വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് പ്രത്യേക സഹായം വേണമെന്നും, പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍. എന്നാൽ ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രം വിശദീകരിച്ചു. സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. സരിന്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് സൂചന. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്ന് എ.കെ ബാലൻ അറിയിച്ചു, ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടൻ മുഹമ്മദ് എൽഡിഎഫിലേക്ക് വന്നത്. അന്ന് മുല്ലപ്പളളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യുമെന്നും എ കെ ബാലൻ അറിയിച്ചു.
പി സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം വ്യക്തമാക്കി. സരിന്‍റെ കാര്യത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് പിന്നീട് പറയാമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ എം ഹരിദാസ് പറഞ്ഞു. സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഏറ്റവും വലിയ അപചയമാണ്. കോൺഗ്രസിൽ നടക്കുന്നത് എന്താണെന്ന് സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നും അദ്ദേഹം വിശദീകരിച്ചു.
വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മയെന്ന് ബിനോയ് വിശ്വം. വയനാട്ടിലെ തീരുമാനം കോൺഗ്രസിന്‍റെ രാഷ്ട്രീയ വിവേകത്തിന്‍റെ പ്രശ്നമാണെന്നും. ഇന്ത്യ സഖ്യത്തിലുള്ള ഒരു മുന്നണി മത്സരിക്കുമ്പോൾ അവിടെ സ്വന്തം ചിഹ്നത്തിൽ മത്സരിക്കണമെന്നുള്ള തീരുമാനം എന്തുകൊണ്ടാണ് കോൺഗ്രസ് എടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറമ്പിൽ. പാലക്കാട് തിരിച്ച് വരാൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സരിൻ്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു. സരിൻ്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പി സരിനെതിരെ ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അംഗമായിരുന്ന വീണ എസ് നായർ. ഡിഎംസി കൺവീനർ എന്ന നിലയിലുള്ള സരിന്‍റെ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജനുവരിയിൽ താനും സഹപ്രവർത്തകരും പരാതി നൽകിയിരുന്നുവെന്നും അതിന്‍റെ പേരിൽ സൈബർ വിചാരണ നേരിടേണ്ടി വന്നുവെന്നും വീണ പറയുന്നു. ഡിജിറ്റൽ മീഡിയ കൺവീനർ എന്ന നിലയിൽ വെറും 25 പേരടങ്ങുന്ന സംഘത്തെ ഒരുമിച്ച് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നതിന് പകരം അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും വീണ വിശദീകരിച്ചു. കെപിസിസിക്കു കൊടുത്ത പരാതി ചാനലിന് ചോർന്നു. മനസാ വാചാ അറിയാത്ത ഈ സംഭവത്തിന്റെ പേരിൽ ടാർഗറ്റ് ചെയ്തു സൈബർ ആക്രമണം നടത്തി എന്നാണ് വീണ പറയുന്നത്.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ അപമാനിക്കാനുള്ള അവസരം ഒരുക്കിയത് കണ്ണൂർ ജില്ലാ കളക്ടറാണെന്ന് ആരോപണം. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കണ്ണൂർ കളക്ടറാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ ആരോപിച്ചു. കണ്ണൂര്‍ കളക്ടര്‍ക്കെതിരായ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും വ്യക്തമാക്കി.
കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎമ്മിന് പിന്നാലെ ജില്ലാ കളക്ടർക്കെതിരെ ആരോപണവുമായി ബിജെപിയും. കളക്ടറാണ് ഒന്നാം പ്രതിയെന്ന് ബിജെപി ജില്ലാ നേതാവ് എൻ ഹരിദാസ് ആരോപിച്ചു. കള്ളന് കഞ്ഞിവെച്ചയാളാണ് കളക്ടറെന്നും. വീഡിയോ ദൃശ്യങ്ങളിലെ മുഖഭാവം തന്നെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. കളക്ടറാണ് നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നാം പ്രതി. പി പി ദിവ്യ രണ്ടാം പ്രതിയാണ്. കളക്ടറുടെ ഫോൺ കോൾ പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിപ്രായപ്പെട്ടു. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശന്‍ ആരോപിച്ചു.
എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുൺ കെ വിജയൻ്റെ നീക്കം.
എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
കണ്ണൂർ എഡിഎംആയിരുന്ന നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടർ റിപ്പോര്‍ട്ട് നല്കി . സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു. ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. തുടർന്ന് സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഇതോടെ ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
യാത്രക്കാരിയിൽ നിന്ന് അമിതമായി 145 രൂപ പിഴ ഈടാക്കിയതിന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തുനിന്ന് കയറിയ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതയുടെ പക്കൽ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ ടിക്കറ്റാണുണ്ടായിരുന്നത്. വാണിയമ്പലത്തുനിന്ന് പരിശോധന നടത്തിയപ്പോൾ മതിയായ ടിക്കറ്റില്ലാത്തതിനാൽ പിഴ ഈടാക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് യാത്രക്കാരിക്ക് അനുകൂലമായ കമ്മീഷൻ ഉത്തരവ്.
കണിയാപുരം ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി. ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാര്‍ത്ഥികളുടെ കാല്‍പാദം പൊള്ളിയാണ് തൊലി അടര്‍ന്ന് നീങ്ങിയത്. കാലിലെ തൊലി അടര്‍ന്നുമാറിയ മൂന്നു കുട്ടികള്‍ക്ക് ആറ്റിങ്ങൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലായിരുന്നു ഉപജില്ലാ മത്സരങ്ങള്‍ നടന്നത്.
