കൂറുമാറ്റത്തിനായി എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം.
മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തോമസ് കെ തോമസ്. എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെ.ന്നും , രണ്ടു എംഎല്‍എമാരുടേയും ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ ഫോണും ഒപ്പം ആന്‍റണി രാജുവിന്‍റെ ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും ആത്മവിശ്വാസമുണ്ടെങ്കിൽ ആന്‍റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു.
തൃശൂർ പൂരം പിടിച്ചെടുക്കാൻ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ടെന്ന് വി മുരളീധരൻ. എസ്പി നടത്തിയ നിയന്ത്രണങ്ങൾ പൂരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്നും എസ്പി ആരുടെ നിർദേശപ്രകാരമാണ് ഇതൊക്കെ നടത്തിയത് എന്നൊന്നും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം എഴുതി നൽകുന്നവർ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചത് സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പൂരം കലക്കൽ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണെന്നും ബി.ജെ.പിയുമായുള്ള ധാരണ ഉറപ്പിക്കലാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പൂരം കലങ്ങിയെന്നാണെന്ന് കെ മുരളീധരന്‍. നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു .പൂരം വെടിക്കെട്ടിന്‍റെ ആസ്വാദ്യത നഷ്ടപ്പെടുത്തിയെന്നും പൂരം നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം , എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നതെന്നും മുരളീധരൻ ചോദിച്ചു .കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പൂരം വീണ്ടും ചർച്ചയാക്കി എന്തോ ഡീലിനാണ് ശ്രമ്ക്കുന്നതെന്നും മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശ്ശൂർ പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം. തൃശ്ശൂർ പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതായിരിക്കാമെന്നും പൂരവുമായി ബന്ധപ്പെട്ട് പൊതുവായി എടുത്ത തീരുമാനത്തിൽ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട് പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. എന്നാൽ എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് പാറമേക്കാവ് സെക്രട്ടറി ചോദിച്ചു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾക്ക് പിന്നീട് എന്ത് പ്രസക്തിയെന്ന് കോൺഗ്രസ് നേതാക്കൾ. കത്ത് പുറത്ത് വന്നതിൽ പാട്ടിക്കുള്ളിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകൾ ആകർഷിക്കാനും കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരിൽ കെപിസിസിക്ക് അയച്ച കത്തിൽ പറയുന്നത്. എന്നാൽ കത്ത് വിവാദം മൈൻഡ് ചെയ്യാതെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സ്ഥാനാർത്ഥിക്ക് കിട്ടിയ നിർദ്ദേശമെന്നാണ് സൂചന.
കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു എന്നാണ് ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട് അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമർ ഫൈസി മുക്കം അറിയിച്ചു.
എഡിഎം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പി.പി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നുംആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ അജണ്ഡകള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് അനുമതി നല്‍കിയില്ല.
തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടാണ് പ്രതികൾ കോടതി വിധി കേട്ടത്.
സ്നേഹിച്ച് കൊണ്ടുവന്ന കുറ്റത്തിനല്ലേ തന്റെ മകനോടീ ക്രൂരത ചെയ്തതെന്ന് തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ ഇരയായ അനീഷിന്റെ അമ്മ. പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തമെങ്കിലുമാണെന്നും അവർ ചെയ്ത ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നും ആയിരുന്നു അനീഷിന്റെ അച്ഛന്റെ പ്രതികരണം. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായും അനീഷിന്റെ ഭാര്യ ഹരിത യും പറഞ്ഞു. അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 6 പവനോളം സ്വർണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യനാണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. ശേഷം കേരളത്തിൽ പാലക്കാടും, തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ഇയാൾ ഒളിവിലായിരുന്നു.
കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കത്തിൽ ഒരു വിദ്യാ൪ത്ഥിക്ക് കുത്തേറ്റിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. നാലു ദിവസം മുൻപുനടന്ന തൃത്താല ഉപജില്ല കലോത്സവത്തിൽ കുമരനല്ലൂർ, മേഴത്തൂർ സ്കൂളുകളിലെ പ്ലസ് ടു വിദ്യാ൪ത്ഥികൾ തമ്മിൽ കലോത്സവത്തിനിടെയാണ് ആദ്യം സംഘ൪ഷമുണ്ടായത്.
ചെറായിയില്‍ സ്‌കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. ഞാറയ്ക്കല്‍ ഗവ.ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കൊടൈക്കനാല്‍ പോകുംവഴി ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ 3 പ്രതികൾ പിടിയിൽ. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അൻസാരി, നൂർ എന്നിവരാണ് പിടിയിലാണ്. 4 പേർ കൂടി കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. യുവാക്കൾ തമ്മിലുള്ള തർക്കം കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
വാഹനം ഇടിച്ചിട്ട ശേഷം പരിക്കുപറ്റിയാളെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളഞ്ഞ കേസിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരാണ് പിടിയിലായത്. സെപ്തംബർ 11 ന് വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണ് ഇവരുടെ വാഹനം ഇടിച്ചത്. സെപ്റ്റംബർ 7ാം തിയതിയാണ് സുരേഷിന് അപകടം സംഭവിച്ചത്. പിന്നീട് ദിവസങ്ങൾക്കു ശേഷം സുരേഷിനെ റോഡരികിലെ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം.
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിന് നേരെയാണ് ആക്രമണം നടന്നത്. 15 റൌണ്ട് ഭീകരർ വെടിവെച്ചെന്നാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരിൽ ജോഗ്‌വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാൽ ജാതി സെൻസസ് ഉണ്ടാകില്ല. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് 2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും. 70 വയസിനു മുകളിലുള്ള എല്ലാവർക്കും പൗരന്മാർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നൽകുകയാണ് ഉതിനു പിന്നിലുള്ള ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ആന്ധ്രാ പ്രദേശിൽ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി ലഭിച്ചു. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിയെ പ്രകീർത്തിച്ച് ബിജെപി സഖ്യകക്ഷികൾ. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കം എന്നാണ് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്. സഖ്യകക്ഷികൾക്കും അധികാരം നൽകുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദർരാജനും പ്രതികരിച്ചു.
ഒരാളെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി മർദ്ദിച്ച പാർലമെന്റ് അംഗത്തെ സസ്പെൻഡ് ചെയ്ത് ലേബർ പാർട്ടി. ബ്രിട്ടനിലെ റൺകോൺ ആൻഡ് ഹെൽസ്ബി മണ്ഡലത്തിൽ നിന്നുള്ള എംപിയായ മൈക്കൽ ലീ അമേസ്ബറിക്കെതിരെയാണ് ലേബർ പാർട്ടി നടപടി സ്വീകരിച്ചത്. എംപി ഒരാളോട് തർക്കിക്കുന്നതും പിന്നാലെ മുഖത്തിടിച്ച് റോഡിലേക്ക് ഇടുന്നതും നിലത്ത് വീണ ആളെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോടൊപ്പം ടാറ്റാ എയര്‍ ക്രാഫ്റ്റ് കോംപ്ലെക്സില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം കോംപ്ലെക്സ് ഉദ്ഘാടനം നടത്താനെത്തിയപ്പോഴാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഭക്ഷണം, സിനിമ, ഫുട്ബോള്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെയും സ്പെയിനിലെയും ജനങ്ങള്‍ തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ ഭാഗമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കോംപ്ലക്സ്.