ചതിയന്മാരുടെ പാര്‍ട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരന്‍ പരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരന്‍ തെളിയിക്കണമെന്നും എകെ ബാലന്‍ പറഞ്ഞു. കെ കരുണാകരനെ പറ്റി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പറഞ്ഞതെന്നും അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തിയിലാണെന്നും എകെ ബാലന്‍ പറഞ്ഞു.

തന്നെ സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പാലക്കാട്ടെ ബിജെപി  സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തി സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്നും പത്തുപേര് തികച്ച് ബിജെപി യ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ ‘പൊളിറ്റിക്കല്‍ ടൂറിസ്റ്റ്’ എന്ന് വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് സി.ആര്‍ കേശവന്‍. രാഹുല്‍ ഗാന്ധിയെപ്പോലെ തന്നെ പ്രിയങ്ക ഗാന്ധിയേയും വിശ്വസിക്കാന്‍ കഴിയില്ലെന്നും അവസരവാദ രാഷ്ട്രീയമാണ് പ്രിയങ്കയുടേതെന്നും സി.ആര്‍ കേശവന്‍ ആരോപിച്ചു.

വയനാട് മെഡിക്കല്‍ കോളേജിനുവേണ്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്നും രാത്രിയാത്രാ നിരോധനം നീക്കാനും മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും ഇടപെടുമെന്നും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്നും നിങ്ങള്‍ എന്നെ തിരഞ്ഞെടുത്താല്‍ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. സമസ്ത ജോയിന്റ് സെക്രട്ടറിയായ ഉമര്‍ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്നും തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

താമസിച്ചാല്‍ മാറ്റിവെച്ചു നടത്താന്‍ സര്‍ക്കാര്‍ ഓഫീസിലെ പരിപാടിയാണോ  വെടിക്കെട്ടെന്നും വെടിക്കെട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൂരം കലക്കലില്‍ മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കും എന്നത് കൊണ്ടാണെന്നും  മുന്നണിയിലെ ഘടക കക്ഷികളെ പോലും തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിന്റെ സമയക്രമം തെറ്റിക്കാന്‍ ശ്രമം നടത്തിയും വെട്ടിക്കെട്ട് മനപൂര്‍വ്വം വൈകിച്ചും തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂര്‍ പൂരം കലക്കിയതിനെതിരെ ഇപ്പോള്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെതന്നും അദ്ദേഹം ചോദിച്ചു
തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെങ്കില്‍ പിന്നെ എന്തിനാണ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായി വി.മുരളീധരന്‍. മറ്റ് മതവികാരങ്ങളുടെ പിന്തുണ നേടാന്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്നും ഇതിനേക്കാള്‍ ഭയങ്കരമായി ഭാവിയില്‍ പൂരം കലക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പുതിയ എഫ്.ഐ.ആറിലൂടെ ദേവസ്വം ഭാരവാഹികളുടെ പേരില്‍ കേസ് എടുക്കാനാണ് നീക്കമെങ്കില്‍ ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നാല്‍ ഉത്തരവാദി പിണറായി മാത്രമാകുമെന്നും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താന്‍ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലന്‍സിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സുരേഷ് ഗോപിയെ ആംബുലന്‍സ് എത്തിക്കുകയായിരുന്നവെന്നാണ് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ പറഞ്ഞത്. ഏതു മാര്‍ഗവും ഉപയോഗിച്ച് സുരേഷ് ഗോപിയെ അവിടെ എത്തിക്കണമെന്നുള്ളതായിരുന്നു തീരുമാനമെന്നും അനീഷ് കുമാര്‍ പറഞ്ഞിരുന്നു.
സിനിമാ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയെന്നും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഏറെക്കാലമായി കോളേജില്‍ എത്തുന്നില്ലെന്നും കൃത്യമായ കാരണം അറിയിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും എറണാകുളം മഹാരാജാസ് കോളേജ് അധികൃതര്‍. എന്നാല്‍ എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് പഠനം അവസാനിപ്പിക്കുകയണെന്ന് ആര്‍ഷോ മഹാരാജാസ് കോളേജിനെ അറിയിച്ചു. ആദ്യ ആറു സെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ണമായി ജയിക്കാത്തതിനാല്‍ എക്‌സിറ്റ് ഓപ്ഷന്‍ നല്‍കുന്നതില്‍ കോളേജ് അധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടി.
സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍  ശ്രമിക്കുകയായിരുന്നതിനിടെ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വന്ന 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുഖ്യമന്ത്രി കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