പെരിന്തൽമണ്ണയിൽ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന വയോധികന്‍റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.പെരിന്തൽമണ്ണ പൂപ്പലം ടാറ്റ നഗർ സ്വദേശി രാമചന്ദ്രന്‍റെ പരാതിയിലാണ് നടപടി.മൂന്ന് മാസത്തേക്കാണ് സൽമാനുൾ എന്ന ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ ചെറു തടിക്ഷണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം.
കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും ഉൾപ്പടെ 39 ഫോണുകളാണ് കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ അലൻ വാക്കർ ഷോയ്ക്കിടെ നഷ്ടപ്പെട്ടത്.
ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിലായി. ആലുവ ചുണങ്ങംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.
ചാലക്കുടി മേൽപ്പാലത്തിൻ്റെ കൈവരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂർ കരുവാൻകുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ ആണ് മരിച്ചത്. നെടുമ്പാശ്ശേരി എയർപോർറ്റിലെ ജീവനക്കാരനാണ് മരിച്ച ആൽബിൻ. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നീതി ദേവതയായി ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഉണ്ടായിരുന്നത് ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളും പിടിച്ച്, കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി നില്‍ക്കുന്ന ഒരു സ്ത്രീ പ്രതിമയായിരുന്നു. എന്നാല്‍, ആ കോളോണിയല്‍ പ്രതിമയെ മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ ജഡ്‌ജിമാരുടെ ലൈബ്രറിയിലാണ് പുതുതായി പ്രതിഷ്ഠിച്ച നീതിദേവതയുടെ പ്രതിമയുള്ളത്. പുതിയ നീതിദേവതയുടെ കണ്ണ് കറുത്ത തുണിയാല്‍ കെട്ടിമറയ്ക്കപ്പെട്ടിട്ടില്ല. വലം കൈയിലെ വാളിന് പകരം ഇന്ത്യന്‍ ഭരണഘടനയുമാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ബ്രീട്ടീഷ് ഭരണക്കാലത്തെ രൂപങ്ങളിൽ നിന്നുള്ള മാറ്റമാണ് പുതിയ പ്രതിമയിലൂടെ സൂചിപ്പിക്കുന്നത്.
പി വി അൻവര്‍ എംഎല്‍എയെ പൂർണമായി തള്ളി ഡിഎംകെ. അൻവറുമായി യാതൊരു ബന്ധവും ഇല്ലെന്നും പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിച്ചാൽ പരാതി നൽകുമെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആർ എസ് ഭാരതി വ്യക്തമാക്കി. സ്റ്റാലിനുമായി അടുപ്പം ഉണ്ടെന്നത് അൻവറിന്‍റെ അവകാശവാദം മാത്രമാണ്. സ്റ്റാലിനെ എല്ലാവർക്കും അറിയാം, എന്നാൽ സ്റ്റാലിൻ എല്ലാവരെയും അറിയണം എന്നില്ലെന്നും ഭാരതി പരിഹസിച്ചു.
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തത്തെ തുടർന്ന് ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സൗദിയില്‍ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി. ഈ വർഷം ഏപ്രില്‍ 18-ന് മുമ്പ് ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടയ്ക്കാൻ അനുവദിച്ച കാലാവധി ഈ മാസം 17 ന് അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രില്‍ 18 വരെ ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത്.
സദ്‍ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്.വനിത അന്തേവാസികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരെ നടത്താൻ നിർദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി.
സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ നടന് ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ശത്രുത തീർക്കാൻ പണം നൽകണമെന്നാണ് സന്ദേശം.
മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി. വികാസ് യാദവ് എന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥനെ കൈമാറണമെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു.
യുദ്ധമുഖത്ത് നിന്ന് അഭയം തേടിയെത്തിയ ആറ് റഷ്യൻ സൈനികർക്ക് താൽക്കാലിക വിസ നൽകി ഫ്രാൻസ്. യുക്രൈനുമായുള്ള യുദ്ധമുഖത്ത് നിന്നാണ് ഈ സൈനികർ പലായനം ചെയ്തത്. ഇത്തരത്തിൽ യൂറോപ്പിലെ ആദ്യ സംഭവമാണ് ഇത്. രാഷ്ട്രീയ അഭയം തേടി പലപ്പോഴായാണ് ആറ് സൈനികർ ഫ്രാൻസിലെത്തിയത്. ഗോ ബൈ ദി ഫോറസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയായിരുന്നു യുദ്ധമുഖത്ത് നിന്നുള്ള ഈ രക്ഷപ്പെടൽ എന്നാണ് വിവരം.
ക്യൂബൻ പ്രസിഡന്‍റ് മിഗ്വേൽ ഡിയാസ് കാനലിന്‍റെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനമായ ഹവാനയിൽ പലസ്തീൻ അനുകൂല റാലി. പ്രസിഡന്‍റാണ് റാലിയെ മുന്നിൽ നിന്ന് നയിച്ചത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്‍റെ ഒന്നാം വാർഷികമായ ഒക്ടോബർ 7 ന് മാർച്ച് നടത്താനാണ് തീരുമാനിച്ചതെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു.