web cover 76

നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ഭേദഗതി നിയമങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്നു ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ബില്ലുകള്‍ സാധുവാക്കാന്‍ നിയമ നടപടികള്‍ വേണ്ടിവരും. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന ആരോപണവും നിയമപോരാട്ടത്തിലേക്കു നയിച്ചേക്കും. ഗവര്‍ണര്‍ക്കെതിരേ നടന്ന അതിക്രമശ്രമവും അന്നു രാജ്യസഭാംഗമായിരുന്ന മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞതും നിയമയുദ്ധത്തിന് വഴി തുറന്നേക്കാം.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരില്‍ കക്ഷി ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഗവര്‍ണറുടെ ആരോപണങ്ങളേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ആക്രമണങ്ങളേയും രാഷ്ട്രീയമായി നേരിടാനാണ് എല്‍ഡിഎഫിന്റേയും സിപിമ്മിന്റേയും തീരുമാനം. ഗവര്‍ണര്‍ക്കെതിരേ വ്യാപക പ്രചാരണങ്ങള്‍ നടത്താനാണു നിര്‍ദേശം.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍- അശോക് ഗെലോട്ട് മത്സരം. ശശി തരൂര്‍ എംപി സോണിയ ഗാന്ധിയുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കും. 24 മുതല്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 17 നാണു തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈ മാസം 26 ന് പത്രിക നല്‍കിയേക്കും.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ലോകനേതാക്കളുടേയും ബ്രിട്ടീഷ് ജനതയുടേയും അന്തിമോപചാരങ്ങള്‍ക്കുശേഷം അര്‍ധരാത്രി രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സംസ്‌കരിച്ചു. രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം അതിവിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലേക്കും പിന്നീട് വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്കും ഒടുവില്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലേക്കും വിലാപയാത്ര കടന്നുപോയപ്പോള്‍ റോഡിന് ഇരുവശത്തും കാത്തുനിന്ന ജനം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ കല്ലറയ്ക്കരികിലുള്ള കല്ലറയിലാണ് എലിസബത്ത് രാജ്ഞിയുടെ മൃതദേഹം അടക്കിയത്.

മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈസ് ചാന്‍സലറെ നിയമിക്കാന്‍ സമ്മര്‍ദം ചെലുത്തിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെപോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആര്‍എസ്എസിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ് നടന്ന കാലത്ത് രാഗേഷ് രാജ്യസഭാ എംപിയായിരുന്നെന്നും ഗോവിന്ദന്‍.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാടുകള്‍ പുറത്തുവിട്ട കേരള ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചെന്നും കാനം ആരോപിച്ചു.

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ അണികളേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്നത് ഗവര്‍ണറാണെന്ന് പിണറായി പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ നടത്തിയ പഴയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. ഭരണഘടന അപകടത്തിലാണെന്നും സര്‍വകലാശാലകളെ സംഘപരിവാര്‍ ആക്രമിക്കുകയാണെന്നുമുള്ള പ്രസംഗമാണ് അന്ന് രാജ്യസഭാംഗമായിരുന്ന കെ.കെ രാഗേഷ് പങ്കുവച്ചത്. ഗവര്‍ണറുടെ വിമര്‍ശനത്തിനു പിറകേയാണ് പഴയ പ്രസംഗം രാഗേഷ് പങ്കുവച്ചത്.

ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തതെന്നും സുരേന്ദ്രന്‍.

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അഭികാമ്യമമല്ലെങ്കിലും വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. പ്രതിപക്ഷം ആരുടേയും കൂടെ നില്‍ക്കില്ലെന്നാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി.

ഐഎസ് കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാലിന് 23 വര്‍ഷം കഠിന തടവ്. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ അബു മറിയം നിരവധി പേരെ പ്രേരിപ്പിച്ചെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അഞ്ചു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചാല്‍ മതി.

