Untitled design 20241102 162750 0000

കേരളം – ദൈവത്തിന്റെ സ്വന്തം നാട്…!!!

1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്. കേരളത്തെക്കുറിച്ച് ഇനിയും അറിഞ്ഞിരിക്കേണ്ട പലതും അറിയാക്കഥകളിലൂടെ വായിച്ചറിയാം…!!

വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമാണ് കേരളം. ലോകത്തിൽ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.

മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാനനഗരങ്ങൾ കൊച്ചി (വാണിജ്യ തലസ്ഥാനം), കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, കോട്ടയം എന്നിവയാണ്‌. കളരിപ്പയറ്റ്, കഥകളി, പടയണി, ആയുർവേദം, തെയ്യം മാപ്പിളപാട്ട് തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനഘടകമാണ്.

 

അമേരിക്ക ഉൾപ്പെടെ പല വിദേശ വികസിത രാജ്യങ്ങളിലും മലയാളികളായ നഴ്സുമാർ ഉന്നത പദവികളിൽ ജോലി ചെയ്യുന്നുണ്ട്. ലോകത്തിലെ മികച്ച നഴ്സുമാർ എന്ന അംഗീകാരവും മലയാളികളായ നഴ്സുമാർക്ക് അവിടങ്ങളിൽ ലഭിക്കാറുണ്ട്.1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും വിദേശജോലി വരുമാനത്തിന്റെയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌.

 

കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.വിവിധ സാമൂഹികമേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾമൂലം കേരളം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത്, ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാ നിരക്കാണ്‌.2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേപ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതിനടക്കുന്ന സംസ്ഥാനം കേരളമാണ്‌.

 

കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്, പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ മതേതരത്വം മാതൃകയായി കാണുന്നത് കേരളത്തെ ആണ്. വർഗീയ കലാപം ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം അത് കേരളം ആണ്. എല്ലാ മതത്തിൽപെട്ടവരും ഒരുപോലെ കഴിയുന്ന നാട്, ജാതി മത പ്രശ്നങ്ങൾ ഇല്ലാത്ത നാട്, ആരോഗ്യ രംഗത്ത് ലോക രാജ്യങ്ങൾക്ക് ഒപ്പം ഇങ്ങനെ കുറേ വിശേഷണങ്ങൾ കേരളത്തെ പറ്റിയുണ്ട്

കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്നങ്ങളായ അഭിപ്രായങ്ങളുണ്ട്.കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർത്ഥം വരുന്ന അളം എന്ന പദവുംചേർന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.മറ്റൊരഭിപ്രായം അറബിസഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിലെന്നാണ്.

 

കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും സമ്പദ്സമൃദ്ധിയും കണ്ട്, അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്നു വിളിച്ചിരുന്നത്രെ. അതു ലോപിച്ചാണ്, കേരളം എന്ന പേരുണ്ടായതെന്നാണത്. “മലബാർ” എന്ന പദം അറബികൾവഴി ലഭിച്ചതാണെന്നതാണ്‌, ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണനല്കുന്നത്. “മഹൽ” എന്ന പദവും “ബുഹാർ” എന്ന പദവും ചേർന്നാണു മലബാർ എന്ന പദമുണ്ടായതത്രേ. “മഹൽബുഹാർ” എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നർത്ഥം. അതു പിന്നീടു ലോപിച്ചാണ്, മലബാർ എന്നായത്.

 

കേരളീയരല്ലാതെ, മറ്റാരും കേരളം എന്ന തികച്ചു പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ “M ” എന്ന അക്ഷരമുണ്ടായിട്ടും “കേരള” എന്നാണ് ഇംഗ്ലീഷിലെഴുതുന്നത്. കേരളം എന്ന പേരു, ‘ചേരളം’ എന്ന പദത്തിൽനിന്നുദ്ഭവിച്ചതാണെന്നാണ്, മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന്, ചേർന്ന എന്നാണർത്ഥം. കടൽമാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിലാണ് ഈ പേരുദ്ഭവിച്ചതെന്ന് ഒരു കൂട്ടർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽവരുന്ന ഇവിടം, കടൽചേരുന്ന ഇടം എന്നയർത്ഥത്തിൽ ചേർ എന്നു വിളിച്ചിരുന്നു. ചേർ+അളം എന്നതിന്, സമുദ്രമെന്ന അർത്ഥവുമുണ്ട്. കടലോരമെന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി എന്ന് പറയപ്പെടുന്നു.

 

ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ്, മറ്റൊരഭിപ്രായം. വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർവന്നുവെന്നും ഒരു വിശ്വാസമുണ്ട്.മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ്പദത്തിൽനിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ്, കേരളമായതെന്നുമുള്ള മറ്റൊരു വാദവും നിലനിൽക്കുന്നു.ചേരം (കേരളം) എന്ന വാക്ക്, നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു.കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധനകാരണമായിരിക്കണം ഒരുപക്ഷേ ഈ പേരുവരാനിടയായത്.

കേരം എന്നത്, ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കുമിടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്നപേര്, കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളമാണ്. പ്രാഗ്കാലതമിഴിൽനിന്നു രൂപംകൊണ്ടതാണു മലയാളം.

 

വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തുലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ്, ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ്, ഇന്നെഴുതപ്പെടുകയും കേൾക്കപ്പെടുകയുംചെയ്യുന്ന മലയാളം, ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം, ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്, ഇപ്പോഴും തർക്കംനിലനിൽക്കുന്നുണ്ട്.

 

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു.തദ്ദേശവാസികളെ അടിച്ചമർത്തി പുറത്തു നിന്നും വന്നവർ കാര്യക്കാർ ആയതിനെ ഈ കഥ സൂചിപ്പിക്കുന്നു. ഇനി കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ അറിയാനുണ്ട്. അവയെല്ലാം അറിയാക്കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങളിലേക്ക് എത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *