ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യന്‍ വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു മാസത്തിനിടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ 2020 മാര്‍ച്ചില്‍ 65,000 കോടിയുടെ വില്‍പനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയതെങ്കില്‍ 2024 ഒക്ടോബര്‍ അവസാനിക്കാന്‍ ദിവസം ബാക്കിനില്‍ക്കെ 1,00,242.17 കോടിയുടെ വില്‍പനയാണ് അവര്‍ നടത്തിയത്. തുടര്‍ച്ചയായ ഈ വില്‍പന വിപണിയുടെ കുതിപ്പിന് തടയിട്ടിരിക്കുകയാണ്. വലിയൊരു വിഭാഗം നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ നഷ്ടത്തിലായി. 97,000 കോടിയിലേറെ രൂപയുടെ വാങ്ങലാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഈ മാസം നടത്തിയത്. രണ്ടുലക്ഷം കോടിയോളം നീക്കിയിരിപ്പുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ പണമൊഴുക്കിയില്ലായിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ചുവരുന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നല്ലൊരു കുതിപ്പിന് സാധ്യതയുണ്ട്.