അട്ടപ്പാടി മധുകൊലക്കേസില്‍ 46 ാം സാക്ഷി അബ്ദുള്‍ ലത്തീഫ് കൂറുമാറി. പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടെന്ന മൊഴിയാണു തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീര്‍ എന്നിവരുടെ അച്ഛനാണ് അബ്ദുള്‍ ലത്തീഫ്. ഇന്നലെ വിസ്തരിച്ച മറ്റു സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11 ാം പ്രതി ഷംസുദ്ദീനു ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങി.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് ആയച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുന്നതില്‍ തെറ്റുണ്ടോ എന്നു ചോദിച്ച കോടതി കാണിക്ക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ബോര്‍ഡിനില്ലേയെന്നും ആരാഞ്ഞു.

പൊതുമരാമത്ത് റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിച്ചു വരുത്താന്‍ തുടങ്ങിയാല്‍ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസ് തുറക്കേണ്ടി വരുമെന്ന് ഹൈക്കോടതി. ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്. റോഡുകള്‍ മോശമാകുന്നതിന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചുണ്ടന്‍ വള്ളത്തില്‍ തുഴഞ്ഞ് ആലപ്പുഴയിലെ പുന്നമടയില്‍. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ചുണ്ടന്‍ വള്ളം തുഴഞ്ഞത്. രാഹുല്‍ ഗാന്ധിയെ ഓള്‍ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചില്‍ക്കാര്‍ക്കൊപ്പം ചുണ്ടന്‍ വള്ളത്തിലേക്കു ക്ഷണിച്ചത്.

ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ചിലര്‍ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി. വ്യക്തിയെയല്ല, ആശയത്തെയാണ് പിന്തുണയ്ക്കന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാറില്‍ യാത്ര നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. അങ്ങനെയെങ്കില്‍ ഞാനില്ലെന്ന് പറഞ്ഞു. ജനങ്ങളെ ബഹുമാനിച്ചും നടന്നുകൊണ്ടുമാകണം യാത്ര നടത്താനെന്ന് അങ്ങനെയാണു തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. രണ്ടേകാല്‍ കോടി രൂപയുടെ കുടിശിക ഈ മാസം 30 ന് അടയ്ക്കാമെന്ന കെസിഎയുടെ ഉറപ്പിലാണ് വൈദുതി പുനഃസ്ഥാപിച്ചത്. ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 നടക്കാനിരിക്കെയാണ് വൈദ്യുതി വിച്ഛേദിച്ചത്. കുടിശ്ശികമൂലം വെള്ളത്തിന്റെ കണക്ഷന്‍ റദ്ദാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബര്‍ സിദ്ദിഖിനെ അറസ്റ്റു ചെയ്തു. കൊലപാതകത്തില്‍ ഇയാള്‍ക്കു നേരിട്ടു പങ്കുണ്ടെന്ന് പൊലീസ്. അബൂബക്കര്‍ സിദ്ദിഖിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. ആകെ 38 പ്രതികളാണുള്ളത്.

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.

തൊടുപുഴയില്‍ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായ പേയിളകി ചത്തു. തൊടുപുഴ ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്സണ്‍ ജോര്‍ജിനേയും മണക്കാട് സ്വദേശിയായ ഉടമയെയും ഭാര്യയെയും നായ കടിച്ചിരുന്നു. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിന്‍ സ്വീകരിച്ചു തുടങ്ങി.

പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ ജയിലിലായ ഇടത് സൈബര്‍ പോരാളി പി.കെ. സുരേഷിന് ജാമ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുരേഷിനെതിരെ പോലീസ് കള്ളക്കേസെടുത്തെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് റൈറ്ററെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമാണ് പൊലീസ് പറയുന്നത്.

നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോമില്‍ യുവതി പ്രസവിച്ചു. ജാര്‍ഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കനിവ് 108 ആംബുലന്‍സ് ജീവനക്കാരാണു സഹായിക്കാന്‍ എത്തിയത്.