ദീപാവലി ആഘോഷങ്ങളില്‍ നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹരിത പടക്കങ്ങള്‍ മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

തലശ്ശേരിയില്‍ 2011 ല്‍ സിപിഎം പ്രവര്‍ത്തകന്‍ അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രനു ബാബു, നിധീഷ്, ഷിജില്‍, ഉജേഷ് എന്നിവരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അഷ്‌റഫിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊച്ചി ചിറ്റൂരില്‍ തൊടുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ലാര്‍ ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു. ബസ്സിന്റെ അടിയില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ അപകടത്തില്‍ മരണം മൂന്നായി. ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖ, ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ വരച്ചു നല്‍കുന്ന ജോലി ചെയ്യുന്ന ഷീജ ഒരു കെട്ടിടത്തിന് വരച്ച് കൊടുത്ത പ്ലാനുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ കളക്ടേറ്റില്‍ എത്തിയ ഷീജ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആശങ്ക പരത്തിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ആറുമാസത്തിനിടെ 85 ലക്ഷത്തോളം തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയെന്ന് സിപിഎം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 84.8 ലക്ഷം തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചുള്ള ഗവേഷക കൂട്ടായ്മയായ ‘ലിബ്ടെക്’പഠനം ഉയര്‍ത്തിയാണ് സിപിഎം വിമര്‍ശനം. തമിഴ്നാട്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് കൂടുതല്‍ ഒഴിവാക്കപ്പെട്ടത്.
തമിഴക വെട്രി കഴകം അധ്യക്ഷന്‍ നടന്‍ വിജയ്ക്കെതിരേ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയും പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും. വിജയ് പ്രഖ്യാപിച്ച തമിഴക വെട്രി കഴകത്തിന്റെ  പ്രത്യയശാസ്ത്രം, തങ്ങളുടേത് കോപ്പിയടിച്ചതാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ആരോപിച്ചു. തമിഴ്നാട്ടിലെ എല്ലാ പാര്‍ട്ടികളില്‍നിന്നും എടുത്ത കോക്ടെയില്‍ പ്രത്യയശാസ്ത്രമാണ് ടി.വി.കെയുടേതെന്നും പഴയ വൈന്‍ പുതിയ കുപ്പിയില്‍ ആക്കിയിരിക്കുന്നതാണെന്നും എ.ഐ.എ.ഡി.എം.കെ. വക്താവ് കോവൈ സത്യനും വിമര്‍ശിച്ചു.

വിമാനങ്ങള്‍ക്കുണ്ടായ ബോംബ് ഭീഷണിയുടെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്.

ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 328 ആയി. വായുമലിനീകരണതോത് ഗുരുതരാവസ്ഥയിലേക്ക് മാറിയ സാഹചര്യത്തില്‍ മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് പടക്ക നിരോധനമേര്‍പ്പെടുത്തിയ ദില്ലി സര്‍ക്കാര്‍ ഹിന്ദു വിരോധികളാണെന്ന് ബിജെപി വിമര്‍ശിച്ചു.

ജമ്മു കശ്മീരിലെ അഖ്നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ജനന നിരക്ക് ഗണ്യമായി കുറഞ്ഞ ചൈനയില്‍ ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാലാണ് രാജ്യത്ത് വ്യാപകമായി കിന്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *