന് എതിര്‍പ്പില്ലെന്നും വനംവകുപ്പ് അറിയിച്ചു.
സീ പ്ലെയിൻ പദ്ധതിയുടെ റൂട്ട് അന്തിമമായിട്ടില്ലെന്നും ആവശ്യമായ ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയായിരിക്കും സീ പ്ലെയിൻ പദ്ധതി നടപ്പാക്കുകയെന്നും ഇന്ന് ട്രയൽ റണ്ണിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിൽ നിന്ന് മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിൻ ഓടിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അതോടൊപ്പം സീ പ്ലെയിനുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് സമരം ചെയ്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അന്നത്തെ സാഹചര്യം അല്ല ഇന്നുള്ളതെന്നും കേന്ദ്ര നയം തന്നെ മാറിയെന്നും കൂടുതൽ ഉദാരമായെന്നും റിയാസ് പറഞ്ഞു. മറ്റു വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഐ എ എസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്നും മന്ത്രി കെ രാജൻ. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കള പറിക്കാൻ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് പ്രശാന്ത് ഐ എ എസ് പങ്കുവച്ചിരിക്കുന്നത്. കർഷകനാണ് കള പറിക്കാൻ ഇറങ്ങിയതാ എന്നും കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു എന്നുമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. വിവാദങ്ങളിൽ ഇന്ന് സർക്കാർ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ലൂസിഫർ സിനിമയിലെ ഡയലോഗും ചേർത്തുള്ള പ്രശാന്തിന്‍റെ കുറിപ്പ്.
മന്ത്രി സഭയിലെ പട്ടികജാതി പ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണനെ ഒഴിവാക്കിയതെന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ദളിത് സമൂഹത്തിന് രാഷ്ട്രീയ അധികാരം ലഭിക്കുമായിരുന്ന സാഹചര്യമാണ് രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലൂടെ നഷ്ടപ്പെട്ടതെന്നും ചേലക്കരയിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇത് ചർച്ചയായിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
മാത്യു കുഴൽനാടൻ നിലയും വിലയുമില്ലാത്തവനെന്നും പറയുന്നത് ജാതി രാഷ്ട്രീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികജാതി മന്ത്രിയില്ലെന്ന കുഴൽനാടന്റെ പ്രസ്താവന തരം താണതാണെന്നും കോൺഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴൽനാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ഇത്തരം തരംതാണ പ്രസ്താവനയിലൂടെ കുഴൽനാടൻ വിലയില്ലാത്തവനെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പായിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന് അതാണ് പേരിനു വന്നു പ്രചരണം നടത്തിയതെന്നും കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് സ്വപ്നം കാണാൻ അവകാശം ഉണ്ടെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ സി മൊയ്തീൻ. യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പുറത്ത് നിന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന വി ഡി സതീശന്‍റെ അവകാശവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ധ്രുവീകരണം നടത്തുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ വഖഫ് വിഷയമാണ് പ്രധാന ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ബിജെപി അട്ടിമറി വിജയം നേടുമെന്നും വയനാട്ടിൽ ഇടതുമുന്നണികളേയും പിന്നിലാക്കി മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ 5000 ത്തോളം വോട്ടുകൾക്ക് വിജയിക്കുമെന്ന വി. ഡി സതീശന്‍റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.
പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണം. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ പ്രിയങ്ക ഗാന്ധിയുടെ കൊട്ടികലാശത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുൽ ഗാന്ധി പങ്കെടുക്കുക. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലുമുള്ള റോഡ്ഷോകളിൽ പങ്കെടുക്കും.
പത്തനംതിട്ട സിപിഎമ്മിന്‍റെ പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പത്തനംതിട്ട എസ്‍പിക്ക് സിപിഎം പരാതി നൽകി. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നിരുന്നു.
പാലക്കാട് തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തെന്നും വെളിപ്പെടുത്തി കെ മുരളീധരൻ. അത്തരത്തിൽ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യിൽ നിന്നായിരിക്കും കത്ത് ചോർന്നതെന്നും പാലക്കാട് സ്ഥാനാർത്ഥി സംബന്ധിച്ച് വിയോജിപ്പുകൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നേതാക്കൾ കൂടിയാലോചന നടത്തിയില്ല എന്ന പരാതിയാണ് ഉണ്ടായിരുന്നെങ്കിലും മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റിപ്പുറം മേഖലയിൽ നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിന് സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും തനിക്കെതിരെ ഇല്ലാ കഥകൾ മെനയുകയാണെന്നും സിദ്ദിഖ് മറുപടി വാദത്തിൽ വിമർശിച്ചു. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.
ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ്, ഹർഷദ് വി ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു. എന്നാൽ മാനസികനില സംബന്ധിച്ച് റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങി തിരയിൽ പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അടൂർ നെടുമൺ സ്വദേശിയായ ശ്രീജിത്തിന്‍റെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെത്തിയത്. ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം ഇന്നലെ ബീച്ചിലെത്തിയതായിരുന്നു ശ്രീജിത്ത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കർണാടക സ്വദേശിയും കടലിൽ പെട്ട് മരിച്ചിരുന്നു.
തൃശൂരിലെ എരുമപ്പെട്ടിയിൽ സ്വകാര്യ ബസിടിച്ച് സൈക്കിൽ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടി (74) ആണ് മരിച്ചത്. എരുമപ്പെട്ടി കുട്ടഞ്ചേരി പാടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്ത്യയുടെ 51-ആമത് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആയിരുന്നു. ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിച്ചതിന് ശേഷമാണ് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത് ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി.
ഡിഎൻഎ ടെസ്റ്റിംഗ് കമ്പനി ഉപഭോക്താക്കളുടെ ബയോമെട്രിക്സ് ഉൾപ്പെടെയുള്ള ഡാറ്റയുമായി മുങ്ങിയെന്ന് പരാതി. ലണ്ടനിൽ പ്രവർത്തിക്കുന്ന റഷ്യൻ ബന്ധമുള്ള അറ്റ്‌ലസ് ബയോമെഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ജനിതക ഘടന, ചില രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവയെ കുറിച്ച് ഡിഎൻഎ പരിശോധിച്ച് വിവരം നൽകുന്ന കമ്പനിയാണിത്.
കാനഡയിൽ എച്ച്-5 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. എച്ച് 5 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വെെറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. രോഗിയുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വെസ്റ്റേൺ പ്രൊവിൻസിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. പത്ത് ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻറും സെക്രട്ടറിയും ചേര്‍ന്ന് ജലജിന് സമ്മാനിച്ചു.