കോഴിക്കോട് നാദാപുരത്തിനു സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് മടിക്കൈയില്‍ അമ്മയെ ചിരവകൊണ്ട് അടിച്ച പത്തൊമ്പതുകാരന്‍ മകന്‍ സുജിത്ത് തൂങ്ങി മരിച്ചു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് ചിരവകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

ചാലക്കുടി നഗരസഭ പോട്ട വാര്‍ഡിലെ ബിജെപി സ്വതന്ത്രനായ കൗണ്‍സിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വത്സന്‍ ചമ്പക്കരയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബെന്നി ബെഹനാന്‍ എംപിയാണ് കോണ്‍ഗ്രസ് അംഗത്വം കൈമാറിയത്.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ നടന്‍ നസ്ലെന്‍ കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. തനിക്ക് ഫേസ്ബുക് ഐഡി ഇല്ലെന്നും എഫ്ബി പേജാണുളളതെന്നും നടന്‍ പറഞ്ഞു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റിട്ടതിനെപ്പറ്റി അന്വേഷിക്കണമെന്നാണു പരാതിയിലെ ആവശ്യം. ഇതിന്റെ പേരില്‍ താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും നടന്‍ പരാതിപ്പെട്ടു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാന പിസിസികള്‍ പ്രമേയം പാസാക്കി. മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി, തമിഴ്നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളാണ് രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കിയത്. ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ടുപോകാമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിനെ ബിജെപിയില്‍ ലയിപ്പിച്ചു. എംപിയായ അദ്ദേഹത്തിന്റെ ഭാര്യ പ്രണീത് കൗര്‍ കോണ്‍ഗ്രസില്‍തന്നെ തുടരും. എംപി സ്ഥാനം നഷ്ടമാകാതിരിക്കാനാണ് മുന്‍കേന്ദ്ര സഹമന്ത്രിയായിരുന്ന പ്രണീത് കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കാത്തത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതിനെതിരേ പശ്ചിമബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നുണ്ടെന്ന് മമത കുറ്റപ്പെടുത്തി.

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. പിരിച്ചുവിടലിനെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി. വിരമിക്കാന്‍ ഒരു മാസം ശേഷിക്കെ ഓഗസ്റ്റ് 30 നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സതീഷ് വര്‍മ്മയെ പിരിച്ചുവിട്ടത്.

അമിതമായി മദ്യപിച്ചു വിമാനത്തില്‍ കയറിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് ബിജെപിയുടെ ആരോപണം. ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍നിന്നാണ് ഇറക്കിവിട്ടതെന്നാണ് പരിഹാസം. എന്നാല്‍ അനാരോഗ്യംമൂലം വൈകിയതിനാലാണ് മറ്റൊരു വിമാനത്തില്‍ കയറേണ്ടിവന്നതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മിച്ച് ആരാധകന്‍ പ്രഭാകര്‍ മൗര്യ. അയോധ്യയിലെ ഭരത്കുണ്ഡിലാണ് ക്ഷേത്രം നിര്‍മിച്ചത്. അമ്പും വില്ലുമേന്തിയ ആദിത്യനാഥിനെ ശ്രീരാമന്റെ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടും പൂജയും പിന്നാലെ പ്രസാദ വിതരണവുണ്ട്.

ശക്തമായ രണ്ടു ഭൂചലനത്തില്‍ തകര്‍ന്ന് തായ്വാന്‍. ഭൂചലനം രേഖപ്പെടുത്തിയ നഗരത്തിലെ റെയില്‍വേ, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ പലതും തകര്‍ന്നു. തെക്കു കഴിക്കന്‍ തായ്വാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു. ഇന്ത്യാ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരമാണിത്.

ബെംഗളൂരു എഫ്‌സിയുടെ ക്യാപ്റ്റനും ഇന്ത്യന്‍ ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയെ ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ തള്ളിമാറ്റിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടിക്കെതിരേ പ്രതിഷേധം രൂക്ഷം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് മണിപ്പൂര്‍ – പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ലാ ഗണേശനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മൊഹാലിയില്‍. ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ടി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍മാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന്റെ ആതിഥേയരുമാണ് ഓസ്ട്രേലിയ.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷ നികുതിവരുമാനം നടപ്പുവര്‍ഷം സെപ്തംബര്‍ 17വരെയുള്ള കാലയളവില്‍ 30 ശതമാനം മുന്നേറി 8.36 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. 2021ലെ സമാനകാലത്ത് വരുമാനം 6.42 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവര്‍ഷത്തെ പ്രത്യക്ഷ നികുതിവരുമാനത്തില്‍ 4.36 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിയും 3.98 ലക്ഷം കോടി രൂപ വ്യക്തിഗത ആദായനികുതിയും സക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സുമാണ്. റീഫണ്ടുകള്‍ കിഴിച്ചുള്ള നികുതിവരുമാനം ഏഴ് ലക്ഷം കോടി രൂപയാണ്; വര്‍ദ്ധന 23 ശതമാനം. 2021-22ലെ സമാനകാലത്ത് 5.68 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പരോക്ഷ നികുതിവരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് 14 വരെ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തികവര്‍ഷം പരോക്ഷ നികുതിവരുമാനം 12.93 ലക്ഷം കോടി രൂപയായിരുന്നു.

ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം നേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2022ന്റെ ആദ്യപാദത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനം നിലനിറുത്തി. വികസിത, വികസ്വര രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെ നേട്ടം. ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തിയും സംരംഭക സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. രണ്ടാംപാദത്തില്‍ 1,610 കോടി ഡോളര്‍ നേടി സമാനനേട്ടം ഇന്ത്യ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് ആഞ്ഞടിച്ച കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് മൂലധന നിക്ഷേപം ഒഴുകിയതിലൂടെ ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം ലോകത്തെ മൂന്നാമത്തെ വലിയനിലയിലേക്ക് ഉയര്‍ന്നു. രാജ്യത്തിന്റെ ഒമ്പതുമാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണിത്.

മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യ ഭാഗത്തിലെ അതിമനോഹരമായ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ‘അലൈകടല്‍’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ശിവ ആനന്ദ് ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. സെപ്റ്റംബര്‍ 30ന് ആണ് പ്രദര്‍ശനത്തിന് എത്തുക.

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടും സസ്പെന്‍സ് നിറച്ചു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു കാടിനുള്ളിലൂടെ നടന്നടുക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഒപ്പം റോഷാക്ക് റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഫോക്‌സ്വാഗന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ശ്രദ്ധേയ മിഡ്-സൈസ് സെഡാനായ വെര്‍ട്യൂസ് വിദേശ വിപണിയിലും സാന്നിദ്ധ്യമറിയിച്ചു. എകദേശം 3,000 ഇന്ത്യന്‍ നിര്‍മ്മിത വെര്‍ട്യൂസ് മെക്‌സിക്കോയിലേക്കാണ് കടല്‍ കടന്നത്. സ്‌കോഡ ഓട്ടോ ഫോക്‌സ്വാഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ സ്‌കോഡ, ഫോക്‌സ്വാഗന്‍, ഔഡി, പോര്‍ഷ, ലംബോര്‍ഗിനി ബ്രാന്‍ഡുകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എം.ക്യു.ബി-എ0-ഐ.എന്‍ പ്ളാറ്റ്ഫോമില്‍ സ്‌കോഡ ഫോക്‌സ്വാഗന്‍ ഗ്രൂപ്പ് ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടാമത്തെ മോഡലാണ് വെര്‍ട്യൂസ്. ഫോക്‌സ്വാഗന്‍ ടൈഗൂണ്‍ ആയിരുന്നു ആദ്യത്തേത്. 95 ശതമാനവും ഇന്ത്യന്‍ അസംസ്‌കൃതഘടകങ്ങള്‍ ഉപയോഗിച്ചാണ് വെര്‍ട്യൂസിന്റെ നിര്‍മ്മാണം.

കൃത്യം അമ്പതു വര്‍ഷം മുമ്പ് ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍’ എന്ന പേരില്‍ ഒരു കവിത എഴുതുമ്പോള്‍ അരനൂറ്റാണ്ടിനുശേഷം അതേപേരില്‍ അതിനു ഒരു പിന്‍ഗാമിയുണ്ടാകും എന്ന് സ്വപ്നം കണ്ടിരുന്നില്ല. അതിന്റെ സാമൂഹ്യ സാംഗത്യമുള്ള ഈ വിസ്താരം അവതരിപ്പിക്കാന്‍ താന്‍ ജീവിക്കും എന്ന ഉറപ്പും ഉണ്ടായിരുന്നില്ല. കെ ജയകുമാര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 95 രൂപ.

പി എച്ച് മൂല്യം കൂടുതലാണെന്നതിന്റെ പേരില്‍ അടുത്തിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കിയത്. ഇതിന് പിന്നാലെ ഇപ്പോള്‍ വിപണിയില്‍ നിന്നും ഉല്‍പ്പന്നം പിന്‍വലിക്കാനുള്ള നിര്‍ദേശവും കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന മരുന്നുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഈ നിര്‍ദേശം നല്‍കിയത്. വിപണിയില്‍ ലഭിക്കുന്ന പൗഡറുകളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തില്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ബേബി പൗഡറുകളിലും ഇവ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിലിക്കണ്‍, ഓക്സിജന്‍ എന്നിവയാണ് പൗഡറുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്. മുഖത്തെയും ശരീരത്തിലെയും ഈര്‍പ്പവും എണ്ണമയവും വലിച്ചെടുക്കുന്നതിനാണ് പലരും പൗഡര്‍ ഉപയോഗിക്കുന്നത്. ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, സ്ഥിരം പൗഡറിടുന്നത് ക്യാന്‍സര്‍ വരുന്നതിന് കാരണമാകുന്നു. ജനനേന്ദ്രിയത്തില്‍ പൗഡര്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ വരുന്നതിനും കാരണമാകുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ ഒരു യാത്രയിലായിരുന്നു. കുതിരപ്പുറത്താണ് അയാള്‍ യാത്ര ചെയ്തിരുന്നത്. ഒരു ഗ്രാമാതിര്‍ത്തിയിലെത്തിയപ്പോള്‍ അയാള്‍ കുതിരയെ അടുത്ത് കെട്ടിയിട്ടിട്ട് മരത്തണലില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ കുതിരയെ കാണാനില്ല. കുതിരയുടെ കാലടിപ്പാട് പിന്‍തുടര്‍ന്ന് അയാള്‍ അടുത്തഗ്രാമത്തിലെത്തി. തന്റെ കുതിരയെ ഈ ഗ്രാമത്തിലെ ആരോ മോഷ്ടിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ ഗ്രാമത്തിലെത്തി ഒരു കത്തി ഊരിപ്പിടിച്ച് ഉറക്കെ വിളിച്ചുപറഞ്ഞു: എന്റെ കുതിരയെ എടുത്തത് ആരാണെങ്കിലും അതിനെ തിരിച്ചുതരണം. ഇല്ലെങ്കില്‍ കഴിഞ്ഞ തവണ ചെയ്തതുപോലെ ഞാന്‍ ചെയ്യും. ആക്രോശം കേട്ടുവന്ന ആളുകളുടെ കൂട്ടത്തില്‍ മോഷ്ടാവും ഉണ്ടായിരുന്നു. ഭയന്നുപോയ അയാള്‍ കുതിരയെ തിരിച്ചുകൊടുത്തു. ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ കള്ളന്‍ ചോദിച്ചു: കഴിഞ്ഞ തവണ കുതിരയെ നഷ്ടപ്പെട്ടപ്പോള്‍ എന്താണ് ചെയ്തത്? അയാള്‍ പറഞ്ഞു: ഞാന്‍ പുതിയൊരു കുതിരയെ വാങ്ങി ചിലര്‍ നഷ്ടങ്ങളില്‍ തളരും, ചിലര്‍ തളിര്‍ക്കും. തളരുന്നവര്‍ തകരുന്നത് നഷ്ടത്തിന്റെ ആധിക്യത്തെ ഓര്‍ത്തായിരിക്കും. എന്നാല്‍ തളിര്‍ക്കുന്നവര്‍ ചിന്തിക്കുന്നത് ഈ താല്‍കാലിക വേദന എങ്ങിനെ മറികടക്കാം എന്നും തുല്യമൂല്യമുള്ളതോ, മികച്ചതോ ആയ മറ്റൊന്നിനെ എങ്ങിനെ സ്വന്തമാക്കാമെന്നും ആയിരിക്കും. കോട്ടങ്ങളല്ല ആളുകളെ തകര്‍ക്കുന്നത്. കോട്ടങ്ങളോട് പ്രതികരിക്കുന്ന രീതിയാണ്. എല്ലാം നഷ്ടമായാലും ആത്മധൈര്യം അവശേഷിക്കുന്നുണ്ടെങ്കില്‍ നഷ്ടപ്പെട്ടവയെ ഒന്നൊന്നായി നമുക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കുക തന്നെ ചെയ്യും. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *